Connect with us

Kerala

മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ല; ഇടത് വിശദീകരണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി

Published

|

Last Updated

കോട്ടയം | കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന ഇടത് വിശദീകരണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി. മുന്‍ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതി ആരോപണമുണ്ടായിരുന്നുവെന്ന് മാത്രമാണ് സത്യവാങ്മൂലത്തിലുള്ളതെന്ന് സ്ഥിരീകരിച്ചതായും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലരുടെ ശ്രമം. അത് വിജയിക്കാന്‍ പോകുന്നില്ല.

കെ എം മാണി കുറ്റക്കാരനല്ല എന്ന് വിജിലന്‍സ് കോടതി പറഞ്ഞതാണ്. യു ഡി എഫും എല്‍ ഡി എഫും അതുതന്നെയാണ് പറഞ്ഞത്. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ മാണിയുടെ പേരോ അത്തരത്തിലൊരു പ്രസ്താവനയോ ഇല്ല. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ മാണിക്കെതിരെ നിലപാട് എടുത്തിട്ടില്ല എന്നത് ഇതിലൂടെ വ്യക്തമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി

വാര്‍ഡ് തലം മുതല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസ് കെ മാണി പ്രഖ്യാപിച്ചു. യു ഡി എഫില്‍ നിന്നുള്‍പ്പെടെ നിരവധിയാളുകള്‍ കേരളാ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറായി മുന്നോട്ടുവരും. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങുമെന്നും ജോസ് കെ മാണി പറഞ്ഞു.

Latest