Connect with us

Kerala

അഖിലേന്ത്യാ ലീഗിനെ സ്മരിക്കുന്നവര്‍ ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നു: രണ്ടത്താണി

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗില്‍ ലയിച്ച അഖിലേന്ത്യാ ലീഗിനെക്കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കാനുള്ള ചിലരുടെ നീക്കം ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നതിനു തുല്ല്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി. സിറാജ് ലൈവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗില്‍ ലയിച്ച പഴയ അഖിലേന്ത്യാ ലീഗുകാര്‍ ചേര്‍ന്ന് നൊസ്റ്റാള്‍ജിക് ഗാതറിങ് (എ ഐ എം എല്‍) എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് രൂപവത്ക്കരിച്ച് സംഗമിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഖിലേന്ത്യാ ലീഗിന്റെ സ്മരണകള്‍ വീണ്ടും ഉണരുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു?
അഖിലേന്ത്യാ ലീഗ് എന്നത് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മറക്കുക പൊറുക്കുക എന്ന പ്രഖ്യാപനത്തോടെ മുസ്ലിം ലീഗില്‍ തിരിച്ചെത്തിയ ഒരു വിഭാഗം ഇപ്പോള്‍ വീണ്ടും പഴയ ഓര്‍മകള്‍ പുതുക്കേണ്ടതിന്റെ ആവശ്യമില്ല. ലീഗില്‍ ലയിച്ച ശേഷം പഴയ അഖിലേന്ത്യാ ലീഗുകാര്‍ പലരും പല സ്ഥാനമാനങ്ങളും കരസ്ഥമാക്കി. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ മുതല്‍ നിയമസഭ വരെ അവരെത്തി. ലീഗില്‍ അവര്‍ ഒരു തരത്തിലുമുള്ള വിവേചനം നേരിട്ടിട്ടില്ല.

തുടര്‍ച്ചയായ ഭരണ നഷ്ടം ലീഗില്‍ അസംതൃപ്തി പടര്‍ത്തിയിട്ടുണ്ടോ?
ഏതെങ്കിലും തിരഞ്ഞെടുപ്പു പരാജയമോ തുടര്‍ച്ചയായി അധികാര സ്ഥാനത്തുനിന്നുള്ള മാറിനില്‍ക്കലോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തേയും ഇല്ലാതാക്കില്ല. തമിഴ്നാട്ടില്‍ നീണ്ട ഇടവേളക്കു ശേഷം ഡി എം കെ അധികാരത്തില്‍ തിരിച്ചെത്തി. തുടര്‍ച്ചയായി മുപ്പതു കൊല്ലത്തോളം ഭരിച്ച സംസ്ഥാനങ്ങളില്‍ സി പി എം ഇല്ലാതായി. ഭരണത്തില്‍ ഉണ്ടാവുന്നതും ഇല്ലാതിരിക്കുന്നതുമൊന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യമല്ല. ഭരണം മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. അതു തിരിച്ചറിഞ്ഞാല്‍ അസംതൃപ്തിയില്ല.

തലമുറമാറ്റം, നേതൃമാറ്റം തുടങ്ങിയ വിഷയങ്ങള്‍ സജീവമാണല്ലോ. ലീഗില്‍ ഇത്തരം ചിന്തകളുണ്ടോ?
തലമുറ മാറ്റം എന്നത് ഒരു പാര്‍ട്ടിയിലും സംഭവിച്ചിട്ടില്ല. ചില മാറ്റങ്ങളെ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നു എന്നു മാത്രം. ലീഗിലും അത്തരത്തിലുള്ള ഒരു ചര്‍ച്ചയുമില്ല.

ഐ എന്‍ എല്ലിന്റെ അധികാര പ്രവേശം ഇബ്‌റാഹീം സുലൈമാന്‍ സേഠിന്റെ സ്മരണകളെ ഉണര്‍ത്തിയിട്ടുണ്ടോ?
ഐ എന്‍ എല്ലിന് അധികാര പ്രവേശനം ലഭിച്ചതൊന്നും ലീഗിനെ ബാധിക്കുന്ന വിഷയമല്ല. ഐ എന്‍ എല്ലിനു മന്ത്രി ഉണ്ടായതോടെ സുലൈമാന്‍ സേഠിന്റെ സ്മരണകള്‍ ഉണര്‍ത്താന്‍ കഴിയില്ല. ആ സ്മരണയൊക്കെ എപ്പോഴേ ഇല്ലാതായി. അധികാരത്തില്‍ എത്തി ആദ്യ നാളുകളില്‍ തന്നെ പി എസ് സി അംഗത്വം വില്‍പ്പന നടത്തിയെന്ന ആരോപണം ആ പാര്‍ട്ടിക്കെതിരെ ഉയര്‍ന്നു. അത്രയേ ഉള്ളൂ അവരുടെ കാര്യം.

ലീഗില്‍ ഉന്നതാധികാര സമിതിക്കെതിരെ ചില കേന്ദ്രങ്ങള്‍ ശബ്ദമുയര്‍ത്തുന്നുണ്ടല്ലോ?
മുസ്്ലിം ലീഗില്‍ ഉന്നതാധികാര സമിതി അമിതാധികാരം കൈയാളുന്നു എന്നെല്ലാമുള്ള പ്രചാരണത്തില്‍ വസ്തുതയില്ല. മുസ്്ലിം ലീഗില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദലി ശിഹാബ് തങ്ങളാണ് അവസാന വാക്ക്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വം യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളാന്‍ തങ്ങളെ ചുമതലപ്പെടുത്തുകയാണ് പതിവ്. തങ്ങളാണ് തീരുമാനം എടുക്കുന്നത്. ഉന്നതാധികാര സമിതിയൊക്കെ അതിന്റെ താഴെമാത്രമേ വരികയുള്ളൂ.

തിരഞ്ഞെടുപ്പിനു ശേഷം പ്രവര്‍ത്തക സമിതി ചേരാന്‍ വൈകുന്നതും ചര്‍ച്ചയായിട്ടുണ്ടല്ലോ?
തിരഞ്ഞെടുപ്പ് അവലോകനം ഒരു പാര്‍ട്ടിയും നടത്തിയിട്ടില്ല. കൊവിഡ് കാലത്ത് എങ്ങിനെ യോഗം ചേരാന്‍ കഴിയും. ലീഗ് യോഗം ചേരാത്തത് കൊവിഡ് പ്രോട്ടോക്കോള്‍ ഉള്ളതു കൊണ്ടു മാത്രമാണ്. ഹൈദരലി തങ്ങള്‍ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹം വിശ്രമം പൂര്‍ത്തീകരിച്ച ശേഷം പ്രവര്‍ത്തക സമിതി ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തും.

അഭിമുഖം- എം ബിജുശങ്കര്‍

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest