National
ലക്ഷദ്വീപില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു; 42 താത്ക്കാലിക ജീവനക്കാരെ കൂടി പുറത്താക്കി

കവരത്തി | ലക്ഷദ്വീപില്‍ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് തുടരുന്നു. രണ്ട് ദിവസം മുമ്പ് നൂറ്റമ്പതോളം താത്ക്കാലിക്കകാരെ പിരിച്ച് വിട്ടതിന് പിറകെ ടൂറിസം വകുപ്പിലെ 42 താത്ക്കാലിക ജീവനക്കാരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. ടൂറിസം കായികം വകുപ്പിലെ 151 താത്കാലിക ജീവനക്കാരെയാണ് രണ്ട് ദിവസം മുമ്പ് പിരിച്ചുവിട്ടത്. കൊച്ചി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിലെ 27 ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് താത്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത്. നേരത്തെ പിരിച്ചുവിട്ട 191 ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഈ മാസം 14ന് അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തും. ഈ സാഹചര്യത്തില്‍ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് ദ്വീപിലെത്തും. പ്രഫുല്‍ പട്ടേലിന് കേന്ദ്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.
അതേസമയം കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് അടിയന്തരമായി അടച്ചുപൂട്ടാന്‍ ഭരണകൂടം ഉത്തരവിറക്കി. കേരളവുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടികളുടെ തുടര്‍ച്ചയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍