Connect with us

Travelogue

ഷാഹി സിന്ദ: നിർമാണത്തിലെ അത്ഭുതം

Published

|

Last Updated

 

ഷാഹി സിന്ദ സ്മാരകത്തിനരികെ ഡോ. അബ്ദുൽ ഹകീം അസ്ഹരിയും സഹയാത്രികരും

കോംബൗണ്ടിന്റെ മറ്റൊരു ഭാഗത്ത് ഇമാം ബുഖാരിയുടെ നാമധേയത്തിൽ വലിയൊരു വിദ്യാഭ്യാസ സ്ഥാപനം ഉയർന്നുവരുന്നതും കാണാം. അറിവ് തേടി ഇമാം ബുഖാരി(റ) ലോകം ചുറ്റിയത് പോലെ അറിവ് പ്രസരണം ചെയ്യാനും നൽകാനും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ സ്വീകരിക്കാൻ തക്കവണ്ണമുള്ള രീതിയിലാണ് നിർമാണം. നേരമേറെ അവിടെ ചെലവഴിച്ചു. ചുറ്റുപാടും കാഴ്ചകൾ തേടി നടന്നു. ഉസ്ബെക്കും റഷ്യനും മാത്രമറിയുന്ന തദ്ദേശീയരോട് ആംഗ്യഭാഷയിൽ ഒരുപാട് സൊറ പറഞ്ഞു.

തണുത്ത ശീതക്കാറ്റ് വീണ്ടും അടിച്ചുവീശി ത്തുടങ്ങിയപ്പോളാണ് അമളി പറ്റിയത് മനസ്സിലായത്. ശൈത്യഭൂമിയിൽ കുറച്ചു നേരത്തേക്ക് ശീതമനുഭവിക്കാതിരിക്കുമ്പോഴേക്ക് മേൽവസ്ത്രം ഉരിഞ്ഞുമാറ്റുന്നത് ഭൂഷണമല്ലെന്ന് മനസ്സിലായി. എല്ല് തുളയ്ക്കുന്ന കാറ്റ് വരുന്നുണ്ട്, എത്രയും പെട്ടെന്ന് ബസിൽ അഭയം പ്രാപിക്കണം. സാധാരണയിൽ അത്തരം കാറ്റ് ലഭിച്ചു ശീലമില്ലാത്തവർ അത് അനുഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇനിയുമേറെ ദിവസങ്ങളും കാഴ്ചകളും ബാക്കിയുള്ളതിനാൽ ഇമാം ബുഖാരി(റ)യോട് സലാം പറഞ്ഞു അടുത്ത കാഴ്ചകളിലേക്ക് നീങ്ങി. കാന്തപുരം ഉസ്താദ് പറയുന്നത് കേട്ടിട്ടുണ്ട്, ഇമാം ബുഖാരി(റ)യുടെ സനദിലുള്ള ഒരു രിജാൽ(വ്യക്തി) പോലും വിലായത്തിന്റെ സ്ഥാനം എത്തിക്കാതിരുന്നിട്ടില്ലെന്ന് ! അത്രയുമധികം സ്വാലിഹീങ്ങളുമായുള്ള സഹവാസം തന്നെയായിരുന്നു ഇമാം ബുഖാരി(റ)യുടെ വിജയവും.

ഇമാം ബുഖാരി(റ)യുടെ അടുക്കൽ നിന്നും മടങ്ങുമ്പോൾ ബസിലെ പ്രധാന സംസാര വിഷയം അവിടുത്തെ മസ്ജിദിൽ നമ്മൾ അനുഭവിച്ച ഒരു പ്രത്യേക കാര്യമായിരുന്നു. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ സാധാരണ പോലെ ഷൂസുകൾ ഊരി വെച്ചുപോയ നമ്മൾ മടങ്ങിവരുമ്പോൾ കാണുന്നത് അവയൊക്കെ തന്നെയും എളുപ്പത്തിൽ ധരിക്കാൻ പറ്റുന്ന രൂപത്തിൽ നിരനിരയായി നാട്ടുകാർ തിരിച്ചുവെച്ചിരിക്കുന്നു. ഇനി ആർക്കെങ്കിലും ഷൂ ധരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി തോന്നുന്നുവെന്ന് അവർക്ക് മനസ്സിലായാൽ ഉടൻ ഷൂ ഹോണുമായി വന്നു നമ്മളെ സഹായിക്കുന്നുമുണ്ട്. ഉസ്ബെക്കിസ്ഥാനിൽ കഴിഞ്ഞ ദിനങ്ങൾ മുഴുവൻ ഈ അനുഭവമുണ്ടായിട്ടുണ്ട്. അതുപോലെ അംഗശുദ്ധി വരുത്തി കഴിഞ്ഞാൽ മുഖവും കൈകാലുകളൂം തുടക്കാൻ വേറെ വേറെ കർച്ചീഫുകൾ എടുത്ത് തരാൻ സഹായിക്കുന്നവരിൽ പ്രായഭേദമന്യേ എല്ലാവരും ഉത്സാഹിക്കുന്നതും നമുക്ക് ഹൃദ്യമായ അനുഭവങ്ങളാണ്

വിദ്യാസമ്പന്നരെന്ന് നാം ഗർവ് നടിക്കുമ്പോഴും പലപ്പോഴായി നമുക്ക് നഷ്ടമായി പോകുന്നത് ഒരു അതിഥിക്ക് നമ്മുടെ നാടിനെ എപ്പോഴും സ്മരിക്കാനുള്ള എന്താണ് നാം മടക്കി നൽകുന്നതെന്നാണ്? വൃത്തിയെ കുറിച്ച് വാചാലരാകുമ്പോഴൊക്കെ നമ്മുടെ ചുറ്റുപാടുകൾ വൃത്തിഹീനമായിരിക്കും. ഇങ്ങനെയാണ് ഏത് കാര്യങ്ങളും. അനുഭവങ്ങളിൽ നിന്നും കാഴ്ചപ്പാടുകൾ രൂപവത്കരിക്കപ്പെടുന്നത് ഇത്തരം ഇടങ്ങളിൽ നിന്നായിരിക്കുമെന്നത് തീർച്ച. അര മണിക്കൂറിനിടയിൽ ബസ് ഷാഹി സിന്ദ കോംപ്ലക്സിലെത്തിച്ചേർന്നു. നിർമാണ കലയുടെ അത്ഭുതം തന്നെയാണ് ഷാഹി സിന്ദ സ്മാരകം. ഇത് നിർമിച്ച തിമൂറിയൻ ഡൈനാസ്റ്റിയോട് ലോകം കടപ്പെട്ടിരിക്കുന്നു. അത്രത്തോളം സൗന്ദര്യമാണ് ഷാഹി സിന്ദ സ്മാരകം. ഒരുപാട് മഹത്തുക്കളെ മറവ് ചെയ്തിരിക്കുന്നു. അതിൽ അറിയപ്പെടുന്നത് ഖുസം ബിൻ അബ്ബാസ്(റ) എന്ന തിരുനബി (സ്വ) യുടെ പിതൃവ്യ പുത്രനാണ്. മുഹമ്മദ് നബി(സ്വ) യോട് ശാരീരികമായി വളരെയധികം സാദൃശ്യം പുലർത്തിയ സ്വഹാബി വര്യനാണ്. ഷാഹി സിന്ദ (ജീവിച്ചിരിക്കുന്ന ചക്രവർത്തി) എന്ന പേരിലാണ് മഹാൻ അറിയപ്പെടുന്നത് തന്നെ.

ഉസ്ബെക്കിസ്ഥാനിലെ വാസ്തുകലയെ പ്രതിപാദിക്കാതെ ഒരു സ്മാരകത്തെ കുറിച്ചും വർണിക്കാൻ കഴിയില്ല. കറ കളഞ്ഞ നീലാകാശം ഉസ്ബെക്കിന്റെ അനുഗ്രഹമാണ്. നമ്മുടെ നാട്ടിൽ നിന്നും വിഭിന്നമായി എന്തോ ഒരു പ്രത്യേകത ആ അന്തരീക്ഷം നമുക്ക് നൽകുന്നുണ്ട്. അവിടുത്തെ വാസ്തുശിൽപ്പികളാണ് ഈ നീലാകാശങ്ങളെ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത്. എല്ലാ നിർമിതികളിലും നീല വർണങ്ങളാൽ തീർത്ത പിഞ്ഞാണ നിർമാണ കല ഒരുവേള നമ്മുടെ ഹൃദയത്തിന് കുളിര് പകരും. ഒട്ടുമിക്ക നിർമിതികളും ഗോൾഡൻ റേഷ്യോ എന്ന ആർകിടെക്ട് ഭംഗിയോട്‌ കടപ്പെട്ടിരിക്കുന്നു. ആ നീല താഴികക്കുടങ്ങളിലൂടെ നീലാകാശത്തിലേക്കുള്ള കാഴ്ച അതിസുന്ദരം തന്നെ! കെട്ടിട നിർമാണത്തിൽ കാണിക്കുന്ന സൂക്ഷ്മമായ അടയാളപ്പെടുത്തലുകൾ നൂറ്റാണ്ടുകളോളം നിലനിൽക്കുന്നുവെന്നും പിന്നീടുള്ള ചരിത്രകാരന്മാർക്കും ആർക്കിറ്റെക്ട് വിദ്യാർഥികൾക്കും നാം പണിയുന്നത് ഒരു മാതൃകയായി തീരണമെന്നും ആഗ്രഹിച്ചു നമ്മുടെ നാട്ടിലെ കെട്ടിടങ്ങൾ പണിതാൽ ഇവിടെയുള്ള കെട്ടിടങ്ങളെ കുറിച്ചും നമുക്ക് അത്ഭുതം കൂറാം. “കെട്ടിടങ്ങൾ പണിയേണ്ടത് സിമന്റും കമ്പിയും കൊണ്ടല്ല ഹൃദയത്തിൽ നിന്നുള്ള കരങ്ങൾ കൊണ്ടായിരിക്കണമെന്ന്” ഒരു സിവിൽ എൻജിനിയറിംഗ് വിദഗ്ധന്റെ ക്ലാസ് ലഭിച്ചത് ഓർക്കുന്നു. അപ്പോഴാണ് ആ എൻജിനീയർ ഒരു ചരിത്ര പുരുഷനും ആ നിർമിതി ഒരു ചരിത്രവുമാകുന്നത്.
ഇഷ്ടികക്കല്ലുകളാൽ പാകിയ വഴികൾ, അതിന്റെ ഇരു വശങ്ങളിലുമായി മഴവെള്ളം ഒലിച്ചു പോകാനുള്ള പാത്തികൾ, ചില ഇഷ്ടികക്കെട്ടുകളുടെ മേൽ മനോഹരമായ നിറക്കൂട്ടുകളാൽ അലങ്കരിച്ചിട്ടുമുണ്ട്. വലിയ തിരക്കൊന്നും അനുഭവപ്പെടാത്ത ഇടമാണ്. പ്രായമേറിയ ആളുകളാണ് സന്ദർശകരിൽ ഏറെയും. പതിറ്റാണ്ടുകളോളം അവർക്ക് നഷ്ടമായ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയപ്പോൾ ഗതകാല കടങ്ങൾ വീട്ടാനുള്ള ശ്രമത്തിലെന്നു തോന്നിപ്പോകും. വളരെ അവശരായ പ്രായക്കാർ വരെ ചെറുപ്പക്കാരായ ഞങ്ങളോട് കാണിച്ച സ്നേഹവും പരിഗണനയും ഹൃദയം കവർന്ന അനുഭവങ്ങൾ തന്നെയായിരുന്നു.

ഷാഹി സിന്ദയുടെ കാഴ്ചകളിൽ അഭിരമിച്ച് നടക്കുന്നതിനിടയിൽ ഒരു ഖബറിന്റെ അരികിൽ ചുംബനമർപ്പിച്ചു കൊണ്ട് ഒരു വൃദ്ധൻ നനവാർന്ന കണ്ണുകളുമായി ഇരിക്കുന്നത് കാണാനിടയായി. കാര്യമന്വേഷിച്ചപ്പോൾ സോവിയറ്റ് ക്രൂര ഭരണ നാളുകളിൽ കിരാതമായ പീഡന മുറകളാൽ മരണപ്പെട്ട ഇദ്ദേഹത്തിന്റെ കുടുംബത്തിലൊരംഗത്തിന്റെ ഖബറാണത്രേ. ത്രസിപ്പിക്കുന്ന ഓർമകൾ അയവിറക്കുമ്പോൾ അതിനെ അദ്ദേഹത്തിന്റെ കണ്ണുകൾ അടയാളയപ്പെടുത്തിയത് ആ കണ്ണുനീരിലൂടെയാണ്. നമ്മെ അമ്പരപ്പിക്കുന്ന കാഴ്ചകൾക്കൊക്കെയും വേദനയുടെയും വേർപാടിന്റെയും ഒരുപാട് കഥകൾ പറയാനുണ്ടാകുമെന്ന നഗ്നസത്യം എനിക്ക് ബോധ്യമാക്കി തരുകയായിരുന്നു ഷാഹിസിന്ദാ സന്ദർശനം.

Latest