Connect with us

Kerala

സംസ്ഥാനത്ത് ഒരു കോടിയലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനെടുത്തു; വാക്‌സിനേഷനില്‍ സ്ത്രീകള്‍ മുന്നില്‍

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് വാക്സിനേഷനില്‍ മുന്നില്‍നില്‍ക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

1,00,69,673 പേര്‍ക്കാണ് സംസ്ഥാനത്ത് ഒന്നാം ഡോസ് നല്‍കിയത്. സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാല്‍ ലഭ്യമായ അധിക ഡോസ് വാക്സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിനെടുക്കാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ജാഗ്രതയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയത്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിന്‍ വീതം നല്‍കിയിട്ടുണ്ട്.

അതേസമയം , സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്സിന്‍ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്‍മാരും വാക്സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Latest