Connect with us

National

പട്ടേല്‍ ഇന്ന് മടങ്ങാനിരിക്കെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം

Published

|

Last Updated

കവരത്തി | അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോട്ട പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം കടുപ്പിച്ച് ജനങ്ങള്‍. പട്ടേല്‍ ദ്വീപിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെ വീടുകളില്‍ ലൈറ്റ് അണച്ച് പാത്രം കൊട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. സ്ത്രീകളും കുട്ടികളുമെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി.
അതിനിടെ ബി ജെ പി ഓഫീസുകളില്‍ പ്രതിഷേധക്കാര്‍ കരിഓയില്‍ ഒഴിച്ചു. കവരത്തിയിലെ രണ്ട് ബി ജെ പി ഓഫീസുകളിലും ഭരണകൂടം സ്ഥാപിച്ച ഫല്‍ക്സുകള്‍ക്കും നേരെയാണ് കരി ഓയില്‍ പ്രതിഷേധമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

അതേസമയം, സ്വകാര്യ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആഇശ സുല്‍ത്താന ഇന്ന് ദ്വീപിലേക്ക് തിരിക്കും. നാളെ കവരത്തി പോലീസിന് മുന്നില്‍ ഹാജരാകാനാണ് ആഇശയോട് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ബി ജെ പി ദ്വീപ് ഘടകം പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് രാജ്യദ്രോഹ കേസ് ചുമത്തപ്പെട്ടത്.

 

Latest