Connect with us

Kerala

എസ് സി-എസ് ടി ഫണ്ട് തട്ടിപ്പ്; മന്ത്രി രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | പട്ടികജാതി-പട്ടിക വര്‍ഗ വികസന ഫണ്ടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്റെ പണപ്പിരിവ് തട്ടിപ്പ് ചോദ്യം ചെയ്തതിന് മന്ത്രി കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഇടനിലക്കാരനായ തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്ത് ആണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഓഫീസിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയതായി മന്ത്രി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പല തവണ ഇയാള്‍ ഓഫീസിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയതായി മന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.

എസ് സി-എസ് ടി വിഭാഗങ്ങള്‍ക്കുള്ള ധനസഹായം ആവശ്യമുള്ള ഗുണഭോക്താക്കളെ കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷന്‍ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് അജിതെന്നാണ് അറിയുന്നത്. ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. പാവപ്പെട്ടവര്‍ക്കുള്ള ധനസഹായത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭീഷണികള്‍ക്കൊന്നും വഴങ്ങില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അജിതിന്റെ അറസ്റ്റ്.

അതേസമയം, പണമിടപാട് കേസിലെ മുഖ്യപ്രതി രാഹുലിനെ ഡല്‍ഹിയിലെത്തിച്ച് തെളിവെടുക്കും. ലാപ് ടോപും ഐഫോണും ഡല്‍ഹിയില്‍ വിറ്റതായി രാഹുല്‍ മൊഴി നല്‍കിയിരുന്നു. ലാപ്‌ടോപ്പില്‍ നിന്ന് പണമിടപാടിന്റെ വിവരങ്ങള്‍ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്.

Latest