Connect with us

Kerala

പ്രതാപികള്‍ വാണ കസേര സുധാകരന് ചേരുമോ? സംശയം ജനിപ്പിച്ച് സി പി എം തന്ത്രം

Published

|

Last Updated

കോഴിക്കോട് | സുധാകരന് എതിരായ മുഖ്യമന്ത്രിയുടെ ആരോപണശരങ്ങള്‍, പ്രതാപശാലികള്‍ വാണ കെ പി സി സി പ്രസിഡന്റിന്റെ കസേര കെ സുധാകരന് യോജിച്ചതല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള സി പി എം തന്ത്രമോ? കണ്ണൂരിലെ പഴയ ഡി സി സി പ്രസിഡന്റില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ അഭിമാന സ്തംഭമായ കെ പി സി സി പ്രസിഡന്റ് പദവിയില്‍ എത്തുമ്പോഴും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കെ സുധാകരനു സംഭവിക്കില്ലെന്നു വരുത്തിത്തീര്‍ക്കുവാനുള്ള സിപിഎമ്മിന്റെ ചൂണ്ടയാണ് ഇന്നലെ മുഖ്യമന്ത്രി എറിഞ്ഞത് എന്നാണ് വിലയിരുത്തല്‍.

പരമ്പരാഗത കോണ്‍ഗ്രസ് അനുഭാവികള്‍ കെ പി സി സി പ്രസിഡന്റിന്റെ പദവിക്കു വലിയ മഹത്വം കല്‍പ്പിക്കുന്നുണ്ട്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പയറ്റി ശീലിച്ച പോരിനുവിളിയും അധിക്ഷേപം ചൊരിയലും തന്നെയാവും പുതിയ പദവിയിലും സുധാകരന്റെ മുഖമുദ്ര എന്നു വരുത്തിത്തീര്‍ക്കാന്‍ കഴിഞ്ഞാല്‍ സി പി എം തന്ത്രം വിജയിക്കും. കഴിഞ്ഞ ദിവസം ബ്രണ്ണന്‍ കോളജ് ഓര്‍മകള്‍ അഴിച്ചു വിട്ട് മുഖ്യമന്ത്രി സുധാകരനെതിരെ കുരുക്കൊരുക്കിയത് ഈ തന്ത്രത്തിന്റെ ഭാഗമാണെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

1959 ല്‍ ആര്‍ ശങ്കറില്‍ തുടങ്ങുന്നതാണ് കെ പി സി സി പ്രസിഡന്റുമാരുടെ പരമ്പര. കോണ്‍ഗ്രസ്സിലെ തലയെടുപ്പുള്ള നേതാക്കളുടെ വലിയൊരു നിരയാണ് ഈ പദവികള്‍ അലങ്കരിച്ചത്. കെ സി എബ്രഹാം, ടി ഒ ബാവ, കെ കെ വിശ്വനാഥന്‍ എന്നിവര്‍ക്കു ശേഷം കെ എം ചാണ്ടി, എസ് വരദരാജന്‍, എ കെ ആന്റണി, എ എല്‍ ജേക്കബ്, സി വി പത്മരാജന്‍, വയലാര്‍ രവി, തെന്നല ബാലകൃഷ്ണപിള്ള, കെ മുരളീധരന്‍, പി പി തങ്കച്ചന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍, എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ പക്വമതികളായ നേതാക്കളാണ് കഴിഞ്ഞ ആറു പതിറ്റാണ്ടിനുള്ളില്‍ കെ പി സി സി പ്രസിഡന്റുമാരായി കോണ്‍ഗ്രസ്സിനെ നയിച്ചത്.

പാര്‍ട്ടിയെ നയിക്കുന്നതിലുള്ള അനുഭവ സമ്പത്തും കേരളീയ സമൂഹത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതിലുള്ള വ്യക്തിവിശേഷവും തന്നെയായിരുന്നു ഈ കെ പി സി സി പ്രസിഡന്റുമാരുടെ മുഖമുദ്ര. എന്നാല്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്നുണ്ടായ ആന്തരിക സംഘര്‍ഷത്തില്‍ ഉലയുന്ന പാര്‍ട്ടിയെ നയിക്കാനാണ് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞു എന്ന പ്രതിച്ഛായയുമായി കെ സുധാകരന്‍ എത്തുന്നത്. ഇടതു തുടര്‍ഭരണത്തിന് കേരളത്തില്‍ പശ്ചാത്തലമൊരുക്കി എന്നതിന്റെ പേരില്‍ കെ പി സി സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയുമെല്ലാം ഹൈക്കമാന്റ് നിഷ്‌കരുണം കൈവിട്ടപ്പോഴാണ് മുഖ്യമന്ത്രിയോട് ഏറ്റുമുട്ടാന്‍ കെല്‍പ്പുള്ള നേതാവെന്ന നിലയില്‍ സുധാകരന്‍ ആ പദവിയില്‍ എത്തുന്നത്.

ഇതു മനസ്സിലാക്കിയാണ് സി പി എം തന്ത്രം ആവിഷ്‌കരിക്കുന്നത്. പ്രതാപശാലികളായ പഴയ കെ പി സി സി പ്രസിഡന്റുമാരുടെ നിലവാരത്തിലേക്ക് സുധാകരനെ ഉയരാന്‍ അനുവദിക്കാതെ പഴയ കണ്ണൂര്‍ നേതാവിന്റെ നിലവാരത്തില്‍ തളച്ചിടുക എന്നതാണ് ആ തന്ത്രം. സുധാകരന്റെ ശക്തിയും ദൗര്‍ബല്യങ്ങളും വ്യക്തമായി അറിയുന്ന കണ്ണൂരിലെ നേതാക്കള്‍ തന്നെയാണ് സുധാകരനെ തളച്ചിടാന്‍ മുന്നിലുണ്ടാവുക.

കെ സുധാകരന്‍ ആദ്യം ജനതാപാര്‍ട്ടിയിലും പിന്നീട് ജനതാ (ജി)യിലും തുടര്‍ന്ന് കമലം ഗ്രൂപ്പിലുമായി പോയി. 1987ല്‍ എം കമലത്തിനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ണൂരിലെ ഏറ്റവും വലിയ സി പി എം വിരോധി താനാണെന്നു പാര്‍ട്ടിയിലെ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ എടുത്തണിഞ്ഞ വേഷമാണ് ഇപ്പോഴും സുധാകരന്‍ ആടുന്നത് എന്നു വരുത്തിത്തീര്‍ക്കല്‍ സി പി എമ്മിന്റെ ആവശ്യമാണ്. കെ പി സി സി അംഗമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തനം തുടങ്ങിയ സുധാകരന്‍ സി പി എമ്മിന് എതിരായ മൂര്‍ച്ചയേറിയ പ്രയോഗങ്ങളിലൂടെ അതിവേഗം ഒരുവിഭാഗത്തിന്റെ ആവേശമായി മാറുകയായിരുന്നു.

1992ല്‍ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ പലവിധ സമ്മര്‍ദങ്ങളിലൂടെ എ, ഐ കൂട്ടുകെട്ടിനെ തോല്‍പ്പിച്ച് കെ സി വേണുഗോപാലിന്റെ സഹായത്തോടെ കണ്ണൂര്‍ ഡി സി സി പ്രസിഡന്റായതോടെയാണ് കണ്ണൂരില്‍ സുധാകരന്‍ യുഗം തുടങ്ങുന്നത്. അതുവരെ കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിച്ചിരുന്ന എന്‍ രാമകൃഷ്ണനെയും കെ പി നൂറുദ്ദീനെയും നിഷ്പ്രഭരാക്കി നേതാവായ കെ സുധാകരന്‍ സി പി എമ്മിനോട് ഏറ്റുമുട്ടലിനു തയ്യാറായി കോണ്‍ഗ്രസ് ശൈലിക്ക് പുതിയമുഖം നല്‍കിയാണു വളര്‍ന്നത്.

ദീര്‍ഘകാലം ഡി സി സി പ്രസിഡന്റായും മന്ത്രിയായും എം പിയായും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞ സുധാകരന്‍ നിരന്തരം സി പി എമ്മുമായി യുദ്ധംചെയ്തു വാര്‍ത്തകളിലും ഇടംപിടിച്ചു. സി പി എം പ്രവര്‍ത്തകനായിരുന്ന നാല്‍പ്പാടി വാസു വധക്കേസും സി പി എം നേതാവ് ഇ പി ജയരാജനെതിരേ രാജധാനി എക്‌സ്പ്രസില്‍വെച്ചുണ്ടായ വധശ്രമവുമെല്ലാം സുധാകരനു പോരാളിയുടെ മുഖം നല്‍കി.
സി പി എമ്മിന് അനഭിമതരായപ്പോള്‍ എം വി രാഘവനേയും എ പി അബ്ദുല്ലക്കുട്ടിയേയും എല്ലാം ഉപയോഗിച്ച് അദ്ദേഹം സി പി എമ്മിനോടു പോരടിച്ചു. അണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കാനുള്ള പ്രസംഗശൈലിയാണ് സുധാകരനെ ഇതരജില്ലയിലെ കോണ്‍ഗ്രസുകാര്‍ക്കും പ്രിയങ്കരനാക്കിയത്. കണ്ണൂരില്‍ സി പിഎമ്മിനെ തടഞ്ഞുനിര്‍ത്തുന്നത് സുധാകരനാണെന്ന ധാരണയും ഇതൊടൊപ്പം പ്രചരിപ്പിച്ചു.

അന്നും ഇന്നും സുധാകരന്റെ ശൈലിയോട് വിയോജിപ്പുള്ള ഒരുവിഭാഗം കണ്ണൂരിലെ കോണ്‍ഗ്രസിലുണ്ടായിരുന്നു. തുടക്കംമുതല്‍ സുധാകരനൊപ്പമുണ്ടായിരുന്ന ചിലനേതാക്കള്‍ പലകാരണങ്ങളാല്‍ ഇടക്കാലത്ത് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരിലെ എം പിയായിരിക്കെ സുധാകരന്‍ പ്രസിഡന്റായ കണ്ണൂര്‍ ഡി സി സി ഓഫീസിലേക്ക് കയറാറാന്‍ പോലും തയ്യാറായില്ല.

കെ പി സി സി പദവിക്ക് മഹത്വം ദര്‍ശിക്കുന്ന നേതാക്കള്‍ സുധാകരന്‍ ആ കസേരയില്‍ എത്തുന്നതിനും എതിരായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ കെ സി വേണുഗോപാലിന്റെ ചരടുവലിയില്‍ തന്നെയാണ് സുധാകരന്‍ കെ പി സി സി പ്രസിഡന്റ് പദവിയിലെത്തുന്നത്. അതിനാല്‍ തന്നെ ഒരക്ഷരം ഉരിയാടാതെ പ്രമുഖ ഗ്രൂപ്പുകളും മുതിര്‍ന്ന നേതാക്കളും മൗനം പാലിച്ചു. ആ മൗനത്തിന് ഒറ്റ അര്‍ഥമെ ഉണ്ടായിരുന്നുള്ളു. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്ന ആത്മഗതം മാത്രം. കണ്ടറിയാത്തവര്‍ കൊണ്ടറിയും എന്നു പറഞ്ഞു മൗനം പാലിച്ച കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളുടെ ഉള്ളം മനസ്സിലാക്കിയാണ് സി പി എം നീക്കം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest