Connect with us

Health

പെട്ടെന്നുള്ള നെഞ്ചുവേദന അനുഭവപ്പെടാറുണ്ടോ?

Published

|

Last Updated

പെട്ടെന്നുണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടല്‍, കൈകാലുകള്‍ തളരുന്ന പോലെ അനുഭവപ്പെടുക തുടങ്ങിയവ അവഗണിക്കരുത്. ഇതൊരുപക്ഷേ പാനിക് അറ്റാക്കിന്റെ രോഗലക്ഷണമാകാം. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോയി ടെസ്റ്റുകള്‍ നടത്തിയാലും രോഗം ആദ്യം തിരിച്ചറിഞ്ഞെന്നുവരില്ല.

എന്താണ് പാനിക് അറ്റാക്ക്?

പാനിക് അറ്റാക് ഒരു ഉത്കണ്ഠ രോഗമാണ്. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളോട് വളരെയധികം സാമ്യുമുള്ള ഈ രോഗം സാധാരണഗതിയില്‍ 20 – 25 വയസ്സു പ്രായമുള്ള സ്ത്രീകളിലാണ് കൂടുതലായും കാണപ്പെടുന്നത്. നെഞ്ചുവേദന, ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ് കൂടുക, തൊണ്ട വരളുക, തൊണ്ടയില്‍ എന്തോ കുടുങ്ങിയതായി തോന്നല്‍, വയറുകാളല്‍, ശരീരം വിറയ്ക്കുക, മനം പുരട്ടല്‍, കണ്ണില്‍ ഇരുട്ടുകയറുക, ഭ്രാന്തുപിടിക്കുന്ന അവസ്ഥ, മരിക്കുമെന്ന തോന്നല്‍, തലകറങ്ങുന്നപോലെ അനുഭവപ്പെടുക, കൈകാലുകള്‍ തണുക്കുക തുടങ്ങിയവ പാനിക് അറ്റാക് അഥവാ പാനിക് ഡിസോര്‍ഡറിന്റെ ലക്ഷണങ്ങളാണ്.

നാലോ നാലില്‍ അധികം ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ പാനിക് അറ്റാക് കണ്ടുപിടിക്കാന്‍ സാധിക്കും. അഞ്ചു മുതല്‍ പത്തുമിനിട്ട് വരെയാണ് സാധാരണയായി രോഗാവസ്ഥ നിലനില്‍ക്കുക. ചിലരില്‍ ഒരു മാസത്തില്‍ പലതവണയായി രോഗം വരുന്നതായും കണ്ടുവരാറുണ്ട്.

കാരണങ്ങളും പരിഹാരങ്ങളും

തലച്ചോറിലെ രാസവസ്തുക്കള്‍ അഥവാ ന്യൂറോട്രാന്‍സ്മീറ്റേഴ്‌സിന്റെ അളവില്‍ വ്യത്യാസം വരുന്നതുകൊണ്ടാണ് പാനിക് അറ്റാക്ക് അല്ലെങ്കില്‍ പാനിക് ഡിസോര്‍ഡര്‍ ഉണ്ടാകുന്നത്. സെറടോണിന്‍, നോറെപിനെഫ്‌റിന്‍, ഗാബ എന്നീ രാസവസ്തുക്കളാണിവ. ഒരു തവണ അറ്റാക്ക് വന്നിട്ടുണ്ടെങ്കില്‍ വീണ്ടും വരുമോ എന്ന ഭീതി വ്യക്തികളില്‍ ഉണ്ടാകുന്നു. ഈ ഭയത്തിലായിരിക്കും പിന്നീടുള്ള അവരുടെ ജീവിതം. ഇത് അവരെ വീടിനു പുറത്തുപോകാന്‍ പോലും പേടി ഉണ്ടാകുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നു. കൃത്യമായ ചികിത്സ ആവശ്യമായ അസുഖമാണിത്.

പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ എല്ലാ പരിശോധനകളും ടെസ്റ്റുകളും നടത്തിയതിനുശേഷം മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. കാരണം പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ പാനിക് അറ്റാക്കുമായി സാമ്യമുള്ളതാണ്. ഹാര്‍ട്ട് അറ്റാക്ക്, ആസ്തമ, തൈറോയ്ഡ് ഗ്രന്ഥി രോഗങ്ങള്‍, അഡ്രിനല്‍ ഗ്രന്ഥി രോഗങ്ങള്‍, ഹൈപ്പോഗ്ലൈസീമിയ, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയല്‍ എന്നീ രോഗങ്ങള്‍ പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ്. അതുകൊണ്ട് ഈ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

പാനിക് അറ്റാക്ക് കണ്ടുപിടിച്ചു കഴിഞ്ഞാല്‍ സൈക്യാട്രിസ്റ്റിന്റെ ഉപദേശം തേടേണ്ടതാണ്. തലച്ചോറിലെ രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാനുള്ള ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്. കൃത്യമായി മരുന്ന് കഴിക്കുന്നതിനോടൊപ്പം റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍, കോഗ്‌നിറ്റിവ് ബിഹേവിയറല്‍ തെറാപ്പി തുടങ്ങിയ ചികിത്സാരീതികളും ചെയ്താല്‍ പാനിക് അറ്റാക് പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. അഞ്ജലി വിശ്വനാഥ്
സൈക്യാട്രിസ്റ്റ്
സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, കോഴിക്കാട്

തയ്യാറാക്കിയത്:
റഫീഷ പി