Covid19
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് അപകടകരം: പ്രധാന മന്ത്രി

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന് വച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ കൂട്ടമായെത്തുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൊവിഡ് സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുളള വെര്‍ച്വല്‍ യോഗത്തില്‍ സംബന്ധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹില്‍ സ്‌റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമൊക്കെ മാസ്‌ക് ധരിക്കാതെയും മറ്റും ആളുകള്‍ കൂട്ടംകൂടുന്നത് പ്രതികൂലമായ സ്ഥിതിയുണ്ടാക്കും.
കൊവിഡ് മൂന്നാം തരംഗം സംഭവിക്കാതിരിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കേണ്ട സമയമാണിതെന്നും പ്രധാന മന്ത്രി ഓര്‍മപ്പെടുത്തി. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു മുമ്പ് യാത്ര പോയി ആഘോഷിച്ച് മടങ്ങിവരാം എന്ന ചിന്ത ശരിയല്ല. ജാഗ്രതയിലെ അലംഭാവം അപകടകരമാകുമെന്നും മോദി വ്യക്തമാക്കി.
വൈറസ് വകഭേദങ്ങളെ ജാഗ്രതയോടെ കാണണം. മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി മൂന്നാം തരംഗത്തെ നേരിടേണ്ടതുണ്ട്. കൊവിഡ് സാഹചചര്യം മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറാന്‍ ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതുണ്ട്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൊവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളില്‍ ടി പി ആര്‍ നിരക്ക് മാറ്റമില്ലാതെ തുടരുന്നത് ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അസം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മണിപ്പുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.