Kerala
എൻ കെ മുഹമ്മദ് മൗലവി അന്തരിച്ചു

മലപ്പുറം | പ്രമുഖ പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എൻ കെ മുഹമ്മദ് മൗലവി നിര്യാതനായി. ഗ്രന്ഥകാരനും നുസ്‌റത്തുൽ അനാം മാസിക ചീഫ് എഡിറ്ററും വണ്ടൂർ ജാമിഅഃ വഹബിയ്യയുടെ ചാൻസലറുമാണ്.
1931 സെപ്തംബർ 21ന് നടുവത്ത് കളത്തിൽ സൈതാലിയുടെയും ആഇശുമ്മയുടെയും മകനായി ജനനം. മഞ്ചേരി മുഫീദുൽ ഉലൂം ദർസിൽ ഓവുങ്ങൽ അബ്ദുർറഹ്മാൻ മുസ്ലിയാരിൽ നിന്ന് ദർസ് പഠനം ആരംഭിച്ചു. വണ്ടൂർ ജുമുഅത്ത് പള്ളിയിൽ കെ കെ സ്വദഖത്തുല്ല മുസ്ലിയാരിൽ നിന്ന് ദർസ് പഠനം പൂർത്തിയാക്കി. തുടർന്ന് വെല്ലൂർ ബാഖിയാത്തിൽ നിന്ന് 1960ൽ ഒന്നാം ഗ്രേഡ് ആയി വിജയിച്ചു.
1960 മുതൽ 1964 വരെ കണ്ണൂരിലെ ചപ്പാരപ്പടവിൽ മുദർരിസായിരുന്നു. 1964 മുതൽ ആറ് ദശാബ്ദമായി പരപ്പനങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ സ്വദർ മുദർരിസാണ്. അവിഭക്ത സമസ്തയിൽ 1962 മുതൽ കേന്ദ്ര മുശാവറ അംഗമായിരുന്നു. 1967 മുതൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗവും ഫത്വ സമിതി അധ്യക്ഷനുമാണ്.
കർമശാസ്ത്ര പാഠങ്ങൾ, ഹജ്ജ്- ഉംറ, വൈവാഹിക നിയമങ്ങൾ, ശൈഖുൽ മശാഇഖ് ഔക്കോയ മുസ്ലിയാർ, സമ്പൂർണ കർമശാസ്ത്രം എന്നിവ രചനകളാണ്.
പാലേംപടിയൻ കാപ്പാട്ട് മൈമൂന ഹജ്ജുമ്മ (ഇരുമ്പുഴി)യാണ് ഭാര്യ. മക്കൾ: അബ്ദുന്നാസർ വഹബി, ഹുസൈൻ വഹബി, കുഞ്ഞുമൊയ്തീൻ വഹബി, റുഖിയ്യ, ഖദീജ. ജാമാതാക്കൾ: പരേതനായ പുല്ലൂർ അബ്ദുർറഹീം ബാഖവി, മുഹമ്മദ് ബാഖവി (തിരുവനന്തപുരം). ഖബറടക്കം തിങ്കൾ രാവിലെ പത്തിന് കടൂപുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.