Kerala
രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറുവരി പാതക്ക് കേന്ദ്രത്തിന്റെ ഉറപ്പ്

കോഴിക്കോട് | അനിശ്ചിതത്വത്തിലായിരുന്ന കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറു വരി പാതയാക്കലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. പാതയുടെ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം പത്തിന് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വ്യാഴാഴ്ച പാര്‍ലിമെന്റികാര്യ മന്ത്രി ഗഡ്കരിയുടെ ഓഫീസില്‍ നടന്ന പ്രത്യേക അവലോകന യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതെന്നു എം കെ രാഘവന്‍ എം പി അറിയിച്ചു. ദേശീയ പാത അതോറ്റി മെമ്പര്‍ പ്രൊജക്ട്‌സ് ആര്‍ കെ പാണ്ഡെ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകേണ്ട പദ്ധതി മൂന്ന് വര്‍ഷമായും തുടങ്ങാതെ, ജനങ്ങളെ ദുരിതത്തിലാക്കിയ കാര്യം എം പി യോഗത്തില്‍ വിശദീകരിച്ചതോടെ പദ്ധതിക്ക് കരാര്‍ എടുത്ത ഹൈദരബാദ് ആസ്ഥാനമായ കെ എം സി കമ്പനി എം ഡി വിക്രം റെഡ്ഡിയെ ഗഡ്കരി ഫോണില്‍ നേരിട്ട് വിളിച്ച് അന്ത്യശാസനം നല്‍കുകയായിരുന്നു.
അടുത്ത മാസം 10ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന മന്ത്രിയുടെ നിര്‍ദേശം കമ്പനി അംഗീകരിച്ചു.
സുദീര്‍ഘമായ അനിശ്ചിതത്വത്തിലും കമ്പനികള്‍ മാറി വരുന്നതിലും എം പി ആശങ്ക അറിയിച്ചപ്പോള്‍ മന്ത്രി തന്നെ നേരിട്ട് മേല്‍നോട്ടം വഹിക്കാമെന്നാണ് അറിയിച്ചത്. ആഗസ്റ്റില്‍ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് എം പി അറിയിച്ചു.