Fact Check
#FACTCHECK: ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കൂടിക്കാഴ്ചക്കിടെ മോദിക്ക് ചായയുണ്ടാക്കി കൊടുത്തോ?

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രി അജിത് പവാറും അടങ്ങുന്ന പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത് ഈയടുത്താണ്. ഇതിനിടെ താക്കറെയും മോദിയും പ്രത്യേകമായി ചര്‍ച്ച നടത്തിയത് വലിയ വാര്‍ത്തയുമായി. കൂടിക്കാഴ്ചക്കിടെ ശിവസേനാ നേതാവും ബി ജെ പിയുടെ കടുത്ത വിമര്‍ശകനുമായ സഞ്ജയ് റാവത്ത് എം പി മോദിക്ക് ചായയുണ്ടാക്കി കൊടുത്തുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:
അവകാശവാദം: വി എച്ച് പി എം ഡി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന പോസ്റ്റ് ഇങ്ങനെ: 24 മണിക്കൂറും ചായക്കച്ചവടക്കാരനെ ലക്ഷ്യം വെച്ച് സംസാരിക്കുന്നയാള്‍ ഇന്ന് അതേ ചായക്കച്ചവടക്കാരന് ചായയുണ്ടാക്കി നല്‍കുന്നു. മോദിയും താക്കറെയും അജിത് പവാറും സംസാരിക്കുന്നതിനിടെ, ടീപോയിയില്‍ വെച്ച് സഞ്ജയ് റാവത്ത് ചായയുണ്ടാക്കുന്ന ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
യാഥാര്‍ഥ്യം: വിവിധ മാധ്യമങ്ങളില്‍ വന്ന ജൂണ്‍ എട്ടിന് നടന്ന കൂടിക്കാഴ്ചയുടെ ഫോട്ടോയില്‍ എവിടെയും സഞ്ജയ് റാവത്ത് എം പിയില്ല. അതേസമയം, പ്രചരിക്കുന്ന ഫോട്ടോയിലെ റാവത്തിന്റെ ഭാഗം 2020 മാര്‍ച്ചില്‍ എടുത്ത മറ്റൊരു ഫോട്ടോയില്‍ നിന്ന് എടുത്തതാണ്. റാവത്ത് ഹാര്‍മോണിയം വായിക്കുന്ന ഫോട്ടോയില്‍ കൃത്രിമം ചെയ്താണ് പ്രചരിപ്പിക്കുന്നത്. റാവത്തിന്റെ മകള്‍ പൂര്‍വാശി റാവത്ത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം.