Kerala
INTERVIEW ലൗ ജിഹാദ് എന്‍ഐഎ പോലും തള്ളിയ കാര്യം; വിദ്വേഷ പ്രചാരണങ്ങളെ കരുതിയിരിക്കുക: ഫാദര്‍ പോള്‍ തേലക്കാട്ട്

കോഴിക്കോട് | ഫാസിസം ഓരോ മനസ്സിലേക്കും അരിച്ചെത്താന്‍ ശ്രമിക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ എല്ലാ വിദ്വേഷ പ്രചാരണങ്ങള്‍ക്കു പിന്നിലും ഫാസിസ്റ്റ് താല്‍പര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു തിരിച്ചറിയണമെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്.
സാമൂഹിക മാധ്യമങ്ങളിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും ലൗ ജിഹാദ് പോലുള്ള വിദ്വേഷണ പ്രചാരണങ്ങള്‍ വീണ്ടും വീണ്ടും ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍ സിറാജ് ലൈവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൗ ജിഹാദ് പോലുള്ള പ്രചാരണം ചില കേന്ദ്രങ്ങള്‍ പിന്നെയും പിന്നെയും ഉയര്‍ത്തുന്നതിനെ എങ്ങിനെ കാണുന്നു?
സമൂഹത്തില്‍ വിഭാഗീയ സൃഷ്ടിക്കാനും അതുവഴി ജനമനസ്സില്‍ നുഴഞ്ഞുകയറാനും ഫാസിസം ശ്രമിച്ചുകൊണ്ടിരിക്കും എന്നാണ് യൂറോപ്പിലെ ഫാസിസത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഫാസിസ്റ്റിനെ ഉണര്‍ത്തുകയാണ് ലക്ഷ്യം.
സംഘടിതമായി പെണ്‍കുട്ടികളെ പ്രണയത്തിലൂടെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നതിനെയാണ് ലവ് ജിഹാദ് എന്ന് ആരോപിച്ചത്. വിവിധ കേസുകള്‍ ഗൗരവമായി അന്വേഷിച്ച എന്‍ ഐ എ പോലുള്ള ഏജന്‍സികളും കേസുകള്‍ പരിഗണിച്ച ഹൈക്കോടതിയും ലൗ ജിഹാദ് എന്നൊരു പദ്ധതി ഇല്ലെന്ന് വ്യക്തമാക്കിയതാണ്. ജാതിമതങ്ങള്‍ക്കതീതമായ പ്രേമവും വിവാഹവുമെല്ലാം കാലാകാലമായി നടക്കുന്നതാണ്. മനുഷ്യന്‍ ഇടകലര്‍ന്നു വസിക്കുന്ന സമൂഹത്തിലെല്ലാം ഇത്തരം പ്രേമവും വിവാഹവുമെല്ലാം സംഭവിക്കും. ഇതിനെ മത വിദ്വേഷത്തിന്റെ കളത്തിലേക്കു മാറ്റാനുള്ള ആസൂത്രിത നീക്കത്തെയാണു കരുതിയിരിക്കേണ്ടത്. ഫാസിസം പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ ഇത്തരത്തിലുള്ള ജാഗ്രത അത്യാവശ്യമാണ്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് കോടതി വിധി ഉണ്ടായ ശേഷം ഇത്തരം ചര്‍ച്ചകള്‍ ചൂടുപിടിച്ചതായി തോന്നിയിട്ടുണ്ടോ?
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച വിധി മുസ്്ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള വിഷയമല്ല. ഈ രണ്ടു സമൂഹങ്ങളാണ് കേരളത്തിലെ പ്രമുഖ ന്യൂനപക്ഷങ്ങള്‍ എന്നത് ഒരു യാഥാര്‍ഥ്യമാണ്. സമുദായങ്ങള്‍ക്കു ലഭിക്കാനുള്ള അവകാശം നിയമപരമായി നേടിയെടുക്കാന്‍ സര്‍ക്കാറുമൊത്തുള്ള ചര്‍ച്ചകളിലൂടെ എളുപ്പം സാധിക്കേണ്ടതാണ്. അതിനെ സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ശ്രമം ആസൂത്രിതമാണ്. രണ്ടു പ്രമുഖ സമുദായങ്ങള്‍ക്കു തമ്മില്‍ അകല്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ആരായാലും അതിനെ ഫാസിസം എന്നു വിളിക്കേണ്ടി വരും. മുസ്്ലിംകളും ക്രിസ്ത്യാനികളും കേരളത്തില്‍ അയല്‍ക്കാരായും ചങ്ങാതിമാരായും കഴിയുന്നവരാണ്. അതിനെ കളങ്കപ്പെടുത്താന്‍ ഒരു ബാഹ്യ ശക്തിയേയും അനുവദിച്ചുകൂട.
വര്‍ഗീയ വല്‍ക്കരണത്തിനുള്ള നീക്കം കേരളീയ സമൂഹത്തില്‍ ശക്തമാണെന്നു കരുതുന്നുണ്ടോ?
ഇതര മത സമൂഹങ്ങളുമായി ഏറ്റുട്ടലിന്റെ പാത സ്വീകരിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹം മാര്‍പ്പാപ്പയെ അനുധാവനം ചെയ്യുന്നവരാണ്. ഈ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ അവര്‍ ബാധ്യസ്ഥരാണ്. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പാത ഫാസിസത്തിന്റേതാണ്. അത്തരം ഒരു നടപടിയിലേക്കും ക്രൈസ്തവ സമൂഹങ്ങള്‍ക്കു നീങ്ങാനാവില്ല.
സാമൂഹിക അന്തരീക്ഷം വര്‍ഗീയമാക്കാനുള്ള നീക്കം ആസൂത്രിതമായി നടക്കുന്നുണ്ട്. വിചാരത്തിനു പകരം വികാരം കൊണ്ടു ജീവിക്കുന്നവരാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നില്‍. അരക്ഷിതമായ ഒരു സമൂഹത്തെ ഉണ്ടാക്കാനും അവരെ വികാരപരമായി ഇറക്കി വിടാനും ശ്രമിക്കുന്നതു ഫാസിസത്തിന്റെ രീതിയാണ്. മതത്തിന്റെ മൗലിക തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ വൈരത്തിലേക്കു തിരിയില്ല. അവര്‍ക്ക് ശാന്തിയും സമാധാനവും തന്നെയായിരിക്കും പ്രധാനം. സാമൂഹിക മാധ്യമങ്ങളിലെല്ലാം വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ ഒരിക്കലും മത വിശ്വാസികളല്ല. വൈരം പ്രസരിപ്പിക്കുന്നവര്‍ മതത്തിന്റെ മൂടുപടം അണിയുകയാണ്. വിചാരത്തിനു പകരം വികാരം കൊണ്ടു ജീവിക്കുന്ന ഇത്തരക്കാരെ കരുതിയിരിക്കുക എന്നതാണ് സമൂഹത്തിനു ചെയ്യാനുള്ളത്.