Connect with us

International

ചോർത്തൽ വിവാദങ്ങളിൽ വിശദീകരണവുമായി പെഗാസസ്; അന്വേഷണം നടത്തും

Published

|

Last Updated

ടെല്‍ അവീവ് | മനുഷ്യാവകാശങ്ങളുടെ ലംഘനമുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പെഗാസസ് സ്‌പൈവെയര്‍ നിര്‍മാതാക്കളായ എന്‍ എസ് ഒ ഗ്രൂപ്പ് സഹസ്ഥാപകന്‍. അന്തര്‍ദേശീയ മാധ്യമങ്ങളുടെ കണ്‍സോര്‍ഷ്യം ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നതിനിടെയാണ് പെഗാസസിന്റെ വിശദീകരണം. ഇസ്‌റാഈലിലെ ടെല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍ എസ് ഒ ഗ്രൂപ്പ്. മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എന്‍ എസ് ഒ ഗ്രൂപ്പ് സഹസ്ഥാപകന്‍ ഷാലവ് ഹൂലിയോ അവകാശപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തപ്പെട്ടു എന്ന വിവരം അലോസരപ്പെടുത്തുന്നതാണെന്നും അദ്ദേഹം വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. പുറത്തുവന്ന ആരോപണങ്ങളെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. ഇങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അത് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള വിശ്വാസത്തിന്റെ ലംഘനമാണെന്നും എല്ലാ ആരോപണങ്ങളും തങ്ങള്‍ അന്വേഷിക്കുമെന്നും നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2016 ല്‍ ഉണ്ടായ ചോര്‍ച്ചാ ആരോപണങ്ങളെത്തുടര്‍ന്ന് അഞ്ച് ഉപയോക്താക്കളുമായി കരാര്‍ അവസാനിപ്പിച്ചെന്നും, നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ ഫോണ്‍ ചോര്‍ത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒരു കരാര്‍ അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടേയും ആക്ടിവിസ്റ്റുകളുടേയും ഫോണ്‍ ചോര്‍ത്താന്‍ തങ്ങളുടെ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചത് കമ്പനി ഗൗരവമായി കാണുന്നെന്നും ഹൂലിയോ പറഞ്ഞു. ആഗോളതലത്തില്‍ 180 മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പ്രൊജക്റ്റ് പെഗാസസ് എന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ 40ലധികം മാധ്യമപ്രവര്‍ത്തകരുടെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും ജഡ്ജിമാരുടെയും ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയിട്ടുണ്ട്.