Connect with us

Kerala

ലാബ് കണ്ടിട്ടില്ല, പഠനം പൂര്‍ത്തീകരിച്ചില്ല; അവ്യക്തതകള്‍ നീങ്ങാതെ പ്ലസ്ടു വിദ്യാര്‍ഥികള്‍

Published

|

Last Updated

പത്തനംതിട്ട | അടുത്താഴ്ച ആരംഭിക്കുന്ന പ്ലസ്ടു പ്രായോഗിക പരീക്ഷയെ സംബന്ധിച്ച അവ്യക്തത ഇനിയും നീങ്ങിയില്ല. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രായോഗിക പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരാഴ്ച നീക്കിവച്ചെങ്കിലും ആശങ്കയൊഴിയുന്നില്ല. കണക്കിന്റെ പ്രായോഗിക പരീക്ഷ ഇതാദ്യമാണ്. ഇത് ഏതു രീതിയിലാകുമെന്ന് കുട്ടികള്‍ക്ക് നിശ്ചയമില്ല. കഴിഞ്ഞ ഒരുവര്‍ഷം സ്‌കൂളിലെത്തിയത് വളരെ കുറച്ചു ദിവസങ്ങളാണ്. അതാകട്ടെ വാര്‍ഷിക പരീക്ഷയുടെ തയാറെടുപ്പിനു വേണ്ടിയായിരുന്നു. ഇക്കാലയളവില്‍ പ്രായോഗിക പരീക്ഷയെ സംബന്ധിച്ച് അധ്യാപകര്‍ ക്ലാസെടുത്തതുമില്ല.

യു ട്യൂബ് സഹായത്തോടെ തയാറെടുപ്പ് നടത്താനാണ് പലയിടത്തും കുട്ടികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. സയന്‍സ് പരീക്ഷകള്‍ കഴിഞ്ഞെങ്കിലും പ്രാക്ടിക്കല്‍ ലാബുകളില്‍ ഇത്തവണ കുട്ടികള്‍ കയറിയിട്ടില്ല. ഈ ഒരാഴ്ച കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രായോഗിക പരിശീലനം നടത്താനാകില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. സയന്‍സ്, കൊമേഴ്സ് ബാച്ചുകളിലെ കുട്ടികള്‍ക്ക് പ്രായോഗിക പരീക്ഷയുണ്ട്. ഇവരെയെല്ലാവരെയും ഒന്നിച്ചു സ്‌കൂളില്‍ വരുത്താനാകില്ല. ബാച്ചുകളായി തിരിച്ചും പരിശീലനം നല്‍കാനാകില്ല.

പ്രായോഗിക പരീക്ഷയ്ക്കു മുമ്പായി ലാബുകള്‍ അണുവിമുക്തമാക്കേണ്ടതുണ്ട്. ഇത്തരം ജോലികളും ഈയാഴ്ചയാണ് നടത്തേണ്ടത്. കുട്ടികളുടെ റിക്കാര്‍ഡ് ബുക്കുകളും പല സ്‌കൂളുകളിലും പൂര്‍ത്തിയായിട്ടില്ല. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കി അധ്യാപകര്‍ പരിശോധിച്ച് ഒപ്പുവയ്ക്കുന്ന ജോലികള്‍ ഈയാഴ്ച നടന്നേക്കും.

Latest