Health
ബലൂണ്‍ ചികിത്സയിലൂടെ അമിതഭാരം കുറയ്ക്കാം

നിരവധി ആളുകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. പ്രധാനമായും രണ്ടു രീതിയില്‍ അമിതവണ്ണം കൊണ്ട് പ്രശ്നമുണ്ടാകും. ഒന്നാമതായി ഹൃദ്രോഗം, ശ്വാസതടസം, പ്രമേഹം അങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. രണ്ടാമതായി മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും.
തടി കുറയ്ക്കണമെന്ന് ഉദ്ദേശിക്കുന്നവര്‍ കൃത്യമായ വ്യായാമവും ഭക്ഷണക്രമീകരണവും ചെയ്യേണ്ടതാണ്. മരുന്നുകള്‍, ശസ്ത്രക്രിയ എന്നിവയെല്ലാമാണ് പൊതുവെ എല്ലാവരും അറിയാന്‍ സാധ്യതയുള്ള ചികിത്സാരീതികള്‍. എന്നാല്‍ ഇതൊന്നുമല്ലാത്ത പുതിയ ചികിത്സയാണ് ഇന്‍ട്രാഗ്യാസ്ട്രിക് ബലൂണ്‍ ഇന്‍സേര്‍ഷന്‍ അഥവാ ബാരിയാട്രിക് ബലൂണ്‍ ട്രീറ്റ്മെന്റ്.
സാധാരണയായി ബോഡി മാസ് ഇന്‍ഡക്സ് മുപ്പതിന് മുകളില്‍ ഉള്ളവരിലാണ് ബാരിയാട്രിക് ബലൂണ്‍ ചെയ്യുന്നത്. ഇത് വളരെ ലളിതമായ ഒരു ചികിത്സാരീതിയാണ്. എന്‍ഡോസ്‌കോപ്പി വഴി ഒരു സിലിക്കണ്‍ ബലൂണ്‍ ആമാശയത്തിലേക്ക് കടത്തിവിട്ട്, ബലൂണ്‍ വീര്‍പ്പിച്ച് വെയ്ക്കുകയാണ് ചെയ്യുന്നത്. അതവിടെ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നില്‍ക്കും. വളരെ ശാസ്ത്രീയമായി തടി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ചികിത്സയാണ് ബാരിയാട്രിക് ബലൂണ്‍. ചികിത്സയ്ക്കുശേഷം ആറു മാസത്തിനുള്ളില്‍ 20 മുതല്‍ 25 കിലോഗ്രാം വരെ തൂക്കം കുറയുന്നതായി കാണാം. ചിലപ്പോള്‍ ഇതിലും കൂടുതല്‍ കുറയാനും സാധ്യതയുണ്ട്.
ബാരിയാട്രിക് ബലൂണ്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത് എങ്ങനെ?
അമിതവണ്ണമുള്ളവര്‍ക്ക് വിശപ്പ് കൂടുതലായിരിക്കും അപ്പോള്‍ അവര്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകുന്നു. എന്നാല്‍ ബലൂണ്‍ ആമാശയത്തില്‍ ഉണ്ടാകുമ്പോള്‍ ആമാശയത്തിന്റെ കപ്പാസിറ്റി കുറയുകയും വിശപ്പ് കുറയുകയും ചെയ്യുന്നു. ഇതോടെ ഇടക്കിടയ്ക്ക് ആഹാരം കഴിയ്ക്കുന്നത് ഇല്ലാതാകുന്നു. ദഹനപ്രക്രിയയില്‍ കുറവും വരുന്നു. തുടര്‍ന്ന് ശരീരഭാരം കുറയുകയും ചെയ്യും.
ഈ ചികിത്സകൊണ്ട് യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാകുകയില്ല. മരുന്നുകള്‍കൊണ്ടോ, സര്‍ജറികൊണ്ടോ ഉണ്ടാകുന്ന പ്രയാസങ്ങളും അനുഭവിക്കേണ്ടി വരില്ല. ഒരു ദിവസം അഡ്മിറ്റ് ചെയ്തോ, അഡ്മിറ്റ് ചെയ്യാതെയോ ബലൂണ്‍ ഇന്‍സെര്‍ട്ട് ചെയ്യാവുന്നതാണ്. ചെറിയ മയക്കം നല്‍കിയാണ് ചെയ്യുന്നതല്ലാതെ മറ്റു പ്രയാസങ്ങള്‍ ഒന്നും തന്നെ ഇതുകൊണ്ടുണ്ടാകുകയില്ല.
ഈ ചികിത്സ കഴിഞ്ഞ് ഒന്നു രണ്ടു ദിവസത്തിനുശേഷം രോഗിയിക്ക് ഓക്കാനം, വയര്‍ നിറഞ്ഞ അവസ്ഥ എന്നിങ്ങനെ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇത് മരുന്ന് കൊടുത്ത് ശരിയാക്കാവുന്നതാണ്.
ചികിത്സയ്ക്കുശേഷം രോഗിയ്ക്ക് വിശ്രമം ആവശ്യമില്ല. ജോലി ചെയ്യുന്നതുകൊണ്ടോ, വ്യായാമം ചെയ്യുന്നതുകൊണ്ടോ, ഭക്ഷണം കഴിക്കാന്‍ പ്രയാസമോ ഉണ്ടാകുകയില്ല. വ്യായാമവും ആഹാരക്രമീകരണവും തുടര്‍ന്നും കൊണ്ടുപോകേണ്ടതാണ്.
ആറുമാസത്തിനോ ഒരു വര്‍ഷത്തിനോ ശേഷം ഈ ബലൂണ്‍ പുറത്തെടുക്കുന്നതും വളരെ ലളിതമാണ്. എന്‍ഡോാസ്‌കോപ്പി വഴി 5-10 മിനിറ്റിനുള്ളില്‍ ബലൂണ്‍ പുറത്തെടുക്കാന്‍ സാധിക്കും. അതുകഴിഞ്ഞാല്‍ രോഗിയിക്ക് തിരികെ പോകാവുന്നതാണ്. അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ ചികിത്സയാണ് ഇന്‍ട്രാഗ്യാസ്ട്രിക് ബലൂണ്‍ ഇന്‍സെര്‍ഷന്‍ ട്രീറ്റ്മെന്റ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പ്രദീപ് കുമാര്‍ പി
(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോന്ററോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്)
തയ്യാറാക്കിയത്:
റഫീഷ. പി