Connect with us

Kerala

ഒപ്പമുള്ളവര്‍ ഒറ്റുകാര്‍; ചെന്നിത്തലയുടെ വിലാപവും മുരളിയുടെ ഓര്‍മപ്പെടുത്തലും ചരിത്രത്തിന്റെ പ്രതികാരമെന്നു വിലയിരുത്തല്‍

Published

|

Last Updated

കോഴിക്കോട് | കൂടെയുള്ളവര്‍ ഏറെയും ഒറ്റുകാരാണെന്നും ആരെയും അധികം നമ്പരുതെന്നുമുള്ള രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പും ഇതൊക്കെ താന്‍ നേരത്തെ പഠിച്ച പാഠങ്ങളാണെന്ന കെ മുരളീധരന്റെ മറുപടിയും ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിന്റെ കണക്കെടുപ്പാവുന്നു. കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെയും കെ മുരളീധരന്റെയും പരാമര്‍ശങ്ങള്‍.

ഐക്യമുന്നണി കെട്ടിപ്പടുത്ത് കോണ്‍ഗ്രസിന്റെ കരുത്തും പ്രസക്തിയും ഊട്ടിയുറപ്പിക്കാന്‍ പെടാപ്പാടു പെട്ട കെ കരുണാകരനോട് നിര്‍ണായക ഘട്ടത്തില്‍ പ്രധാന ശിഷ്യനായിരുന്ന ചെന്നിത്തല അടക്കമുള്ളവര്‍ ചെയ്തത് എന്തായിരുന്നു എന്ന ചോദ്യം ഇതോടെ വീണ്ടും ഉയര്‍ത്തുകയായിരുന്നു മുരളീധരന്‍. കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്നു കൈപിടിച്ചുയര്‍ത്തിയ കെ കരുണാകരനെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ തകര്‍ക്കാന്‍ നടന്ന ആസൂത്രണങ്ങളും ഒടുവില്‍ കോണ്‍ഗ്രസിനു പുറത്താകുന്നതു വരെയുണ്ടായ അനുഭവങ്ങളും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതായിരുന്നു സുധാകരന്റെ സ്ഥാനാരോഹണച്ചടങ്ങ്. പ്രതാപിയായിരുന്ന കരുണാകരനു ചുറ്റും കുരുക്കുകള്‍ മുറുക്കി ഗ്രൂപ്പുകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയത് 1994 ന്റെ അവസാനങ്ങളിലായിരുന്നു.

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കരുണാകരന് പ്രിയപ്പെട്ട പോലീസുദ്യോഗസ്ഥനായ ഐ ജി. രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരം സംഭവത്തില്‍ സി ബി ഐ വിശദമായി അന്വേഷണം നടത്തി കേരളാ പോലീസും ഐ ബിയും കെട്ടിച്ചമച്ച കള്ളക്കേസാണ് അതെന്നു തെളിയിച്ചു. കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് 104 പുറമുള്ള വിശദമായ റിപ്പോര്‍ട്ട് സി ബി ഐ 1996 ഏപ്രില്‍ 30ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതോടെ കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിന് അവസാനമായി. അതിനും മുമ്പുതന്നെ പാര്‍ട്ടിയില്‍ കരുണാകരനെതിരെ കുരുക്കുകള്‍ മുറുക്കിയിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് മൂത്തപ്പോള്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിയേണ്ടിവന്നു. 1995 മാര്‍ച്ച് 16ന് കരുണാകരന്‍ രാജിവെച്ചു. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് പറന്നെത്തിയ എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

നിയമസഭാ കക്ഷിയിലെ സ്വന്തം അംഗങ്ങള്‍ പോലും കൂറുമാറി മറുപക്ഷത്തു ചേര്‍ന്നു. എല്ലാത്തിനും രഹസ്യമായി ചരടുവലിച്ചത് ഉമ്മന്‍ ചാണ്ടി. 1980 ല്‍ കരുണാകരന്‍ കെട്ടിപ്പടുത്ത മുന്നണിയില്‍ ഉമ്മന്‍ ചാണ്ടി വിള്ളലുണ്ടാക്കി. കെ എം മാണിയേയും പി കെ കുഞ്ഞാലിക്കുട്ടിയേയും കൂട്ടുപിടിച്ച് ഉമ്മന്‍ ചാണ്ടി ഐക്യജനാധിപത്യ മുന്നണിയുടെ ഘടന തന്നെ മാറ്റി. കരുണാകരന്‍ രാജ്യദ്രോഹിയാണെന്ന് അവര്‍ വിധിയെഴുതി. മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് അവര്‍ കെ പി സി സി നിര്‍വാഹക സമിതി യോഗത്തില്‍ ബഹളമുണ്ടാക്കി. നിയമസഭയ്ക്കകത്തും മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷത്തു നിന്നുതന്നെ ശബ്ദമുയര്‍ന്നു. പ്രതിപക്ഷം സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ പിന്താങ്ങാന്‍ പോലും ഭരണപക്ഷത്ത് ആളുണ്ടായി. കരുണാകരനെ നിരന്തരമായി വേട്ടയാടിയവരില്‍ ഏറെയും കരുണാകരന്‍ തന്നെ ഊട്ടി വളര്‍ത്തിയവരായിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശൂന്യതയില്‍ നിന്നു വളര്‍ത്തി വലുതാക്കിയ കരുണാകരന്‍ എല്ലാവര്‍ക്കും ലീഡറായിരുന്നെങ്കിലും ഒടുക്കം എല്ലാവരും കരുണാകരന്റെ രക്തത്തിനുവേണ്ടി ദാഹിച്ചു. പലവഴികളിലൂടെ കരുണാകരനെ കളങ്കപ്പെടുത്തിയും കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി കസേരയില്‍ നിന്നു വലിച്ചു താഴെയിട്ടു. 1967-ലെ ഒമ്പതംഗ നിയമസഭാകക്ഷിയെന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസിനെ വളര്‍ത്തിയെടുത്ത കരുണാകരന്‍ ഒടുക്കം എല്ലാവര്‍ക്കും അനഭിമതനായി.

കാലങ്ങള്‍ക്കു ശേഷം പ്രതിപക്ഷ നേതാവെന്ന പദവിയില്‍ നിന്ന് അപമാനിതനായി പുറത്തായതിനു ശേഷമുള്ള ചെന്നിത്തലയുടെ വിലാപത്തില്‍ കെ കരുണാകരനെന്ന ഗുരുനാഥനോടു ചെയ്തുപോയ പാപത്തിന്റെ ഏറ്റുപറച്ചിലുണ്ടെന്നാണ് കെ മുരളീധരന്റെ പ്രതികരണം വ്യക്തമാക്കിയത്. കൂടെനിന്ന ആരെയും വിശ്വാസമില്ലാതെ, ഉപദേശികളായി പ്രത്യക്ഷപ്പെട്ടവരെല്ലാം കാലുവാരിയ വേദനയോടെ ഇനി ചെന്നിത്തലയുടെ ഭാവി എന്തായിരിക്കുമെന്ന നിര്‍ണായകമായ ചോദ്യത്തിനും സുധാകരന്റെ സ്ഥാനാരോഹണച്ചടങ്ങ് സാക്ഷ്യം വഹിച്ചു.

ഗ്രൂപ്പു പോരിന്റെയും തര്‍ക്കങ്ങളുടെയും ഒത്തുതീര്‍പ്പിന്റെ പേരില്‍ സ്ഥാനങ്ങള്‍ നഷ്ടമായവരെ കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിയുന്ന കോണ്‍ഗ്രസിന്റെ പ്രതാപകാലം അസ്തമിച്ചിരിക്കുന്നു. ഇക്കാലത്ത് തന്റെ നിയമ സഭാ മണ്ഡലത്തില്‍ ഒരു എം എല്‍ എ ആയി കാലം കഴിക്കാനായിരിക്കുമോ ചെന്നിത്തലയുടെ വിധി എന്നതാണു പ്രധാന ചോദ്യം. 1962 ല്‍ കെ പി സി സി അധ്യക്ഷ പദത്തില്‍ നിന്ന് ഒഴിഞ്ഞ സി കെ ഗോവിന്ദന്‍ നായര്‍ക്ക് ഹൈക്കമാന്‍ഡ് ആദ്യം നല്‍കിയത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ സ്ഥാനമായിരുന്നു. 1964 ല്‍ എ ഐ സി സി പ്രവര്‍ത്തക സമിതി അംഗം, രാജ്യസഭാംഗം എന്നീ പദവികള്‍ നല്‍കുന്നതുവരെ താത്ക്കാലികമായി ഇരുത്താന്‍ അന്നു കോണ്‍ഗ്രസിന് ഇത്തരത്തിലുള്ള ധാരാളം പദവികള്‍ ഉണ്ടായിരുന്നു.

1992 ലെ കെ പി സി സി പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ വയലാര്‍ രവിയോട് തോറ്റ ആന്റണിയെ ഉടനെ രാജ്യസഭാ സീറ്റ് നല്‍കി നരസിംഹ റാവു മന്ത്രിസഭയില്‍ അംഗമാക്കി. 1995 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിപദത്തില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ഉടനെ രാജ്യസഭാ സീറ്റ് നല്‍കി റാവു മന്ത്രിസഭയില്‍ മന്ത്രിയാക്കി. അതിനകം റാവു മന്ത്രിസഭയില്‍ നിന്ന് പഞ്ചസാര കുംഭകോണക്കേസിനെ തുടര്‍ന്ന് രാജിവച്ച ആന്റണി കേരളത്തിലേക്ക് മടങ്ങി മുഖ്യമന്ത്രി പദമേറ്റെടുത്തു. കെ മുരളീധരന്‍ എം പി യും കെ പി സി സി യുടെ ഏക വൈസ് പ്രസിഡന്റുമെല്ലാമായതോടെ മകനെ മുന്‍നിര്‍ത്തി കരുണാകരനെതിരെ ശക്തമായ കരുനീക്കമുണ്ടായി. സംസ്ഥാന മന്ത്രിസഭാ അംഗമായ മുരളീധരനെ ഉപ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചും അവര്‍ കരുണാകരനെ തളര്‍ത്താന്‍ നോക്കി. ഒരു കാലത്ത് കിംഗ് മേക്കറായി അറിയപ്പെട്ട കരുണാകരന് ഒടുക്കം കോണ്‍ഗ്രസുമായി തെറ്റിപ്പിരിയേണ്ടി വന്നു. പിന്നീട് മടങ്ങിവന്നെങ്കിലും. മരണം വരെ അദ്ദേഹത്തിന് വലിയ സ്ഥാനങ്ങളൊന്നും കിട്ടിയില്ല.

2004 ലെ ലോക്‌സഭാ തിരഞ്ഞടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് രാജിവച്ച എ കെ ആന്റണിയെ സോണിയാ ഗാന്ധി ഉടന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പിന്നീട് 2006 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന രണ്ട് യു പി എ സര്‍ക്കാറുകളിലും അദ്ദേഹം മന്ത്രിയായി. അന്ന് വിട്ട ആന്റണി പിന്നീട് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയിട്ടില്ല. ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും കേരളത്തിലേക്കുള്ള മടക്കം വിശ്രമത്തിനായിരിക്കുമെന്നും പ്രഖ്യാപിച്ച് അദ്ദേഹം, കരുണാകരനുമായി പോരാടി താന്‍ പടുത്തുയര്‍ത്തിയ ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ കൊടിപ്പടം ഇറക്കിക്കഴിഞ്ഞു.

2016 ലെ നിയമസഭാ തിരഞ്ഞടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റ ഉമ്മന്‍ ചാണ്ടി അന്ന് പ്രതിപക്ഷ നേതാവ് പദവി വേണ്ടെന്നുവച്ച് സ്വയം പിന്‍വാങ്ങി. പിന്നീട് ഹൈക്കമാന്‍ഡ് നല്‍കിയ എ ഐ സി സി സെക്രട്ടറി പദവും ആന്ധ്രാപ്രദേശിന്റെ ചുമതലയും ഏറ്റെടുത്തെങ്കിലും അദ്ദേഹം വിശ്രമത്തിലേക്കു നീങ്ങുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സര്‍വേകളില്‍ ചെന്നിത്തലയേക്കാള്‍ മുഖ്യമന്ത്രി പദത്തിന് പരിഗണിക്കപ്പെട്ടയാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ വീണ്ടും മുന്നണിയിലേക്കു കൊണ്ടുവന്നെങ്കിലും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത് എന്ന് ചെന്നിത്തല തന്നെ സൂചന നല്‍കി.

കേരളത്തില്‍ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ കേന്ദ്രത്തില്‍ സ്ഥാനം നല്‍കി ഇരുത്തുന്ന പരിപാടി ഇനിയും സാധ്യമല്ലാത്ത വിധം കോണ്‍ഗ്രസ് ശോഷിച്ചിരിക്കെ, രമേശ് ചെന്നിത്തലയുടെ ഭാവി കുറേ സന്ദേഹങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അപ്പോഴാണ് പാര്‍ട്ടിയില്‍ ചിരിക്കുന്ന മുഖങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന അദ്ദേഹത്തിന്റെ പ്രതികരണവും കരുണാകരന്റെ മുന്‍കാല അനുഭവങ്ങളും വീണ്ടും ഉയര്‍ന്നു വരുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest