Kerala
പ്രശസ്ത ഗാന രചയിതാവ് പൂവ്വച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം | പ്രശസ്ത ഗാന രചിയിതാവ് പൂവ്വച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസായിരുന്നു.
കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവാണ്
മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. ചാമരത്തിലെ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം), ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്‍), ശരറാന്തല്‍ തിരിതാഴും (കായലും കയറും) തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു.
1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. കോഴിക്കോട്ട് ജോലി ചെയ്യുന്നകാലത്ത് കവിത എന്ന സിനിമയ്ക്കു പാട്ടെഴുതിക്കൊണ്ട് 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്.
തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: തുഷാര, പ്രസൂന.
മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവി പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാനൂറോളം സിനിമകളിലായി 1400 ഓളം പാട്ടുകൾ അദ്ദേഹം എഴുതി. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയ രചയിതാവ് പൂവച്ചൽ ഖാദർ ആയിരിക്കും. അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ആസ്വാദകരുടെ മനസ്സിൽ ഒരുപോലെ തത്തിക്കളിക്കുന്നതാണ്.
അസാധാരണമായ സ്വീകാര്യതയാണ് ഖാദറിന്റെ ഗാനങ്ങൾക്കുണ്ടായത്. സിനിമാപ്പാട്ടുകളോടൊപ്പം ലളിതഗാനങ്ങൾ കൊണ്ടും ശ്രദ്ധേയനായി ഖാദർ. രാമായണക്കിളി… ജയദേവകവിയുടെ… തുടങ്ങിയ ഗാനങ്ങൾ നിരവധി പതിറ്റാണ്ടുകളായി കേരളത്തിലാകെ ശ്രദ്ധേയമായി നിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.