Connect with us

Kerala

നിയന്ത്രണം ശക്തമാക്കും; ഡി കാറ്റഗറിയിൽ അവശ്യ സേവനങ്ങൾ മാത്രം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ കാറ്റഗറികളില്‍ നിയന്ത്രണം ശക്തമാക്കും. കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിവയില്‍ 50 ശതമാനംവരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനം.

കാറ്റഗറി ഡിയില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. എ, ബി, പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50 ശതമാനം പേരും സി യില്‍ ബാക്കിവരുന്ന 75 ശതമാനം പേരും, എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടാവണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡി വിഭാഗത്തില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക എന്നതിനാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകള്‍ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും.

ജില്ലകളില്‍ പൊതുവെ കാര്യങ്ങള്‍ ഫലപ്രദമായി നീങ്ങുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ടക്ട് ട്രെയ്‌സിംഗ്,ടെസ്റ്റിംഗ് എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷനും ഒന്നിച്ചു നീക്കാനാവണം. ഫലപ്രദമായി വക്‌സിനേഷന്‍ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് ദേശീയതലത്തില്‍ നേരത്തെ വിലയിരുത്തപ്പെട്ടതാണ്. സീറോ വേയ്‌സ്റ്റേജ്, കൂടുതല്‍ ഡോസ് വാക്‌സിനേഷന്‍ എന്നീ കാര്യങ്ങളിലൊക്കെ നാം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.