National
അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി | ആണവ വാഹക ശേഷിയുള്ള അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ, ഭുവനേശ്വറില്‍ നിന്ന് 150 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഡോ എപിജെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വ്യക്തമാക്കി. രാവിലെ 10.55 ന് ആയിരുന്നു വിക്ഷേപണം.
കിഴക്കന്‍ തീരത്ത് നിലയുറപ്പിച്ച വിവിധ ടെലിമെട്രി, റഡാര്‍ സ്റ്റേഷനുകള്‍ മിസൈല്‍ ട്രാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തു. എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയര്‍ന്ന കൃത്യതയോടെ മിസൈല്‍ നിറവേറ്റിയതായും ഡിആര്‍ഡിഒ പ്രസ്താവനയില്‍ പറഞ്ഞു.
പൂര്‍ണ്ണമായും ഒരു സംയോജിത മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച അഗ്‌നി പ്രൈം മിസൈല്‍ പുതുതലമുറ, ആണവ വാഹക ശേഷിയുള്ള മിസൈലാണ്. 1,000-2,000 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി.
രണ്ട് ദിവസം മുമ്പ് ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് തദ്ദേശീയമായി വികസിപ്പിച്ച “പിനാക” റോക്കറ്റിന്റെ വിപുലമായ പതിപ്പും ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു.