Kerala
വിസ്മയയുടെ മരണം; കിരണ്‍കുമാറിന്റെ ബേങ്ക് അക്കൗണ്ട് മരവിപ്പിച്ചു, ലോക്കര്‍ സീല്‍ ചെയ്തു

കൊല്ലം | കൊല്ലം ശാസ്താംകോട്ട പോരുവഴി സ്വദേശിനി വിസ്മയ ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കേസിലെ പ്രതിയുമായ കിരണ്‍ കുമാറിന്റെ ബേങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബേങ്ക് ലോക്കറും പോലീസ് സീല്‍ ചെയ്തു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍കുമാര്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണം ശരിയാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയുടെ ബേങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചത്. വിവാഹ സമ്മാനമായി വിസ്മയക്ക് നല്‍കിയ 80 പവന്‍ സ്വര്‍ണം സൂക്ഷിക്കാന്‍ കിരണ്‍ തന്റെ പേരില്‍ പോരുവഴിയിലെ ബേങ്കില്‍ തുറന്ന ലോക്കറാണ് സീല്‍ ചെയ്തത്.
കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പോലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.