Connect with us

Articles

ആയങ്കിമാരുണ്ടാകുന്നത്...

Published

|

Last Updated

നയതന്ത്ര ചാനല്‍ വരെ ഉപയോഗിച്ച് നടത്തപ്പെട്ട സ്വര്‍ണക്കടത്ത്. അത് പിടിക്കപ്പെടുമ്പോഴും അതിന് ശേഷവും വിവിധ വിമാനത്താവളങ്ങള്‍ വഴി തുടരുന്ന കടത്ത്. കടത്തിയവരില്‍ പലരും പിടിക്കപ്പെട്ടതിന് ശേഷവും കടത്താനുള്ള ശ്രമം തുടരുമ്പോള്‍ കടത്തിലെ ലാഭ സാധ്യത അത്രത്തോളമെന്ന് കരുതണം. പിടിച്ചോട്ടെ എന്ന് കടത്തുകാര്‍ തീരുമാനിക്കുന്നതാണ് പലപ്പോഴും പിടിക്കപ്പെടുന്നത് എന്നാണ് കഥ. കടത്തുകാരിലെ ചേരിപ്പോര് കാരണം വിവരം ചോര്‍ത്തപ്പെടുമ്പോള്‍ പിടിക്കുന്നതും. നയതന്ത്ര ചാനല്‍ വഴിയുള്ള കടത്ത് പിടിക്കപ്പെട്ടതും ഒറ്റുണ്ടായപ്പോള്‍ മാത്രമെന്നാണ് അകത്തുള്ളവരുടെ രഹസ്യം പറച്ചില്‍. അതിന് കൈമാറ്റം ചെയ്യപ്പെട്ട ഒറ്റുപണം എക്കാലത്തെയും രഹസ്യവും.
എന്തായാലും കള്ളക്കടത്തൊരു സമാന്തര സമ്പദ്്വ്യവസ്ഥയാണ്. നികുതി വെട്ടിച്ചെത്തിക്കുന്ന കോടികളുടെ സ്വര്‍ണം കമ്പോളത്തിലേക്ക് എത്തുമ്പോള്‍ പല രഹസ്യ വിപണികളും സൃഷ്ടിക്കപ്പെടും. അത് സ്വര്‍ണത്തിന്റെത് മാത്രമാകില്ലെന്ന് ചുരുക്കം. ആ വിപണികളുടെ കണ്ണികളാണ് ചില അപകടങ്ങളിലൂടെ പുറത്തുവരിക. അത്തരമൊരു അപകടമാണ് കോഴിക്കോട് നഗരത്തിന്റെ ഉപനഗരമായ രാമനാട്ടുകരയില്‍ ഒരു പുലര്‍ച്ചെ സംഭവിച്ചത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സംഘം കരിപ്പൂര്‍ വിമാനത്താവളവും കഴിഞ്ഞുള്ളൊരു സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെടുക. അവിടെ നിന്ന് ആരംഭിക്കുന്ന ദുരൂഹത, പടര്‍ന്നങ്ങനെ കയറി, സംസ്ഥാനം ഭരിക്കുന്ന മുന്നണിക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് കയറിയങ്ങനെ നില്‍ക്കുകയാണ്. ആ രാഷ്ട്രീയ പാര്‍ട്ടി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കോളിളക്കം സൃഷ്ടിച്ചൊരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുക.

സമൂഹത്തെ മുന്നോട്ടു നയിക്കാനും അതിന് പാകത്തിന് നയനിലപാടുകള്‍ സ്വീകരിക്കാനും ചുമതലപ്പെട്ട രാഷ്ട്രീയ സംവിധാനവും അതിന്റെ നേതൃത്വവും പല നിലക്ക് സംശയങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്, തുടര്‍ഭരണത്തിന്റെ തിളക്കത്തിനൊപ്പമാണെന്നതാണ് വൈരുധ്യം. വൈരുധ്യാത്മക ഭൗതികവാദം അടിസ്ഥാനമായ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇതൊരു പ്രശ്‌നമായേക്കില്ല. അവര്‍ക്കത് ഫലപ്രദമായി വാദിച്ച് സമര്‍ഥിക്കാനും സാധിച്ചേക്കും. പക്ഷേ, യുക്തിയോടെ ചിന്തിക്കുന്ന സാധാരണക്കാര്‍ക്ക് അതൊരു പ്രശ്‌നമാണ്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ യത്‌നിച്ചവരെ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരോ സഹായിച്ചിട്ടുണ്ടാകില്ല. പക്ഷേ, ആ കടത്തിന് ശ്രമിച്ചവരുമായി പല നിലക്കുള്ള സൗഹൃദമുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്, അതുപോലെയോ അതിലധികമോ സൗഹൃദമുണ്ടായിരുന്നു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന, ഭരണഘടനാ സ്ഥാനം അലങ്കരിച്ചിരുന്ന നേതാവിന്. സംസ്ഥാന കമ്മിറ്റി അംഗത്വമില്ലെങ്കിലും മന്ത്രിപദവിയുണ്ടായിരുന്ന നേതാവിന്. അതൊക്കെ വ്യക്തിപരമായ വീഴ്ചകളായി വിലയിരുത്തി ആശ്വസിക്കുമ്പോഴാണ്, കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന സംഘവുമായി പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള ബന്ധം വെളിച്ചത്തുവരുന്നത്. അതും പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് സംഭവിച്ച വ്യക്തിപരമായ വീഴ്ചയായി കണക്കാക്കി മറക്കാം. അല്ലെങ്കില്‍ അങ്ങനെ വിശദീകരിച്ച് വ്യക്തത വരുത്താം. ആ വ്യക്തതയില്‍ ആശ്വസിക്കാം.
അപ്പോഴാണ് ദേശീയ പാര്‍ട്ടിയുടെ കള്ളപ്പണക്കേസ്. ദേശീയ പാര്‍ട്ടി ഇപ്പോള്‍ ഒന്നേയുള്ളൂ. ദേശീയ പാര്‍ട്ടിയെന്ന് വെച്ചാല്‍, ദേശീയതയില്‍ വിശ്വസിക്കുന്ന, ദേശീയതയെന്നാല്‍ ഭാരതീയതയാണെന്ന് ശരിക്കങ്ങ് വിശ്വസിക്കുന്ന പാര്‍ട്ടി. അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍ കൊണ്ടുവന്ന കണക്കിലില്ലാത്ത പണം കവര്‍ന്നെടുക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലുമുണ്ടായിരുന്നു ഇതേ പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍. ദേശീയ പാര്‍ട്ടി കണക്കില്‍പ്പെടാതെ കൊണ്ടുവന്ന പണത്തെക്കുറിച്ച് അറിവുണ്ടാകുക ദേശീയ പാര്‍ട്ടിയുടെ അംഗങ്ങള്‍ക്ക് മാത്രമായിരിക്കുമല്ലോ. അത് കവരണമെങ്കില്‍ ദേശീയ പാര്‍ട്ടിയുടെ രാജ്യസ്‌നേഹികളായ നേതാക്കള്‍ വിവരം ചോര്‍ത്തിക്കൊടുക്കാതെ സാധിക്കുകയുമില്ല. അങ്ങനെ ചോര്‍ത്തിക്കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കള്ളപ്പണം കവരാനെത്തിയവരിലും സി പി എമ്മിന്റെയും സി പി ഐയുടെയും ബന്ധുക്കളുണ്ടാകണമെങ്കില്‍ അധോ വിപണിയുമായി പാര്‍ട്ടി അംഗങ്ങള്‍ക്ക് അത്രത്തോളം ബന്ധമുണ്ടെന്നാണ് സാരം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തിക്ക്, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയവരുമായി സൗഹൃദമുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. അവര്‍ നടത്തിയിരുന്ന കടത്തിനെക്കുറിച്ച് ധാരണയുണ്ടായിരുന്നോ എന്നതില്‍ വ്യക്തതയില്ല. അങ്ങനെ സൗഹൃദമുണ്ടായിരുന്ന വ്യക്തിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ പിണറായി വിജയന്‍ അനുവദിച്ചത് സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള അറിവോടെയാണെന്ന് കരുതുന്നുമില്ല. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം കവരുന്ന സംഘത്തിന് നേതൃത്വം നല്‍കിയെന്ന ആരോപണം നേരിടുന്ന വ്യക്തിയുമായി സി പി എമ്മിനോ അതിന്റെ നേതാക്കള്‍ക്കോ ബന്ധമുണ്ടാകണമെന്നില്ല. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി സ്വര്‍ണക്കവര്‍ച്ചാ സംഘത്തിലെ പ്രതികള്‍ക്കുണ്ടെന്ന് പറയപ്പെടുന്ന ബന്ധം പാര്‍ട്ടിയുടെയോ പാര്‍ട്ടി നേതാക്കളുടെയോ അറിവോടെയാകണമെന്നുമില്ല. പക്ഷേ, പാര്‍ട്ടിയുമായി ബന്ധമുള്ള, ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇക്കൂട്ടര്‍ കൊലപാതകത്തില്‍, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍, കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ കവര്‍ച്ചയിലുമൊക്കെ ആരോപണവിധേയരാകുന്നുവെങ്കില്‍, അവ്വിധമുള്ള പാര്‍ട്ടിയെക്കുറിച്ച് സംശയങ്ങളുയര്‍ന്നാല്‍ ആരെയും കുറ്റം പറയാനാകില്ല. അവിടെ സ്വയം വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും മാത്രമായി വരുന്നതില്‍ അത്ഭുതവുമില്ല.

ദേശീയ പാര്‍ട്ടി കടത്തിക്കൊണ്ടുവരുന്ന കണക്കില്ലാത്ത പണം കവര്‍ച്ച ചെയ്യുന്ന സംഘത്തില്‍ പോലുമുണ്ട് സി പി എമ്മുമായി ബന്ധമുള്ള ഒരാള്‍. ഏത് പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാളെന്ന് ചോദിച്ചാല്‍, അംഗത്വത്തിന് സവിശേഷമായ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിച്ചുള്ള ഒരു പാര്‍ട്ടിയുമായി ബന്ധമുള്ള ഒരാളെന്നാണ് ഉത്തരം. മിസ്ഡ് കോളല്ലല്ലോ ഇവിടെ മെമ്പര്‍ഷിപ്പിന് ആധാരം. നാലണ കൊടുത്താല്‍ ആര്‍ക്കും കിട്ടുന്നതുമല്ല മെമ്പര്‍ഷിപ്പ്. അപേക്ഷ പരിശോധിച്ച്, അംഗത്വത്തിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിര്‍ത്തി, യോഗ്യത ഉറപ്പാക്കിയ ശേഷം അനുവദിക്കപ്പെടുന്നതാണല്ലോ മെമ്പര്‍ഷിപ്പ്. രാഷ്ട്രീയ സ്വയം സേവക് സംഘിലെപ്പോലെ രജിസ്റ്ററില്ലാത്ത ഒരു സംഗതിയല്ലല്ലോ സി പി എമ്മിലെ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പൊതുവില്‍) ഈ മെമ്പര്‍ഷിപ്പ്. അപ്പോള്‍ മെമ്പര്‍മാരുടെ കാര്യത്തില്‍, എന്തിന് അനുഭാവികളുടെ കാര്യത്തില്‍ പോലുമുണ്ടല്ലോ പാര്‍ട്ടിക്ക്, പാര്‍ട്ടി നേതൃത്വത്തിന് ഒരു ഉത്തരവാദിത്വം. അതുള്ളതുകൊണ്ടാണല്ലോ ഏത് ആയങ്കിമാരുടെ കാര്യത്തിലും ചോദ്യമുയരുന്നത്. ചോദ്യമുയരുന്നതിന് മുമ്പേ ജില്ലാ സെക്രട്ടറി (കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്ന് പ്രത്യേകമെഴുതണം) ആയങ്കിമാരെ തള്ളിപ്പറയുന്നത്. ടി പി വധക്കേസില്‍ ആരോപണവിധേയനായ നേതാവിനെ ജയിലില്‍ കാണാനെത്തിയത് സ്വര്‍ണക്കടത്താരോപണമുള്ള വ്യക്തിയാണെന്ന ചരിത്രം അത്ര പഴയതുമല്ല. ഈ ആരോപണങ്ങളൊക്കെ എന്തുകൊണ്ട് ഈ പാര്‍ട്ടിക്കു നേര്‍ക്കെന്ന് ആലോചിക്കേണ്ടതും സ്വന്തം ഉത്തരവാദിത്വം.

കടത്ത്, സ്വര്‍ണത്തില്‍ മാത്രമല്ല ഇക്കാലത്ത്. അത് അംഗങ്ങളില്‍ വരെയുണ്ട്. അതുകൊണ്ടാണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചല്ലാതെയുള്ള അംഗങ്ങളുണ്ടാകുന്നത്. അവര്‍ വ്യക്തിപൂജകരാകുന്നത്. അത്തരം പൂജകരെ തള്ളിപ്പറയേണ്ടിവരുന്നത്. മുന്‍കാലത്ത് പാര്‍ട്ടി അറിഞ്ഞ് ക്വട്ടേഷനെടുത്തിരുന്ന അംഗങ്ങളുണ്ടായിരുന്നു. അതിനൊരു പാര്‍ട്ടിക്കൂറിന്റെ ഉറപ്പുണ്ടായിരുന്നു. പില്‍ക്കാലം ക്വട്ടേഷനെടുക്കുന്നവര്‍ വെറും ക്വട്ടേഷന്‍കാരാണ്. അവര്‍ക്ക് ചിലപ്പോള്‍ സ്വര്‍ണക്കടത്ത്. ചിലപ്പോള്‍, കടത്തുന്ന സ്വര്‍ണം കവരുന്ന പണി. ചിലപ്പോള്‍ കള്ളപ്പണക്കടത്ത്. ചിലപ്പോള്‍ “രാജ്യസ്‌നേഹികള്‍” കടത്തുന്ന കണക്കില്ലാപ്പണത്തിന്റെ കവര്‍ച്ച.

കാലം പുതിയതാണെന്ന തിരിച്ചറിവ് പുതിയ കാലത്ത് പ്രധാനമാണ്. അതിന്റെ അലകളുയരുന്നത് നല്ലത്. വലിയ നഷ്ടങ്ങളേക്കാള്‍ വലുതാണ് ചെറിയ തിരിച്ചടികളെന്ന തിരിച്ചറിവ് പ്രധാനമാണ്. ഏത് കടത്തിലെയും ലാഭ സാധ്യതയേക്കാള്‍ വലുതാണ് നഷ്ട സാധ്യതയെന്നതാണ് വലിയ തിരിച്ചറിവ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest