Kerala
പരാതിക്കാരിയായ യുവതിയോടു കയര്‍ത്ത വനിതാ കമ്മിഷന്‍ അധ്യക്ഷക്കെതിരെ വ്യാപക വിമര്‍ശനം

കോഴിക്കോട് | പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക വിമര്‍ശനം. ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
വനിതാ കമ്മിഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട കെ സുധാകരന്‍ ജോസഫൈന്‍ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ജോസഫൈനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണ വനിതാ കമ്മിഷന് പരാതി നല്‍കി. ജോസഫൈനെ പുറത്താക്കണമെന്ന് എ ഐ എസ്എഫും ആവശ്യപ്പെട്ടു.
ഒരു ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് “എന്നാല്‍ പിന്നെ അനുഭവിച്ചോ” എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെയാണ് ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
വനിതാകമ്മിഷനില്‍ പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അര്‍ഥത്തിലല്ല. തികഞ്ഞ ആത്മാര്‍ഥയോടെയും സത്യസന്ധതയോടെയുമാണ് താനത് പറഞ്ഞതെന്നും ജോസഫൈന്‍ പറഞ്ഞു. ഓരോ ദിവസവും നിവധി സ്ത്രീകളാണ് തങ്ങളെ വിളിക്കുന്നതെന്നും അതിനാല്‍ ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് തങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താനാകില്ല അതുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ അധ്യക്ഷ പരാതിക്കാരിയോട് മോശം രീതിയില്‍ സംസാരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് പികെ ശ്രീമതിയും രംഗത്തുവന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തിരുത്തണമെന്ന് അവര്‍ പ്രതികരിച്ചു.
ജോസഫൈന്റെ പരാമര്‍ശം എന്താണെന്ന് വ്യക്തമായിട്ടില്ല. മോശമായി പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും വിശദീകരണം നല്‍കണം. ഒരു പൊതുപ്രവര്‍ത്തക കേരളത്തിലെ എല്ലാവരോടും സ്‌നേഹത്തോടും സാഹോദര്യത്തോടും പെരുമാറണം. എന്താണ് ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കും, പ്രശ്‌നം ഉണ്ടെങ്കില്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി കെ ശ്രീമതി പറഞ്ഞു.
പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായി നിരവധി പേര് രംഗത്തുവന്നു. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തല്‍സമയ ചാനല്‍ പരിപാടിയില്‍ ജോസഫൈന്‍ അവരെ അപമാനിച്ചതെന്നാണ് ആരോപണം. അവര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പോകാനൊ സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനോ ഉള്ള ഭൗതിക സാഹചര്യം ഉണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. എല്ലാവര്‍ക്കും പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കില്‍ പിന്നെ എന്തിനാണു മറ്റു സംവിധാനങ്ങള്‍ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതു പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണോ വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നായിരുന്നുചോദ്യം.
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉള്ള പ്രതീക്ഷ നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതാണ് ഇരയോടുള്ള ഇത്തരം പ്രതികരണം. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ക്രൂരമായും അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ഇത്തരക്കാരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.