National
രാഷ്ട്രപതിയുടെ സന്ദര്‍ശനം: ട്രാഫിക് നിയന്ത്രണങ്ങളെ തുടര്‍ന്ന് യു പിയില്‍ രോഗിയായ യുവതി മരിച്ചു

ലക്‌നോ | രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് നിയന്ത്രണത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ യുവതി മരിച്ചു. മരണത്തില്‍ യു പി പോലീസ് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ട്രെയിന്‍ മാര്‍ഗം രാഷ്ട്രപതി കാണ്‍പൂരിലെത്തിയത്.
അടിയന്തരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ഗതാഗത നിയന്ത്രണത്തില്‍ പെട്ട് യുവതി മരിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡസ്ട്രീസിന്റെ കാണ്‍പൂര്‍ ചാപ്റ്റര്‍ വനിതാ വിഭാഗം മേധാവി വന്ദന മിശ്ര (50) ആണ് മരിച്ചത്. ഈയടുത്ത് കൊവിഡില്‍ നിന്ന് മുക്തി നേടിയിരുന്നതാണ് ഇവര്‍.
ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമാന വഴിയിലാണ് രാഷ്ട്രപതി കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഇവിടെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ആശുപത്രിയിലെത്തും മുമ്പ് വന്ദനയുടെ മരണം സംഭവിച്ചു.
യുവതിയുടെ മരണത്തെ സംബന്ധിച്ച് രാഷ്ട്രപതി കാണ്‍പൂര്‍ പോലീസ് കമ്മീഷണറോട് അന്വേഷിച്ചിട്ടുണ്ട്. തന്റെ അനുശോചനം കുടുംബത്തെ അറിയിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കാണ്‍പൂരിലെ ജന്മനാട് സന്ദര്‍ശിക്കാനാണ് രാഷ്ട്രപതി എത്തിയത്. ചൊവ്വാഴ്ച വരെ അദ്ദേഹം ലക്‌നോയിലുണ്ടാകും.