Connect with us

Kozhikode

ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാനുപാതമായി വിതരണം ചെയ്യാനുള്ള തീരുമാനം: സച്ചാർ-പാലോളി റിപ്പോർട്ടുകളുടെ അന്തസത്തയെ അട്ടിമറിക്കുന്നത് - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് | ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍, പാലോളി കമ്മറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള അന്യായവുമാണെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വിശദീകരിക്കാം. പക്ഷെ കോടതികളില്‍ നിന്ന് തെറ്റായ വിധികളുണ്ടാകുമ്പോള്‍ അതിനെതിരെ അപ്പീല്‍ പോകുകയോ, നിയമ നിര്‍മാണം നടത്തുകയോ ചെയ്ത് നീതി നടപ്പിലാക്കുകയാണ് ഉത്തരവാദിത്തബോധമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന് പകരം നിസ്സഹായത അഭിനയിച്ച് ഒരു സമുദായത്തെ വഞ്ചിക്കുന്ന തീരുമാനമെടുത്തത് നീതീകരിക്കാനാകില്ല.

നൂറു ശതമാനം വിഹിതത്തിന് അവകാശമുണ്ടായിട്ടും നിലവില്‍ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനമാണ് മുസ്ലിം സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നത്. പുതിയ ക്രമീകരണത്തിലൂടെ അത് 59.05 ശതമാനമായി വീണ്ടും കുറയുകയാണ് ചെയ്യുന്നത്. 20 ശതമാനം ലഭിച്ചിരുന്നവരുടെ വിഹിതം 40.87 ശതമാനമായി വര്‍ധിക്കുകയും ചെയ്യുന്നു. മാത്രമല്ല മുന്നോക്ക ക്ഷേമ സ്‌കോളര്‍ഷിപ്പിനും, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനും മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരേ സമയം അര്‍ഹരാകുമെന്നത് വലിയ അസമത്വമാണ്. ഭീകരമായ ഈ വിവേചനം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്നതില്‍ നിന്നും ഒന്നും കുറയില്ലെന്നും അതിനായി അധിക തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണം മുട്ടുശാന്തി പരിഹാരം മാത്രമാണ്. ശാശ്വതമായ, ശരിയായ പരിഹാരമാണാവശ്യം. നീതിയും, ന്യായവുമാണ് ലക്ഷ്യമെങ്കില്‍ മുഴുവന്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു.

സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തലുകള്‍ നടപ്പിലാക്കാന്‍ പാലോളി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവെന്നതിന്റെ മഹത്വമെല്ലാം ഒറ്റ തീരുമാനത്തോടെ ഇടതുപക്ഷ സര്‍ക്കാര്‍ കളഞ്ഞുകുളിച്ചിരിക്കുന്നു. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതി, ഫലത്തില്‍ ന്യൂനപക്ഷ പദ്ധതിയായി മാറുന്ന സാഹചര്യം കൂടി സൃഷ്ടിക്കുകയാണ് ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടേണ്ട സംവരണം ഉള്‍പ്പടെയുളള ആനുകൂല്യങ്ങള്‍ ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ഉള്ള ആനുകൂല്യങ്ങള്‍ വെട്ടിചുരുക്കുന്നത് വഞ്ചനയാണ്.

പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അന്ത:സത്തയെ ചോര്‍ത്തികളയുന്ന നടപടികളില്‍ നിന്ന് പിന്തിരിഞ്ഞ് മുസ്ലിം സമുദായത്തിന്റെ അവകാശങ്ങളെ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

Latest