Connect with us

Editorial

ആരാധനാലയങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണം

Published

|

Last Updated

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായിത്തുടങ്ങിയ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലഘൂകരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ഈ മേഖലകളിലെ തൊഴിലാളികളുടെ ഗതാഗതത്തിനും അനുമതി നല്‍കി. സെക്രട്ടേറിയറ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം ജീവനക്കാരെയും സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ 25 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാനും അനുമതി നല്‍കി. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് ഒത്തുകൂടാം. ബെവ്കോ ഔട്ട്‌ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിപ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

അതേസമയം, ആരാധനാലയങ്ങള്‍ക്ക് ഇപ്പോഴും അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ വിശ്വാസികള്‍ കുറേക്കൂടി കാത്തിരിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മറ്റെല്ലാ മേഖലകള്‍ക്കും ഭാഗികമായെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കിയപ്പോള്‍ ആരാധനാലയങ്ങള്‍ ഇനിയും പൂര്‍ണമായും അടച്ചിടണമെന്ന തീരുമാനത്തിലെ നീതിയും യുക്തിയും മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. ആരാധനാലയങ്ങളില്‍ വിശിഷ്യാ മുസ്‌ലിം ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും അനുസരിച്ചാണ് പ്രാര്‍ഥനക്കെത്തിയിരുന്നതും നിര്‍വഹിച്ചിരുന്നതും. വളരെ ജാഗരൂകരാണ് ഇക്കാര്യത്തില്‍ വിശ്വാസികള്‍. മിക്ക പള്ളികളിലും പ്രാര്‍ഥനക്കെത്തുന്നവര്‍ക്കു നില്‍ക്കാന്‍ ഒരു മീറ്റര്‍ അകലത്തില്‍ പ്രത്യേക ഇടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കൈയും മുഖവും ഉള്‍പ്പെടെ വൃത്തിയായി കഴുകിയ ശേഷമാണ് പള്ളികളില്‍ കയറുന്നത്. പള്ളികളില്‍ നിന്ന് കൊവിഡ് രോഗം വ്യാപിച്ചതായി ഇതുവരെ പരാതി ഉയര്‍ന്നിട്ടുമില്ല. എന്നിട്ടും കൊവിഡ് ഇളവുകളില്‍ നിന്ന് പള്ളികളെയും ഇതര ആരാധനാലയങ്ങളെയും ഒഴിവാക്കിയതില്‍ വിശ്വാസികള്‍ അസംതൃപ്തരും നിരാശരുമാണ്. മാസങ്ങളായി ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കുന്നതു മൂലം കടുത്ത മനോവിഷമം അനുഭവിക്കുകയാണ് വിശ്വാസി സമൂഹം.

ആരാധനാലയങ്ങളിലെ സമൂഹ പ്രാര്‍ഥന വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്നതും ഏറെ പുണ്യകരവുമാണ്. മാത്രമല്ല, കൊവിഡ് മൂലം അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സംഘര്‍ഷങ്ങളും ലഘൂകരിക്കാനും അതേറെ സഹായകമാണ്. നാടിന്റെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് മാസങ്ങളായി വിശ്വാസികള്‍ ആരാധനകള്‍ക്ക് പള്ളികളില്‍ വരാതെ വീടുകളില്‍ നിര്‍വഹിച്ചു വന്നത്. രോഗ വ്യാപനം കുറെയൊക്കെ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ പ്രദേശങ്ങളിലെങ്കിലും ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതാണ്. സംസ്ഥാനത്ത് ആയിരങ്ങളെ ഉള്‍ക്കൊള്ളാവുന്നതും നൂറുകണക്കിനു പേര്‍ക്ക് പങ്കെടുക്കാവുന്നതുമായ പള്ളികളുണ്ട്. ഇവയില്‍ ഒരു നിശ്ചിത ശതമാനം ആളുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ എന്താണ് കുഴപ്പം? രോഗവ്യാപനം പരമാവധി നിയന്ത്രിക്കുകയും ആരോഗ്യ സംവിധാനത്തിനുള്‍ക്കൊള്ളാവുന്ന പരിധിക്ക് താഴെ നിര്‍ത്തുകയുമാണ് ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിച്ചിട്ടുണ്ട് വിശ്വാസി സമൂഹം. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനക്കു അനുമതി നല്‍കുന്നത് കൊവിഡ് പ്രതിരോധത്തെ ഒരു തരത്തിലും ബാധിക്കാനിടയില്ല. എല്ലാ മേഖലയും പതിവു രീതിയിലേക്ക് വരുമ്പോള്‍ ആരാധനാലയങ്ങളെ ഒഴിച്ചു നിര്‍ത്തുന്നതിലെ പൊരുത്തക്കേടും അസാംഗത്യവും മനസ്സിലാക്കി സര്‍ക്കാര്‍ ഉടനടി ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിനു തയ്യാറാകുകയും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്യേണ്ടതാണ്.

അതേസമയം, ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അധികൃതര്‍ക്കൊപ്പം പൗരന്മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുകള്‍ ലഭിക്കുമ്പോള്‍ അവ ദുരുപയോഗം ചെയ്യാനുള്ള ത്വര സ്വാഭാവികമാണ്. ജനസാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുന്ന കേരളത്തില്‍ ഇളവുകളുടെ ദുരുപയോഗം കൂടുതല്‍ ആഘാതങ്ങള്‍ക്കിടയാക്കും. കൊവിഡ് രണ്ടാം ഘട്ടം കേരളത്തില്‍ രൂക്ഷമായത് കൊവിഡ് ഒന്നാം ഘട്ടം നിയന്ത്രണ വിധേയമായപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളുടെ ദുരുപയോഗംകൊണ്ട് കൂടിയായിരുന്നു. ലോക്ക്ഡൗണ്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കൊവിഡ് വ്യാപനത്തിനിടയാക്കുന്ന വിധത്തിലുള്ള പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ഉണ്ടാകാതിരിക്കാന്‍ ഓരോ വ്യക്തിയും ശ്രദ്ധിക്കണം. രോഗനിയന്ത്രണവും വ്യാപനം തടയലും കേവലം സര്‍ക്കാറിന്റെ ഉത്തരവാദിത്വമല്ല, പൗരന്മാരുടേത് കൂടിയാണ്. തനിക്കോ കുടുബാംഗങ്ങള്‍ക്കോ രോഗം പിടിപെട്ടാല്‍ അതിന്റെ ആഘാതവും കെടുതികളും അനുഭവിക്കേണ്ടത് താനും കുടുംബവുമാണെന്ന ബോധം ഓരോരുത്തര്‍ക്കും വേണം. ഇത് ഉള്‍ക്കൊണ്ടായിരിക്കണം കൊവിഡ് മഹാമാരി സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും തുടച്ചു മാറ്റപ്പെടുന്നത് വരെ ഓരോ വ്യക്തിയുടെയും പ്രവര്‍ത്തനവും സാമൂഹിക മേഖലകളിലെ ഇടപെടലുകളും. നേരത്തേ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയ ദിവസങ്ങളിലെല്ലാം കടകളിലും പൊതുചടങ്ങുകളിലും ആളുകള്‍ കൊവിഡ് പ്രോട്ടോകോളെല്ലാം ലംഘിച്ച് കൂട്ടംകൂടുന്ന സ്ഥിതിവിശേഷമാണ് കണ്ടുവന്നത്. രണ്ടാം ഘട്ടം ഇപ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. ചില പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഒരു ചെറിയ അശ്രദ്ധയോ നിയന്ത്രണ ലംഘനമോ മതി അത് മറ്റു പ്രദേശങ്ങള്‍ക്കും ഭീഷണി ഉയര്‍ത്താന്‍. ഏറെ താമസിയാതെ കൊവിഡ് മൂന്നാം തരംഗത്തിന്റെ വരവ് പ്രതീക്ഷിക്കേണ്ടതുണ്ടെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പും ഇതോടൊപ്പം ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്.

Latest