National
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ സേവന കാലാവധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി | അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ സേവന കാലാവധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ദീര്‍ഘിപ്പിച്ചു നല്‍കി. 2022 ജൂണ്‍ 30 വരെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ഇദ്ദേഹത്തിന് കാലാവധി നീട്ടിനല്‍കിയിരുന്നു. മുകുള്‍ റൊഹ്തഗി രാജിവെച്ച ശേഷം 2017 ജൂലൈ ഒന്നിനാണ് പതിനഞ്ചാമത് അറ്റോര്‍ണി ജനറലായി വേണുഗോപാല്‍ ചുമതലയേറ്റത്. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം. കഴിഞ്ഞ വര്‍ഷം വേണുഗോപാലിന്റെ കാലാവധി അവസാനിച്ചിരുന്നു.
പ്രായാധിക്യത്താല്‍ സ്ഥാനം ഒഴിയുകയാണെന്ന് വേണുഗോപാല്‍ അറിയിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം കൂടി തല്‍സ്ഥാനത്ത് തുടരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഈ അഭ്യര്‍ഥന കണക്കിലെടുത്ത് അദ്ദേഹം വീണ്ടും അറ്റോര്‍ണി ജനറലായി ഒരു വര്‍ഷം കൂടി തുടരുകയായിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് വീണ്ടും നീട്ടി നല്‍കിയത്.