Connect with us

National

ബീഫ് തിന്നാത്തവര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ കശാപ്പ് പാടില്ല; പുതിയ കന്നുകാലി ബില്‍ അവതരിപ്പിച്ച് അസാം

Published

|

Last Updated

ഗുവാഹത്തി | കര്‍ശന നിബന്ധനകളുമായി പുതിയ കന്നുകാലി സംരക്ഷണ ബില്‍ നിയമസഭയില്‍ പാസ്സാക്കാന്‍ അസാം സര്‍ക്കാര്‍. സര്‍ക്കാര്‍ ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രം വില്‍പ്പന എന്നിവക്ക് പുറമെ ബീഫ് കഴിക്കാത്തവര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കന്നുകാലി കശാപ്പ് പാടില്ല എന്ന നിബന്ധന കൂടി ഉള്‍പ്പെടുന്നതാണ് ബില്‍. ഇന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു.

1950ലെ അസാം കന്നുകാലി സംരക്ഷണ നിയമത്തിന് പകരമായാണ് ബില്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അസാമിലേക്കും തിരിച്ചും കന്നുകാലികളെ കൊണ്ടുവരുന്നത് തടയുന്നുമുണ്ട്. അധികൃതരുടെ അനുമതി പ്രകാരം മാത്രമേ സംസ്ഥാനത്ത് കശാപ്പ് നടത്താന്‍ സാധിക്കുകയുള്ളൂ.

വെറ്ററിനറി ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുള്ള കേന്ദ്രത്തിലായിരിക്കണം കശാപ്പ്. പശുക്കളെയും കിടാവുകളെയും ഒരു കാരണവശാലും അറുക്കരുത്. 14 വയസ്സ് കഴിഞ്ഞതോ അനുമതിയുള്ളതോ ആയ കന്നുകാലികളെ കശാപ്പ് ചെയ്യാം. മതവുമായി ബന്ധപ്പെട്ട ആഘോഷ, ആചാരവേളകളില്‍ കശാപ്പ് ചെയ്യാം.

ഹിന്ദു, ജൈന, സിഖ്, ബീഫ് കഴിക്കാത്ത സമൂഹം എന്നിവര്‍ ഭൂരിപക്ഷമായിടത്ത് കശാപ്പും ബീഫ് മാംസ വില്‍പ്പനയും പാടില്ല. ക്ഷേത്രം, സത്ര, മറ്റ് ആരാധനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ മാംസ വ്യാപാരം അനുവദിക്കില്ല. നിയമലംഘനം നടന്നാല്‍ എസ് ഐ റാങ്ക് മുതലുള്ള പോലീസുകാര്‍ക്കും രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി ഉദ്യോഗസ്ഥര്‍ക്കും പരിശോധന നടത്താം.

Latest