Ongoing News
സാര്‍സ് കോവ് 2 ആന്റിബോഡികള്‍ എളുപ്പത്തില്‍ വേര്‍തിരിച്ചറിയാവുന്ന ഉപകരണം വികസിപ്പിച്ച് ഗവേഷകര്‍

വാഷിങ്ടണ്‍ | സാര്‍സ് കോവ് 2 വൈറസിന് എതിരെ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളെ മറ്റു നാല് കൊറോണ വൈറസുകളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന പോയിന്റ് ഓഫ് കെയര്‍ ഉപകരണം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. യുഎസിലെ ഡ്യൂക് സര്‍വകലാശാലയിലെ വിദഗ്ധരാണ് ടാബ്‌ലെറ്റ് സൈസിലുള്ള ഉപകരണം വികസിപ്പിച്ചത്. സാര്‍സ് കോവ് 2 ആന്റി ബോഡികളെ മറ്റു വൈറസ് ആന്റിബോഡികളില്‍ നിന്ന് 100 ശതമാനം കൃത്യതയോടെ തിരിച്ചറിയാന്‍ ഉപകരണം സഹായിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.
ഒന്നിലധികം കൊവിഡ് 19 ആന്റിബോഡികളെയും ബയോമാര്‍ക്കറുകളെയും ഒരേസമയം തിരിച്ചറിയാന്‍ ഈ ഉപകരണം വഴി സാധിക്കും. കൊവിഡ് അണുബാധയുടെ തീവ്രതയും കൊവിഡിനെതിരായ ഒരു വ്യക്തിയുടെ പ്രതിരോധ ശേഷിയും പ്രവചിക്കാന്‍ ഈ ഉപകരണം പര്യാപ്തമാണോ എന്നത് സംബന്ധിച്ച് ഗവേഷകര്‍ പഠനം നടത്തിവരികയാണ്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ഉപകരണമാണിത്. ഒരു തുള്ളി രക്തവും ബയോമോളിക്യൂലാര്‍ ലൂബ്രിക്കന്റും ഉപയോഗിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ ഫലം ലഭ്യമാക്കാന്‍ ഈ ഉപകരണം സഹായിക്കും.
ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) ടെസ്റ്റിനേക്കാള്‍ ഒരു ദിവസം മുമ്പ് എബോള അണുബാധ കണ്ടെത്താന്‍ സഹായിക്കുന്ന ഡി 4 അസ്സി എന്ന ഉപകരണം ഡ്യൂക് സര്‍വകലാശാലയിലെ ഗവേഷകര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ കൊവിഡ് ആന്റിബോഡികള്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന ഉപകരണവും വികസിപ്പിച്ചത്.
ആറ് വര്‍ഷമെടുത്താണ് ഡി 4 അസ്സി എന്ന ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചത്. എന്നാല്‍ കൊവിഡ് ഒരു മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് മുതല്‍ പോയിന്റ് ഓഫ് കെയര്‍ ഉപകരണം വികസിപ്പിക്കുന്നതിന് ശാസ്ത്രജ്ഞര്‍ ശ്രമം തുടങ്ങിയിരുന്നു. ഇത് വേഗത്തില്‍ ഉപകരണം നിര്‍മിച്ചെടുക്കാന്‍ ഗവേഷകരെ സഹായിച്ചു.
ഗുരുതരമായി കൊവിഡ് ബാധിച്ച 31 രോഗികളില്‍ രണ്ടാഴ്ചക്ക് ശേഷം ഈ ഉപകരണം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ആന്റിബോഡികള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ഗവേഷകര്‍ പറഞ്ഞു. നിലവിലുള്ളതോ ഭാവിയില്‍ വരാതിനിരിക്കുന്നതോ ആയ രോഗങ്ങളുടെ കാര്യത്തില്‍ സാങ്കേതികവിദ്യ എത്രത്തോളം ഫലപ്രദമാകുമെന്നത് സംബന്ധിച്ചും ജൂണ്‍ 25 ന് സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.