National
യു പിയില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം പരക്കെ ആക്രമണമഴിച്ചുവിട്ട് 'ആഘോഷിച്ച്' ബി ജെ പി

ലക്‌നോ | ഉത്തര്‍ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതിന് പിന്നാലെ പരക്കെ അക്രമം അഴിച്ചുവിട്ട് ബി ജെ പി. പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി (എസ് പി) പ്രവര്‍ത്തകരെയാണ് വ്യാപകമായി ആക്രമിക്കുന്നത്. ഹാമിര്‍പൂര്‍ ജില്ലയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ വടിയുപയോഗിച്ച് മര്‍ദിച്ചതായും പോളിംഗ് ബൂത്തിലെത്താന്‍ സമ്മതിച്ചില്ലെന്നും എസ് പി ആരോപിച്ചു.
അക്രമത്തില്‍ പോലീസുകാര്‍ക്കും മര്‍ദനമേറ്റു. വാഹനങ്ങള്‍ നശിപ്പിച്ചു. ചന്ദൗലി ജില്ലയിലും ബി ജെ പി- എസ് പി പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഇറ്റാവയിലും അയോധ്യയിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്ന് വരെ ബ്ലോക്ക് പഞ്ചായത്ത് മേധാവിമാര്‍ക്ക് വേണ്ടിയുള്ള വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കുകയാണ്. 476 പോസ്റ്റുകളിലേക്കുള്ള വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. വെള്ളിയാഴ്ച 349 സ്ഥാനാര്‍ഥികളെ എതിരില്ലാത്തവിധം തിരഞ്ഞെടുത്തിരുന്നു.