Connect with us

Gulf

ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന് കുവൈത്തില്‍ അംഗീകാരം

Published

|

Last Updated

കുവൈറ്റ് സിറ്റി |  ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്‌സിന് കുവൈത്ത് സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചതായി എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൊവിഷീല്‍ഡ് (ഓക്‌സ്‌ഫോര്‍ഡ് / അസ്ട്രാസെനെക്ക) വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സാധുവായ റെസിഡന്‍സി പെര്‍മിറ്റ്, തൊഴില്‍ കരാര്‍ ഉണ്ടെങ്കില്‍ കുവൈത്തിലേക്ക് തിരിച്ചുവരാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എംബസി ആവര്‍ത്തിച്ചു.
എന്നാല്‍, കുവൈത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുവൈത്തുമായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചതിനുശേഷം മാത്രമേ വിമാന ടിക്കറ്റ് എടുക്കാന്‍ എംബസി ശിപാര്‍ശ ചെയ്യുന്നുള്ളൂ എന്നും അറിയിപ്പ് വ്യക്തമാക്കി.

അതേപോലെ കുവൈത്ത് ഇമ്മ്യൂണ്‍ ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് റെജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണു ലഭിക്കുന്നത്. പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ചവരാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതെന്നും അന്തിമ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ മാത്രമേ കുവൈത്ത് ഇമ്മ്യൂണ്‍ ആപ്പില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുള്ളൂ. ഇതിനകം ആദ്യ ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്‍ ഇവ മോഡിഫൈ ചെയ്ത് ഫൈനല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്.

രണ്ടു സര്‍ട്ടിഫിക്കറ്റുകളും 500 കെ ബി യില്‍ കവിയാത്ത ഒറ്റ പി ഡി എഫ് ഫയലില്‍ അപ്ലോഡ് ചെയ്യാവുന്നതാണെന്നും എംബസി വ്യക്തമാക്കി. നിലവില്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള ഭേദഗതി വരുത്തുന്നതിനു സൗകര്യം ലഭ്യമാണ്. ഈ മാസം 28ന് ചേരുന്ന പ്രത്യേക ഓപ്പണ്‍ ഹൗസ് പരിപാടിയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും എംബസി അറിയിച്ചു.

Latest