Connect with us

Ongoing News

പോപ്പുലറിന് പിന്നാലെ തറയിൽ ഫിനാൻസും; നൂറ് കോടിയുടെ തട്ടിപ്പ്

Published

|

Last Updated

പത്തനംതിട്ട | നിക്ഷേപകരെ വഞ്ചിച്ച് ഉടമകൾ മുങ്ങിയ തറയിൽ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി നൂറ് കോടി രൂപയിൽ അധികമെന്ന് പ്രാഥമിക നിഗമനം. പത്തനംതിട്ട കേന്ദ്രമാക്കി രജിസ്റ്റർ ചെയ്ത തറയിൽ ഫിനാൻസിന് മൂന്ന് ശാഖകൾ കൂടിയുണ്ട്. ലഭിച്ച പരാതികൾ പ്രകാരം 49 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. പത്തനംതിട്ടയിൽ നിന്ന് മുപ്പത് കോടിയും ഓമല്ലൂരിൽ നിന്ന് 13 കോടിയും അടൂരിൽ നിന്ന് ആറ് കോടിയും തട്ടിയെടുത്തിട്ടുണ്ട്. 14 കേസ് രജിസ്റ്റർ ചെയ്തു. അമ്പതോളം പരാതികൾ വേറെയും എത്തിയിട്ടുണ്ട്. അടൂർ സ്റ്റേഷനിൽ പത്തും പത്തനംതിട്ടയിൽ നാലും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസം ഓമല്ലൂരിലെ ശാഖയിൽ പോലീസ് പരിശോധന നടത്തി. മാനേജരെ വിളിച്ചുവരുത്തി സ്ഥാപനം തുറന്ന് ലൈസൻസും നിക്ഷേപത്തിന് നൽകിയ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളുമാണ് പരിശോധിച്ചത്. പത്തനംതിട്ട ഹെഡ് ഓഫീസിൽ വരും ദിനങ്ങളിൽ പരിശോധന ഉണ്ടാകും. ഇനിയുള്ള പരാതികളിൽ കൂടി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ തട്ടിപ്പ് നൂറ് കോടിക്ക് മുകളിൽ എത്തുമെന്നാണ് കരുതുന്നത്.

ഓമല്ലൂർ സ്വദേശിയായ സജി സാം ആണ് സ്ഥാപന ഉടമ. പരാതി നൽകരുതെന്നും തനിക്കുള്ള രണ്ട് വസ്തുക്കൾ വിറ്റുകിട്ടിയാലുടൻ മുതലെങ്കിലും തന്നുതീർക്കാമെന്നുമായിരുന്നു ഉടമ നിക്ഷേപകരെ അറിയിച്ചിരുന്നത്. ഇതിനിടയിൽ സജി സാം ആരുമറിയാതെ വസ്തു വിറ്റുകിട്ടിയ പണവുമായി നാടുവിട്ടതായാണ് സൂചന. സജിയും കുടുംബവും അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് പോയെന്നും പറയപ്പെടുന്നു.

കോന്നി വകയാർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസിന്റെ തകർച്ചക്ക് പിന്നാലെയാണ് തറയിൽ ഫിനാൻസും പ്രതിസന്ധിയിലായത്. നിക്ഷേപകരിൽ നിന്ന് 12 ശതമാനം പലിശക്ക് സ്വീകരിച്ച കോടികൾ സജി സാം 14 ശതമാനം പലിശക്ക് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിരുന്നു. പോപ്പുലർ ഉടമകളുടെ അടുത്ത ബന്ധു കൂടിയാണ് സജി സാം. പത്തനംതിട്ട രജിസ്‌ട്രേഡ് ഓഫീസിന് പുറമേ ഓമല്ലൂർ, അടൂർ, പത്തനാപുരം എന്നിവിടങ്ങളിൽ തറയിൽ ഫിനാൻസിന് ശാഖകളുണ്ട്. 1991ൽ സ്വർണ പണയവുമായി ആരംഭിച്ച തറയിൽ ഫിനാൻസ് പിന്നീട് നോൺ ബേങ്കിംഗ് സ്ഥാപനമായി രജിസ്റ്റർ ചെയ്ത് നിക്ഷേപം സ്വീകരിക്കുകയായിരുന്നു. തട്ടിപ്പിന് പോപ്പുലർ ഫിനാൻസ് ഉപയോഗിച്ച അതേ തന്ത്രമാണ് സജിയും സ്വീകരിച്ചത്.
നിക്ഷേപകർക്ക് നൽകിയിരുന്ന സർട്ടിഫിക്കറ്റ് എൽ എൽ പി ആയിരുന്നുവെന്നാണ് അറിയുന്നത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ആയതിനാൽ നിക്ഷേപകർ ഷെയർ ഹോൾഡർമാരായി മാറും. കമ്പനിക്ക് നഷ്ടം സംഭവിച്ചാൽ അത് ഷെയർ ഹോൾഡർമാർ സഹിക്കേണ്ടി വരും.

ഓമല്ലൂരിലുള്ള വസ്തുവകകൾ വിറ്റ ശേഷം പണം മടക്കി നൽകാമെന്നാണ് നിക്ഷേപകരോട് പറഞ്ഞിരുന്നത്. അതുകൊണ്ടാണ് രണ്ട് മാസം മുമ്പ് പരാതി നൽകിയവർ പോലും കേസെടുക്കുന്നത് സാവകാശത്തിൽ മതിയെന്ന് പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞിരുന്നത്.

Latest