Connect with us

Book Review

യുദ്ധക്കെടുതികളുടെ 'കറുത്ത ചോര'

Published

|

Last Updated

തോക്കും പീരങ്കിയും യുദ്ധഭൂമിയിൽ സൃഷ്ടിക്കുന്ന ചോരപ്പുഴകൾക്കിടയിൽ തെളിനീരുറവയായി ഒഴുകുന്ന സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അപൂർവചിത്രം വരച്ചുചേർക്കുന്ന “രാത്രിയിൽ ചോരക്കെല്ലാം കറുപ്പ് നിറം” (At Night All Blood is Black) എന്ന നോവലിനാണ് ഈ വർഷത്തെ ഇന്റർനാഷണൽ മാൻ ബുക്കർ പുരസ്‌കാരം. ഡേവിഡ് ഡയോപ് എന്ന ഫ്രഞ്ച് എഴുത്തുകാരന്റെ ഈ അനുപമരചന സമ്മോഹനവും അതേസമയം വായനക്കാരെ ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് ജൂറിയുടെ വിലയിരുത്തൽ. യു എസിലെ അറിയപ്പെടുന്ന കവിയും നോവലിസ്റ്റും വിവർത്തകയുമായ അന്ന മൊസ്കോവാകിസ് ആണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചത്.

ഓരോ വർഷവും ഇന്റർനാഷനൽ മാൻ ബുക്കർ പുരസ്‌കാരം നൽകുന്നത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി, യു കെയിൽ പ്രസിദ്ധീകരിച്ച ലോകഭാഷകളിലെ ഏറ്റവും മികച്ച നോവലിനാണ്. പുരസ്കാരത്തുക അന്പതിനായിരം പൗണ്ട് എഴുത്തുകാരനും വിവർത്തകനും തുല്യമായി വീതിക്കുകയാണ് പതിവ്. പുരസ്‌കാരങ്ങളുടെ ചരിത്രത്തിൽ മാൻ ബുക്കർ മാത്രമാണ് എഴുത്തുകാരനൊപ്പം പുരസ്‌കാരത്തിന് വിവർത്തകനെയും പരിഗണിക്കുന്നത്.
ഫ്രഞ്ച് എഴുത്തുകാരിൽ ഈ പുരസ്‌കാരം ആദ്യമായി നേടുന്ന ഡേവിഡ് ഡയോപ് ആ രാജ്യത്തെ അറിയപ്പെടുന്ന നോവലിസ്റ്റാണ്. 1966ൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് ഫ്രഞ്ചുകാരിയും പിതാവ് സെനഗൽ പൗരനുമായിരുന്നു. ബാല്യകാലം സെനഗലിൽ ചെലവഴിച്ചതിനു ശേഷം ഡയോപ്പ് കുടുംബത്തോടൊപ്പം ഫ്രാൻസിലേക്ക് വരികയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യം എന്ന വിഷയത്തിൽ സോർബൺ സർവകലാശാലയിൽനിന്നും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ഇപ്പോൾ പോ (Paw) സർവകലാശാലയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.

2018 ആഗസ്റ്റിലാണ് At Night All Blood Is Black പ്രസിദ്ധീകരിച്ചത്. ഒന്നാം ലോക മഹായുദ്ധവും കോളനിവത്‌കരണവും ആഫ്രിക്കൻ ഗ്രാമങ്ങളിലെ ഗോത്രവർഗ ജീവിതങ്ങൾക്കുമേൽ ഏൽപ്പിച്ച ആഘാതങ്ങളുടെ നേർച്ചിത്രങ്ങൾക്കൊപ്പം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഹൃദയസ്പർശിയായ നിരവധി രംഗങ്ങളുടെ സമ്മിശ്രമായ ചേരുവകൾ കൊണ്ടാണ് ഡേവിഡ് ഡയോപ് ഈ നോവൽ രചിച്ചത്. കേന്ദ്ര കഥാപാത്രമായ ആൽഫാ ന്ദിയെ ഒരു സെനഗൽ ഭടനാണ്. യുദ്ധക്കളത്തിൽ ഫ്രാൻസിനുവേണ്ടി വീറോടെ പൊരുതുന്നു ഈ ചെറുപ്പക്കാരൻ അതേ റെജിമെന്റിലെ പട്ടാളക്കാരനും തന്റെ ആത്മമിത്രവുമായ മദേംബ ഡയോപിന് യുദ്ധക്കളത്തിൽ വെച്ച് അതീവ മാരകമായി മുറിവേറ്റത് കാണുമ്പോൾ തളർന്നുപോകുന്നു. പ്രാണവേദന സഹിക്കാനാകാതെ, തന്നെ ഒന്നു കൊന്നു തരാൻ അൽഫയോട് അപേക്ഷിക്കുന്ന മദേംബ അൽഫയുടെ ഹൃദയം പിളർക്കുന്നു. സുഹൃത്തിനെ കൊല്ലാൻ അവനു കഴിയുന്നില്ല. അവസാനം കൊടുംവേദന സഹിച്ചു മദേംബ മരണത്തിനു കീഴടങ്ങിയപ്പോൾ അതുണ്ടാക്കിയ ആഘാതം അൽഫയെ കൊണ്ടെത്തിച്ചത് ഉന്മാദത്തിന്റെയും ക്രൂരതയുടെയും ഒരു വല്ലാത്ത മനോ നിലയിലേക്കാണ്.

ശത്രുപക്ഷമായ ജർമൻ സൈന്യത്തോടുള്ള തീരാപ്പകമൂലം ഓരോ രാത്രിയും യുദ്ധം കഴിഞ്ഞു വരുമ്പോൾ അവന്റെ കൈയിൽ ശത്രു സൈന്യത്തിലെ ഏതെങ്കിലുമൊരു ഭടന്റെ അറുത്തെടുത്ത, കടും ചോര ഇറ്റിറ്റുവീഴുന്ന കൈപ്പത്തിയുമുണ്ടാകും. അതു കാണുന്പോൾ ആദ്യമാദ്യം അവനെ അഭിനന്ദിച്ച സഹപ്രവർത്തകർ ക്രമേണ അവന്റെ ഉന്മാദാവസ്ഥ കണ്ട് ഭയചകിതരാകുകയും ക്രൂരനായ ദുർമന്ത്രവാദിയെന്ന് അവനെ മുദ്രകുത്തുകയും ചെയ്യുന്നു… യുദ്ധം സൃഷ്ടിക്കുന്ന തീരാക്കെടുതികൾ ഒരാളുടെ മാനസിക നിലയെ എത്ര ക്രൂരമായാണ് തകർത്തെറിയുന്നതെന്ന് ഈ നോവൽ സത്യസന്ധമായി കാണിച്ചുതരുന്നു. അതേസമയം, യുദ്ധഭൂമിയിലെ രക്തരൂഷിതമായ അന്തരീക്ഷത്തിൽനിന്നും വായനക്കാരെ നായകൻ തന്റെ കുട്ടിക്കാലം ചെലവഴിച്ച സെനഗലിലെ പ്രശാന്ത സുന്ദരമായ ഗ്രാമീണാന്തരീക്ഷത്തിലേക്കും അവിടുത്തെ നൈസർഗികവും നിഷ്കളങ്കവുമായ ഗോത്രജീവിതത്തിലേക്കും കൂട്ടിക്കൊണ്ടുപോകുമ്പോൾ അതവർക്ക് നൽകുന്നത് അസാധാരണമാംവിധം പുതുമ നിറഞ്ഞ ഒരു വായനാനുഭവമാണ്. സെനഗലിന്റെ ശാന്തിയിൽനിന്ന് യുദ്ധഭൂമിയുടെ അശാന്തിയിലേക്കും തിരിച്ചുമുള്ള കഥയുടെ ഗതിവിഗതികൾ തികഞ്ഞ പക്വതയോടെത്തന്നെ ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്‌ കാണാം. യുദ്ധഭൂമിയുടെ കിടങ്ങുകളിൽ കൂലംകുത്തിയൊഴുകുന്ന മനുഷ്യരക്തത്തിന്റെയും ചിതറിത്തെറിക്കുന്ന മനുഷ്യ മാംസത്തിന്റെയും മനസ്സുപിടയ്ക്കുന്ന കാഴ്ചകൾക്കുള്ളിൽത്തന്നെ അഗാധമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രകടമായ മുദ്രകളെയും ഇതിൽ അനിതരസാധാരണമായ പാടവത്തോടെ നോവലിസ്റ്റ് അടുക്കിവെച്ചിരിക്കുന്നു.

ഫ്രാൻസിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതികളിലൊന്നായ പ്രിക്‌സ് ഹോങ്കോർ പുരസ്‌കാരം നേടിയ ഈ നോവൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇംഗ്ലീഷ് വായനാലോകത്തും ശ്രദ്ധനേടുകയുണ്ടായി. ഇപ്പോഴത്തെ ഈ പുരസ്‌കാരലബ്ധി നിരവധി ലോക ഭാഷകളിലേക്കുള്ള ഇതിന്റെ പ്രവേശനത്തിന് വഴിതുറന്നിട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അധികം വൈകാതെ ഈ “കറുത്ത ചോര” മലയാളികളുടെ പുസ്തക അലമാരകളിലും സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിക്കാം.

---- facebook comment plugin here -----

Latest