Techno
വോഡഫോണ്‍ ഐഡിയ ഉപയോക്താക്കള്‍ക്ക് വാക്സീന്‍ സ്ലോട്ട് കണ്ടെത്താം; വി ഐ ആപ്പിലൂടെ

ന്യൂഡല്‍ഹി | വോഡഫോണ്‍ ഐഡിയ ഉപയോക്താക്കള്‍ക്ക് വി ഐ ആപ്പിലൂടെ വാക്സിന്‍ സ്ലോട്ട് കണ്ടെത്താന്‍ സാധിക്കുമെന്ന് കമ്പനി. കൊവിഡിനെതിരായ വാക്സിനേഷന്‍ എടുക്കേണ്ട സാഹചര്യത്തില്‍ വാക്സീന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ കഴിയാതെ ജനങ്ങള്‍ പ്രയാസപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. കൊവിന്‍ ആപ്പ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്. കൊവിനില്‍ സ്ലോട്ട് ഉണ്ടോ എന്നറിയാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഉണ്ടെങ്കിലും എളുപ്പത്തില്‍ വി ഐ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണിലെ വി ഐ ആപ്പ് വഴി വാക്സിന്‍ സ്ലോട്ട് കണ്ടെത്താന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും വി ഐയുടെ ആപ്പ് ലഭ്യമാണ്. നേരത്തെ പേടിഎമ്മും ഇത്തരമൊരു സംവിധാനം തങ്ങളുടെ ആപ്പില്‍ കൊണ്ടുവന്നിരുന്നു.
വി ഐ ആപ്പില്‍ തന്നെ കൊവിന്‍ ആപ്പിലുള്ള സ്ലോട്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സ്ലോട്ട് ഫൈന്‍ഡര്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ലഭ്യമായ വാക്സീന്‍ സ്ലോട്ടുകള്‍ക്കായി തിരയാന്‍ വി ഐ ആപ്പില്‍ തന്നെ നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍ ഓണ്‍ ചെയ്യാനും കഴിയും. കൊവിഡ് 19 വാക്സിനേഷന്‍ അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് വി ഐ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആപ്പില്‍ മാത്രം നോക്കിയാല്‍ മതിയാകും.
കൊവിഡ് -19 വാക്സിന്‍ സ്ലോട്ട് വിഐ ആപ്പിലൂടെ കണ്ടെത്തുന്നതെങ്ങനെ ?
പ്രായപരിധി, വാക്സീന്റെ പേര് (കൊവിഷീല്‍ഡ്, കൊവാക്സിന്‍, സ്പുട്‌നിക് വി), എത്രാമത്തെ ഡോസ്, പണമടച്ചുള്ളതാണോ സൗജന്യമായിട്ടുള്ളതോ തുടങ്ങിയ കാര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് സെര്‍ച്ച് ഫില്‍ട്ടര്‍ ചെയ്യാന്‍ വി ഐ ആപ്പില്‍ സംവിധാനമുണ്ട്. ഏറ്റവും അടുത്തുള്ള സ്ഥലത്ത് ലഭ്യമായ സ്ലോട്ടുകള്‍ കണ്ടെത്താനും ആപ്പിലൂടെ സാധിക്കും. ഈ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സീന്‍ സ്ലോട്ടുകള്‍ എപ്പോള്‍ ലഭിക്കുമെന്ന കാര്യവും അറിയാന്‍ കഴിയും. വി ഐ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരേപോലെ ഈ സേവനം ലഭിക്കും.
വാക്സിന്‍ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?
ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ശേഷം വിവരങ്ങള്‍ നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യണം. ഹോം സ്‌ക്രീനിലുള്ള “ഗെറ്റ് യുവര്‍സെല്‍ഫ് വാക്സിനേറ്റഡ് ടുഡേ” എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. പിന്നീട് വാക്സീന്‍ സ്ലോട്ടുകള്‍ക്കായി സെര്‍ച്ച് ചെയ്യുക. ഒപ്പം നോട്ടിഫിക്കേഷന്‍ അലേര്‍ട്ട് ഓണ്‍ ചെയ്യണം. അതിനുശേഷം കൊവിന്‍ പോര്‍ട്ടലിലേക്ക് എത്താനും വാക്സീന്‍ സ്ലോട്ട് ബുക്ക് ചെയ്യാനും സാധിക്കും.