Connect with us

National

ഇന്ധന വില വര്‍ധന ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്; ഒടുവില്‍ സമ്മതിച്ച് കേന്ദ്ര മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് പ്രയാസകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എന്നാല്‍, വില കുറയ്ക്കാന്‍ കഴിയില്ലെന്നും ഇതില്‍ നിന്നുകിട്ടുന്ന വരുമാനം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കരുതി വെക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. വര്‍ഷം 35,000 കോടി രൂപയാണ് കൊവിഡ് വാക്‌സീനായി ചെലവഴിക്കുന്നതെന്നും ഈ സാഹചര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മെയ് നാലില്‍ തുടങ്ങി 23 തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. രാജ്യത്തെ ചില നഗരങ്ങളില്‍ പെട്രോള്‍ വില 100 രൂപയിലെത്തിയിട്ടുണ്ട്.

ദരിദ്രര്‍ക്ക് എട്ട് മാസം ഭക്ഷ്യധാന്യം നല്‍കുന്നതിനായി പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ ഒരുലക്ഷം കോടി രൂപയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി അനുവദിച്ചിട്ടുള്ളത്. പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതിയില്‍ കോടികളാണ് കര്‍ഷകരുടെ ബേങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇതെല്ലാം ഈ വര്‍ഷമാണ് നല്‍കിയതെന്നും പ്രധാന്‍ പറഞ്ഞു. ഇന്ധന വില വര്‍ധനയില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രധാന്‍ പ്രതികരിച്ചു. വിഷയത്തില്‍ രാഹുലിന് ആശങ്കയുണ്ടെങ്കില്‍ ഭരണത്തില്‍ കോണ്‍ഗ്രസ് പങ്കാളിയായ രാജസ്ഥാനിലും മഹാരാഷ്ട്രയിലും വില കുറയ്ക്കാന്‍ അവിടുത്തെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടാന്‍ അദ്ദേഹം തയാറാകണമെന്ന് മന്ത്രി പറഞ്ഞു.