International
ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം

ജറുസലേം | വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ഗാസ് മുനമ്പില്‍ ഹമാസ് കേന്ദ്രങ്ങലെ ലക്ഷ്യംവെച്ചാണ് ആക്രമണമുണ്ടായത്. ഗാസയില്‍ നിന്ന് ബലൂണ്‍ ബോംബ് ആക്രമണമുണ്ടായതായും ഇതിനുള്ള തിരിച്ചടി നല്‍കുക മാത്രമാണുണ്ടായതെന്നും ഇസ്‌റാഈല്‍ പ്രതികരിച്ചു. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെയ് 21ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ രാത്രിയുണ്ടായത്.
കഴിഞ്ഞ മെയില്‍ നടന്ന 11 ദിവസത്തെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 66 കുട്ടികള്‍ അടക്കം 256 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഫലസ്തീന്‍ റോക്കറ്റാക്രമണത്തില്‍ 12 ഇസ്‌റാഈലികളും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തുകയായിരുന്നു.
ഇതിനിടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം ഇസ്‌റാഈലില്‍ അവസാനിച്ചു. തീവ്രവലതുപക്ഷ ചിന്തയുള്ള തഫ്താലി ബെനറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ഇതിന് ശേഷമുണ്ടായ ഇസ്‌റാഈലി വ്യോമാക്രമണം വലിയ ആശങ്കയാണ് പശ്ചിമേഷ്യയില്‍ സൃഷ്ടിക്കുന്നത്.