Connect with us

Articles

യു പിയില്‍ യോഗി ദുര്‍ബലനാണ്; ആ പാര്‍ട്ടി ഘടകവും

Published

|

Last Updated

രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉലയുന്നതിനിടെയാണ് ഉത്തര്‍ പ്രദേശില്‍ ജില്ലാ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ജീവവായുവും ആശുപത്രിക്കിടക്കയും കിട്ടാതെ അലയുന്നവരുടെ കണക്കുകള്‍ പെരുകുന്നതിനിടെ ഈ തിരഞ്ഞെടുപ്പിന്റെ ഫലം രാജ്യം വലിയ തോതില്‍ ശ്രദ്ധിച്ചില്ല. ഉത്തര്‍ പ്രദേശില്‍ തന്നെയും കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ വാങ്ങാനുള്ള തത്രപ്പാടിലായിരുന്നുവല്ലോ ജനം. തിരഞ്ഞെടുപ്പ് നടന്ന 3,050 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി വിജയിച്ചത് 782 സീറ്റില്‍. ബി ജെ പി 580 സീറ്റുമായി രണ്ടാം സ്ഥാനത്ത്. മായാവതിയുടെ ബി എസ് പിക്ക് 336 സീറ്റില്‍ ജയിക്കാനായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, പ്രതിപക്ഷ ഐക്യത്തെപ്പോലും അപ്രസക്തമാക്കി വിജയം നേടിയ ബി ജെ പിയാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പോയത്. ഒറ്റക്ക് മത്സരിച്ചിട്ടും സമാജ് വാദി പാര്‍ട്ടിക്ക് ഒന്നാമതെത്താനായി. ചിലയിടത്തെങ്കിലും നാട്ടുകാര്‍ മുന്‍കൈ എടുത്ത് എസ് പിയെയും ബി എസ് പിയെയും മത്സരിപ്പിക്കുകയായിരുന്നുവെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത വര്‍ഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെതിരെ ഉത്തര്‍ പ്രദേശില്‍ ജനരോഷമുയരുന്നതിന് തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തലുണ്ട്. ആ ജനരോഷത്തെ ബി ജെ പി ചെറുതല്ലാത്ത വിധം ഭയക്കുന്നുണ്ടെന്നാണ് ആ പാര്‍ട്ടിക്കുള്ളില്‍ സമീപകാലത്ത് നടന്ന സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. കൊവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്തതിലെ വലിയ വീഴ്ചയാണ് യോഗി ഭരണകൂടത്തിനെതിരെ വികാരമുയരാനുള്ള പ്രധാന കാരണം. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിനെപ്പോലെ തന്നെ യു പിയിലെ യോഗി സര്‍ക്കാറും രണ്ടാം വ്യാപനം മുന്നില്‍ക്കണ്ട് തയ്യാറെടുപ്പുകളൊന്നും നടത്തിയില്ല. രോഗികളുടെ എണ്ണം കൂടുകയും ആശുപത്രികള്‍ നിറഞ്ഞുകവിയുകയും ചെയ്തപ്പോള്‍ കാഴ്ചക്കാരന്റെ റോളിലായിരുന്നു യോഗി. ഡല്‍ഹിക്ക് അനുവദിക്കേണ്ട ഓക്‌സിജന്‍ വിഹിതം ഉത്തര്‍ പ്രദേശിലേക്ക്, കേന്ദ്രം വഴിതിരിച്ചുവിട്ടിട്ടും ആവശ്യക്കാര്‍ക്ക് ആശ്വാസമെത്തിക്കാന്‍ അവര്‍ക്കായില്ല. ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ റീഫില്ലു ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ജനം തിക്കിത്തിരക്കി, ആശുപത്രിക്കിടക്കകള്‍ കിട്ടാതെ നെട്ടോട്ടമോടി. അവശ്യ മരുന്നുകള്‍ പോലും വന്‍ വിലക്ക് കരിഞ്ചന്തയില്‍ വാങ്ങേണ്ടിവന്നു. രോഗവ്യാപനം നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഭരണകൂടം, ഇരട്ടി ദുരിതത്തിലായ ജനത്തിന് സഹായമെത്തിക്കാന്‍ തയ്യാറായില്ല. കിടക്കയില്ലെന്നോ ഓക്‌സിജന്‍ സ്റ്റോക്കില്ലെന്നോ പുറത്തുപറയുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി, ഉത്തര്‍ പ്രദേശില്‍ പ്രശ്‌നമൊന്നുമില്ലെന്ന ധാരണ പരത്താനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിലൂടെ മാധ്യമങ്ങളിലൂടെ മിനുക്കിയ മുഖം അവതരിപ്പിക്കാനായെങ്കിലും ജീവിതം പ്രതിസന്ധിയിലായ, ജീവവായുവിന് നട്ടംതിരിയേണ്ടിവന്ന ജനം അതിനെ മുഖവിലക്കെടുത്തില്ല എന്ന് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ വിജയം നേടിയത് വര്‍ഗീയ വിഭജനത്തിന്റെ ആഴം കൂട്ടിയാണ്. പടിഞ്ഞാറന്‍ യു പിയിലെ ജാട്ട് – മുസ്‌ലിം സൗഹൃദം തകര്‍ക്കാന്‍ മുസഫര്‍നഗര്‍ കലാപത്തെ അവര്‍ സമര്‍ഥമായി ഉപയോഗിച്ചു. ഏഴ് വര്‍ഷത്തിനിപ്പുറം, കൊവിഡ് ദുരിതത്തെ മറയാക്കി കൊണ്ടുവന്ന കര്‍ഷക നിയമ ഭേദഗതി നിയമം ജാട്ടുകളെ അവരില്‍ നിന്ന് അകറ്റിയിരിക്കുന്നു. മറ്റെന്തിനേക്കാളും കൃഷിയോടും ഭൂമിയോടും ആത്മബന്ധം സൂക്ഷിക്കുന്ന ജാട്ടുകള്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കാതെ ബി ജെ പിയോട് സഹകരണമില്ലെന്ന നിലപാടിലാണ്. നിയമ ഭേദഗതികളില്‍ നിന്ന് പിന്നാക്കം പോകുക എന്നത് നരേന്ദ്ര മോദിക്കും അമിത് ഷാക്കും ബി ജെ പിക്കും അഭിമാനക്ഷതമാണ്. അതുകൊണ്ടുതന്നെ ജാട്ടുകളെ സ്വന്തം പാളയത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ബി ജെ പിക്ക് കഴിയില്ല. പടിഞ്ഞാറന്‍ യു പിയില്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ നടത്തിയ പ്രകടനം 2022ല്‍ ആവര്‍ത്തിക്കുക പ്രയാസമെന്ന് ചുരുക്കം.
മുഖ്യമന്ത്രി എന്ന നിലക്കോ യു പിയിലാകെ സ്വാധീനം ചെലുത്താവുന്ന ബി ജെ പി നേതാവ് എന്ന നിലക്കോ ഉയരാന്‍ ഇതുവരെ യോഗി ആദിത്യനാഥിന് സാധിച്ചില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. താക്കൂര്‍ സമുദായത്തിന്റെ നേതാവ് എന്ന നിലയില്‍ തുടരുകയാണ് അദ്ദേഹം. ഭരണതലത്തില്‍ ആ സമുദായത്തിനുണ്ടായ വലിയ സ്വാധീനം ഇതര വിഭാഗങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് ബി ജെ പിയുടെ മുഖ്യ വോട്ടുബേങ്കായ ബ്രാഹ്മണരെ. ആകെ വോട്ടര്‍മാരില്‍ പന്ത്രണ്ട് ശതമാനം വരും ബ്രാഹ്മണര്‍. യോഗിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അധികാരത്തില്‍ തിരിച്ചെത്തുക പ്രയാസമെന്ന് ആ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ചിന്തിക്കുന്ന സ്ഥിതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ മുന്‍ ഐ എ എസുകാരന്‍ എ കെ ശര്‍മയെ ഉത്തര്‍ പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും ബി ജെ പി ഘടകത്തിന്റെ ഉപാധ്യക്ഷനുമാക്കി കൊണ്ടുവന്നതും കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയെ പാര്‍ട്ടിയിലേക്ക് ആനയിച്ചതും ബ്രാഹ്മണ സമുദായത്തിന്റെ പിന്തുണ തിരിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തിലാണ്.

എ കെ ശര്‍മയുടെ കാര്യത്തില്‍ നരേന്ദ്ര മോദി – അമിത് ഷാ അച്ചുതണ്ടും യോഗി ആദിത്യനാഥും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശര്‍മയെ യു പി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു മോദി – ഷാ അച്ചുതണ്ടിന്റെ നിര്‍ദേശം. അതിന് വഴങ്ങാന്‍ യോഗി തയ്യാറായില്ലെന്നും ഒത്തുതീര്‍പ്പെന്ന നിലയിലാണ് ബി ജെ പിയുടെ യു പി ഘടകത്തിന്റെ ഉപാധ്യക്ഷസ്ഥാനം നല്‍കിയതെന്നുമാണ് വാര്‍ത്ത. കൊവിഡ് പ്രതിസന്ധിക്കിടെ യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി മോദിയെയും അമിത് ഷായെയും കണ്ട് ചര്‍ച്ച നടത്തി. ബി ജെ പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷും മുതിര്‍ന്ന നേതാവ് രാധാ മോഹന്‍ സിംഗും ഒരു മാസത്തിനിടെ രണ്ട് തവണ സംസ്ഥാനത്തെത്തി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇതെല്ലാം യു പിയില്‍ ബി ജെ പി നേരിടുന്ന ചെറുതല്ലാത്ത വെല്ലുവിളിയുടെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. 2014ന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണകാലത്തല്ലാതെ, ഇത്രയും സജീവമായ ഇടപെടല്‍ ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല. പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗി ആദിത്യനാഥ് മോദിയെയും അമിത് ഷായെയും കാണുന്നതും അപൂര്‍വം. ഉത്തര്‍ പ്രദേശ് നിയമസഭയിലെ 403 സീറ്റില്‍ 325 എണ്ണത്തില്‍ വിജയിച്ചാണ് 2017ല്‍ ബി ജെ പി അധികാരം പിടിച്ചത്. നിയമസഭയിലേക്ക് മത്സരിക്കാതിരുന്ന തീവ്ര വര്‍ഗീയ നിലപാടുകളുള്ള യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചു. വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടിയും ഭീതി വിതച്ചും ബി ജെ പിയുടെ സ്വാധീനം ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു യോഗിയുടെ ദൗത്യം. മോദിക്ക് ശേഷം പ്രധാനമന്ത്രിക്കസേരയിലേക്ക് യോഗി എന്ന് പോലും പ്രചാരണമുണ്ടായി. മാട്ടിറച്ചി നിരോധനത്തിലൂടെയും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലൂടെയും തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ യോഗി ശ്രമിച്ചിരുന്നു. പക്ഷേ, അഞ്ചാണ്ട് തീരാറാകുമ്പോള്‍, യോഗി ദുര്‍ബലനായിരിക്കുന്നു, ആ പാര്‍ട്ടി ഘടകവും. നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടിറങ്ങി പ്രചാരണം നടത്തിയാല്‍ പോലും 2017ലേത് പോലുള്ള വിജയമുണ്ടാകില്ലെന്ന് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ വിലയിരുത്തുന്ന സ്ഥിതി. മോദിയും ഷായും സകല അടവും പയറ്റിയിട്ടും വലിയ പരാജയം സമ്മാനിച്ച ബംഗാള്‍ ജനത, ഉത്തര്‍ പ്രദേശുകാര്‍ക്ക് വഴി കാട്ടുന്നുണ്ടാകണം. വെല്ലുവിളികള്‍ക്ക് മുന്നില്‍ പതറാതെ നിന്ന മമതാ ബാനര്‍ജി, അഖിലേഷിനും മായാവതിക്കും ഊര്‍ജം പകരുന്നുണ്ടാകണം. അങ്ങനെയെങ്കില്‍ 2022ലെ യു പി തിരഞ്ഞെടുപ്പ് ബി ജെ പിക്ക് അത്രയെളുപ്പമാകില്ല തന്നെ.
പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍ഗങ്ങളാലോചിക്കുന്നുണ്ടാകും സംഘ്പരിവാരവും യോഗി ആദിത്യനാഥും. ലവ് ജിഹാദെന്ന വ്യാജ പ്രചാരണത്തെ മറയാക്കി 2013ല്‍ മുസഫര്‍നഗറില്‍ സൃഷ്ടിച്ചത് പോലുള്ള കലാപങ്ങള്‍ക്ക് അരണികടയാനാകാം ആലോചന. യോഗിയുടെ തട്ടകമായ ഗോരഖ്പൂരില്‍ നിന്ന് ന്യൂനപക്ഷങ്ങളെ കുടിയിറക്കാന്‍ ശ്രമം നടക്കുന്നത് അതിന് മുന്നോടിയാകാം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ നിവര്‍ന്നുനിന്ന് കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടയാന്‍ കൂടി ശ്രമിക്കേണ്ടിയിരിക്കുന്നു അഖിലേഷും മായാവതിയും. പ്രിയങ്കാ ഗാന്ധിക്ക് ചുമതലയുള്ള കോണ്‍ഗ്രസിന് ഇവിടെയും വിലാസം കാക്കാന്‍ ശ്രമിക്കുകയാകാം.

രാജീവ് ശങ്കരന്‍

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്