Connect with us

National

ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് അന്തരിച്ചു

Published

|

Last Updated

ചണ്ഡീഗഡ് | ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ് (91) അന്തരിച്ചു. കോവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് ചണ്ഡീഗഡിലെ പിജിഐഎംഇആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശരീരത്തിൽ ഓക്സിജന് അളവ് കുറഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.

ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ അഞ്ച് ദിവസം മുമ്പാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പറക്കും സിംഗ്  പേരിലറിയപ്പെടുന്ന മിൽഖ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ സ്വർണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വർഷങ്ങളിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മിൽഖ സിങ് 1956 മെൽബൺ ഒളിമ്പിക്സിലും 1960 റോം ഒളിമ്പിക്സിലും 1964 ടോക്യോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.

ഏഷ്യൻ ഗെയിംസിൽ നാല് തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ നാലാം സ്ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്.

1958-ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററിലും അദ്ദേഹം സ്വർണ്ണം നേടിയിട്ടുണ്ട്. 1964-ൽ കൊൽക്കത്തയിൽ നടന്ന ദേശീയ ഗെയിംസിൽ 400 മീറ്ററിൽ അദ്ദേഹം വെള്ളിയും നേടി. രാജ്യത്തിനായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 1959-ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.