Connect with us

National

ഹൈദരാബാദ് ഉള്‍പ്പെടെ ഒമ്പത് നഗരങ്ങള്‍ വഴി ലഹരി കടത്ത്; താലിബാന് പങ്കുള്ളതായി ഇന്റലിജന്‍സ്

Published

|

Last Updated

ഹൈദരാബാദ് | യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഹൈദരാബാദ് ഉള്‍പ്പെടെ ഒമ്പത് നഗരങ്ങള്‍ വഴി ലഹരി വസ്തുക്കള്‍ കടത്തിയതില്‍ താലിബാന് പങ്കുള്ളതായി കണ്ടെത്തല്‍. റവന്യൂ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വിമാനത്താവളങ്ങളില്‍ നിന്ന് നിരന്തരം പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ ഹൈദരാബാദില്‍ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ നിന്നും കയറ്റിയയക്കുന്ന ഹെറോയിന്‍ ആസ്‌ത്രേലിയയയിലേക്കും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കും മൊസാംബിക്, ജോഹന്നാസ്ബര്‍ഗ്, ദോഹ, ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങള്‍ വഴി അയയ്ക്കുന്നുണ്ടെന്നാണ് സൂചന. താലിബാന്‍ നിയന്ത്രിത അഫ്ഗാനില്‍ ലഭിക്കുന്ന ലഹരി കൂടിയ ഇനം ഹെറോയിനാണ് ഇങ്ങനെ കയറ്റിയയ്ക്കുന്നത്. ജോഹന്നാസ്ബര്‍ഗില്‍ പിടിക്കപ്പെടാതിരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് പകരം മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വാഹകരായി തിരഞ്ഞെടുക്കുന്നത്. ലഹരി വസ്തുക്കള്‍ നല്‍കുന്നത് താലിബാന്‍ ആണെങ്കിലും കടത്തലിന് നേതൃത്വം നല്‍കുന്നത് ആഫ്രിക്കന്‍ സംഘങ്ങളാണെന്നും റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോള്‍ പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാവാമെന്നും അവര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ 19 ന് 3.2 കിലോ ഹെറോയിനുമായി ഒരാള്‍ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റിലായിരുന്നു. ജൂലൈ 21 ന് മൂന്ന് കിലോയോളം ഹെറോയിന്‍ സഹിതം മറ്റൊരാളെയും പിടികൂടിയിരുന്നു.

Latest