Kerala
ചാര്‍ജ് വര്‍ധന പരിഗണനയിലില്ലെന്ന് മന്ത്രി; കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് സര്‍വീസ് തുടങ്ങി

തിരുവനന്തപുരം | ഇന്ധന വില ഭീമമായി വര്‍ധിച്ചതിനെ തുടര്‍ന്നുള്ള കെ എസ് ആര്‍ ടി സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചാര്‍ജ് വര്‍ധന പരിഗണനയിലില്ലെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. വകുപ്പില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ ബേങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ധന ചെലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള വാഹനമാണ് എല്‍ എന്‍ ജിയുടെത്. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് എല്‍ എന്‍ ജി ബസുകള്‍ സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുക. പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡാണ് ബസുകള്‍ കൈമാറിയത്. ഇന്ധന ക്ഷമതയും സാമ്പത്തിക ലാഭവും വിലയിരുത്തിയ ശേഷം 400 ബസുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.