Connect with us

Kerala

കൊവിഡ് വാക്‌സിനേഷന്‍; ഫലപ്രദവും ത്വരിതഗതിയിലുമാക്കുന്നതിന് നിര്‍ദേശങ്ങളുമായി കെ ജി എം ഒ എ

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വാക്സിനേഷന്‍ ഫലപ്രദമായും ത്വരിതഗതിയിലും നടത്തുന്നതിന് നിര്‍ദേശങ്ങളുമായി കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ). നിര്‍ദേശങ്ങളടങ്ങിയ കത്ത് സംഘടന മുഖ്യമന്ത്രിക്ക് അയച്ചു. നിലവില്‍ മൊബൈല്‍/ലാപ്ടോപ്പ് എന്നിവ കൃത്യമായി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ വാക്‌സിനേഷനായി ബുക്ക് ചെയ്യാന്‍ സാധിക്കുന്നുള്ളൂവെന്നും 10 മിനിട്ടിനുള്ളില്‍ തന്നെ ബുക്കിംഗ് തീരുന്നതായും കെ ജി എം ഒ എ വ്യക്തമാക്കുന്നു.
സ്വന്തം പഞ്ചായത്തില്‍ തന്നെ ബുക്ക് ചെയ്യുന്നതിന് വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമേ പറ്റുന്നുള്ളൂ. വാക്‌സിനേഷന് വേണ്ടി മറ്റു പഞ്ചായത്തുകളിലേക്കും ദൂരസ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വരുന്നത് രോഗപ്പകര്‍ച്ചയ്ക്ക് ഇടയാക്കും. രണ്ടാം ഡോസുകാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ബുക്കിംഗ് സാധിക്കുന്നില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

കെ ജി എം ഒ എയുടെ നിര്‍ദേശങ്ങള്‍
• ഓരോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ജനസാന്ദ്രതയും അടിസ്ഥാന സൗകര്യവും അനുസരിച്ചു വാക്‌സിന്‍ ലഭ്യമാക്കുക. ഇത് 80 ശതമാനം സ്പോട്ട് രജിസ്ട്രേഷനായും ബാക്കി 20 ശതമാനം ഓണ്‍ലൈനായും ഷെഡ്യൂള്‍ ചെയ്യണം.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രവാസികള്‍ക്കും വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാത്രമായി നിജപ്പെടുത്തുക.

• ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നതിന് ഗ്രാമ പ്രദേശങ്ങള്‍ക്കും നഗര പ്രദേശങ്ങള്‍ക്കും പ്രത്യേകം സ്ട്രാറ്റജി സ്വീകരിക്കാവുന്നതാണ്

• പഞ്ചായത്ത്, മുനിസിസിപ്പാലിറ്റി: വോട്ടര്‍ പട്ടിക അല്ലെങ്കില്‍ വീട്ടുനമ്പര്‍ ക്രമത്തില്‍ ഓരോ വാര്‍ഡുകളിലെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ സ്വീകരിക്കുന്നത് മറ്റു ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.

• മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മൈക്രോപ്ലാന്‍ തയാറാക്കണം.

• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കി ലഭ്യമാക്കുക. ഇതില്‍ ഉള്‍ക്കൊള്ളാതെ പോയ ആളുകളെ അവരുടെ അപേക്ഷ പ്രകാരമോ അന്വേഷണം നടത്തിയോ ഉള്‍പ്പെടുത്താവുന്നതാണ്. പട്ടിക (excel format) യില്‍ ഇതുവരെ വാക്സീന്‍ എടുത്തവരുടെ വാക്സീന്‍ ഇനം, ഡോസ്, തീയതി എന്നിവ രേഖപ്പെടുത്തി വെക്കുക. വോട്ടര്‍ പട്ടികയില്‍ ഇല്ലാത്ത പ്രദേശവാസികളെ ഈ പട്ടികയില്‍ അനുബന്ധമായി ഉള്‍പ്പെടുത്തണം.

• വാര്‍ഡ് തലത്തില്‍ മുന്‍ഗണനാക്രമം തയാറാക്കുക. പ്രായം, രോഗാവസ്ഥ, സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ(പ്രത്യേകിച്ച് ഒരുമിച്ച് തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍) എന്നിവ ഇതിനായി പരിഗണിക്കണം.

• വീട്ടുനമ്പറിന്റെ ക്രമമനുസരിച്ച് വാക്സീന്‍ ലഭ്യത കൂടി പരിഗണിച്ച് മേല്‍ സൂചിപ്പിച്ച മുന്‍ഗണനാ ക്രമത്തിലോ അല്ലാതെയോ വാക്സീന്‍ നല്‍കാനുള്ളവരെ വാര്‍ഡ്തല ആരോഗ്യസമിതി/RRT നിശ്ചയിച്ച് നല്‍കുക. വീട്ടുനമ്പറിന്റെ ക്രമം എന്നത് ഇഷ്ടക്കാരെ മാത്രം പരിഗണിച്ചു എന്ന ആരോപണം ഒഴിവാക്കുന്നതിനും ഓരോ പ്രദേശം പൂര്‍ണമായി വാക്സിന്‍ എടുത്തു എന്ന് മനസ്സിലാക്കുന്നതിനും സഹായകമാണ്.

• ഓരോ ആശുപത്രികളിലെയും വാക്‌സിനേഷന്‍ സെഷന്‍സ് നടക്കുന്നതിനൊപ്പം തന്നെ മറ്റു സബ് സെന്ററുകളിലും ആഴ്ചയില്‍ അഞ്ച് ദിവസം വീതം രാവിലെ ഒമ്പത്മുതല്‍ രണ്ട് വരെ 50-75 പേര്‍ക്ക് വാക്്‌സിനേഷന്‍ നല്‍കാവുന്നതാണ്. വാക്‌സിനേറ്റര്‍ ആയി jphn ഉും ടാറ്റ എന്‍ട്രി jhi ഉം യും പട്ടിക തയാറാക്കുന്നതിന് വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്താം. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് വാക്‌സാന്‍ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്ത phc /chc യിലും jphn/ jhi ഇല്ലാത്ത സബ് സെന്ററുകളിലും NHM വഴിയോ പഞ്ചായത്തു മുഖേനയോ സന്നദ്ധ പ്രവര്‍ത്തകരെയോ നിയോഗിക്കാം. അടിയന്തര സാഹചര്യങ്ങളില്‍ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം നല്‍കുന്നതിന് പഞ്ചായത്ത് മുന്‍കൈയെടുക്കണം.

• കോര്‍പ്പറേഷന് വോട്ടര്‍ പട്ടികാടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം തന്നെ ഓണ്‍ലൈന്‍ സെഷന്‍സ് സ്റ്റേഡിയം, ഓഡിറ്റോറിയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു ചെയ്യാവുന്നതാണ്. ഫ്‌ളാറ്റുകള്‍ക്കായി റെസിഡന്റ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് NH Mന്റെ വാക്സിനേഷന്‍ മൊബൈല്‍ ടീം ഉപയോഗിച്ച് വാക്‌സിനേഷന്‍ നല്‍കാം.

• എല്ലാ മേജര്‍പ്രൈവറ്റ് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള ചെറുകിട പ്രൈവറ്റ് ആശുപത്രികളിലും സര്‍ക്കാര്‍ തന്നെ വാക്‌സീന്‍ നല്‍കിക്കൊണ്ട് ആശുപത്രികള്‍ക്ക്സര്‍വീസ് ചാര്‍ജ് 100 -150 രൂപ മാത്രം ഈടാക്കി വാക്‌സിനേഷന്‍ നടത്താന്‍ അനുവദിക്കണം. കേന്ദ്ര/സംസ്ഥാന മാര്‍ഗരേഖ അനുസരിച്ചു വാക്‌സീന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

Latest