Connect with us

Kerala

മുഖ്യ ശത്രു, ഗ്രൂപ്പിസം, സംഘടനാ ദൗര്‍ബല്യം...; സുധാകരന് മുന്നില്‍ നിരവധി ചോദ്യങ്ങള്‍

Published

|

Last Updated

കോഴിക്കോട് | കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേല്‍ക്കുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. സംഘടനക്കു പകരം ഗ്രൂപ്പുകള്‍ കൈയ്യടക്കിയ കേരളത്തിലെ പാര്‍ട്ടിയെ സുധാകരന്‍ എങ്ങിനെ രക്ഷിച്ചെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തി ചോര്‍ത്തിയത് ആശയ പരമായ അടിത്തറ തകര്‍ന്നതും സംഘടനാ പരമായ ദൗര്‍ബല്യവുമായിരുന്നു. സംഘടനാ പരമായ ദൗര്‍ബല്യങ്ങള്‍ക്കു പരിഹാരം കാണുന്നതുപോലെ തന്നെ പ്രധാനമാണ് ആശയാടിത്തറ ശക്തമാക്കലും. എന്നാല്‍, ബി ജെ പി മുഖ്യശത്രുവല്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന സുധാകരന്റെ നിലപാട് പാര്‍ട്ടിയെ എവിടെ എത്തിക്കുമെന്ന ചോദ്യം കൂടി ഉയരുന്നുണ്ട്. കോണ്‍ഗ്രസ്സിനേയും യു ഡി എഫിനേയും വിശ്വസിച്ചു കൂടെ നില്‍ക്കുന്ന ന്യൂനപക്ഷങ്ങള്‍ അടക്കം മനനിരപേക്ഷ സമൂഹം പ്രതീക്ഷിക്കുന്ന രാഷ്ട്രീയ ശബ്ദമായി സുധാകരന് മാറുമോ എന്നതാണ് മുഖ്യം.

സി പി എം ആണു മുഖ്യശത്രു എന്നു പ്രഖ്യാപിക്കുമ്പോഴും ബി ജെ പിക്കെതിരെ മൃദു സമീപനം എന്ന നിലപാടാണു അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസ്സിന്റെ എക്കാലത്തേയും ദൗര്‍ബല്യമായ മൃദുഹിന്ദുത്വമെന്ന അവസ്ഥയിലേക്കായിരിക്കും ഈ പോക്കെന്ന ആശങ്കകള്‍ക്ക് ഇത് വഴിവെക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബി ജെ പിയുടെ വര്‍ഗീയ ഭീഷണിയാണെന്ന വാദം ശക്തമായി ഉയര്‍ത്തിയാണ് സിപിഎം മുന്നോട്ടുപോകുന്നത്. ബിജെപി മുഖ്യശത്രുവല്ല എന്ന നിലയിലുള്ള സുധാകരന്റെ പ്രസ്താവനകള്‍ ഈ സാഹചര്യത്തില്‍ കൂടി വിലയിരുത്തപ്പെടേണ്ടതാണ്.

പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പെന്ന ജനാധിപത്യ പ്രക്രിയ അസ്തമിച്ചതിന്റെ ഫലമായാണ് ഗ്രൂപ്പുകള്‍ അധികാര കേന്ദ്രങ്ങളായത്. മെമ്പര്‍ഷിപ്പും കീഴ് തലം മുതലുള്ള തിരഞ്ഞെടുപ്പും നടത്താതെ ഗ്രൂപ്പ് ആധിപത്യം അവസാനിപ്പിക്കാനാവില്ല. ഇതിനുള്ള നീക്കം എത്രകണ്ടു വിജയിക്കുമെന്ന സുപ്രധാന ചോദ്യമാണ് സുധാകരന്‍ അഭിമുഖീകരിക്കേണ്ടിവരിക. രണ്ടു ഗ്രൂപ്പുകള്‍ക്ക് കീഴില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെയും നേതാക്കളെയും അതില്‍നിന്ന് പുറത്തെത്തിക്കുകയാണ് ആദ്യ വെല്ലുവിളി.

ജംബോ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം പുതുതായി വരുന്ന കമ്മിറ്റികളും നോമിനേഷനെ അടിസ്ഥാനമാക്കിയാവുമ്പോള്‍ അസംതൃപ്തരുടെ ഒളിയുദ്ധങ്ങളില്‍ മുന്‍ പ്രസിഡന്റുമാര്‍ കാലിടറിയ അനുഭവമായിരിക്കും സുധാകരനേയും കാത്തിരിക്കുന്നത്. നോമിനേഷനും നിയമനവുമാണ് നേതാക്കളെ നിര്‍ണയിക്കുന്നതെങ്കില്‍ ഏറെ വൈകാതെ സുധാകരനും ഒരു ഗ്രൂപ്പിന്റെ നേതാവായി ഉയര്‍ത്തപ്പെടും എന്നാണു വിലയിരുത്തപ്പെടുന്നത്.

ഹൈക്കമാന്റിന്റെ അപ്രതീക്ഷിത നീക്കങ്ങളില്‍ പതറിയ എ ഐ ഗ്രൂപ്പുകള്‍ ഇപ്പോള്‍ മൗനം പാലിക്കുകയും സുധാകരന് പൂച്ചെണ്ട് അര്‍പ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സുധാകരന്റെ ശക്തിയും ദൗര്‍ബല്യങ്ങളും വ്യക്തമായി അറിയാവുന്ന ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സന്ദര്‍ഭത്തിന് അനുസരിച്ച് അടവുകള്‍ രൂപപ്പെടുത്താന്‍ കാത്തിരിക്കുകയാണ്. ഗ്രൂപ്പില്ലാത്ത വി എം സുധീരനേയും മുല്ലപ്പള്ളിയേയും പൂട്ടിയ പൂട്ട് ഗ്രൂപ്പുകളുടെ കൈയ്യില്‍ ഉണ്ട്. സുധാകരനെ എപ്പോള്‍ എങ്ങിനെ പ്രകോപിപ്പിക്കാമെന്ന് കൃത്യമായി അറിവുള്ള ഗ്രൂപ്പ് മാനേജര്‍മാര്‍ ഏതു സമയത്തും നീക്കങ്ങള്‍ ശക്തമാക്കിയേക്കാം.

പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ല എന്ന ആരോപണം ശക്തമാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ശക്തിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കെ എസ് യു വിദ്യാര്‍ഥികള്‍ക്കിടയില്‍ ദുര്‍ബലമായി. വിദ്യാര്‍ഥിനിരയെ ശക്തിപ്പെടുത്താന്‍ സുധാകരന് എന്ത് ചെയ്യാനാകുമെന്നത് പ്രധാനമാണ്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ പാര്‍ട്ടിയെ അടിത്തട്ടില്‍ കെട്ടിപ്പടുക്കുക എന്നതായിരിക്കും സുധാകരന്റെ ലക്ഷ്യമെന്നു കരുതുന്നു. രാഹുല്‍ ഗാന്ധിയുടെ പിന്തുണയുള്ളതിനാല്‍ സ്വന്തം ശൈലിയിലൂടെ അദ്ദേഹത്തിനു മുന്നോട്ടു പോകാനും കഴിയും. സെമി കേഡര്‍ പാര്‍ട്ടിയെന്ന വലിയ ലക്ഷ്യം നേടാന്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ തന്ത്രം എന്നതാണ് കേരളം ഉറ്റു നോക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest