Connect with us

Kerala

പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കി നാടിന്റെ പുരോഗതി സാധ്യമാക്കണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മലപ്പുറം | നാടിന്റെ പുരോഗതി സാധ്യമാകണമെങ്കില്‍ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം കൂടിയേതീരൂവെന്നും അതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി. ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്തുതകളും എന്ന വിഷയത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി മീഡിയാ മിഷന്‍ യൂട്യൂബ് ചാനലില്‍ നടത്തിയ വെര്‍ച്വല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് പലപ്പോഴും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് വ്യത്യസ്ത കമ്മീഷനുകള്‍ കണ്ടെത്തിയതാണ്. പല പരിഹാര നിര്‍ദേശങ്ങളും മുന്നോട്ട്വെച്ചതുമാണ്. അവ മുസ്ലിംകള്‍ക്ക് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ വേഗത്തിലാവണം. ഇത് കേവലം ഒരു മത സമൂഹമെന്ന നിലയില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ നീതി നടപ്പിലാക്കുന്നതിന്റെ ഭാഗമാണ്. സമുദായങ്ങള്‍ തമ്മില്‍ പരസ്പര സൗഹാര്‍ദ്ദവും സഹകരണവും ഭദ്രമാക്കിക്കൊണ്ട് തന്നെ ഇത് സാധ്യമാണ്. ഭരണഘടനാപരമായ നിര്‍ദേശങ്ങളെ സാമുദായിക സ്പര്‍ദ്ധക്ക് മാര്‍ഗമാക്കുന്നതിന് അസരമൊരുക്കാതിരിക്കുകയും തെറ്റായ വാര്‍ത്തകള്‍ പടച്ച് സ്പര്‍ദ്ധയും വിടവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: എ .പി.അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം വിഷയാവതരണം നടത്തി. പിന്നാക്ക വിദ്യാര്‍ത്ഥി യുവ തലമുറയെ സംവരണത്തിന്റെ രക്ഷാകവചമൊരുക്കി അധികാര പങ്കാളിത്തമുറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം കൃഷിയിലും മറ്റ് തൊഴില്‍ പരിശീലനങ്ങളിലും വ്യാപൃതരാക്കാന്‍ പ്രചോദിപ്പിക്കുകയും വേണം. വിദ്യാഭ്യാസ പുരോഗതിയിലുടെ വളര്‍ച്ച കൈവരിക്കാനും മെറിറ്റിലൂടെ തന്നെ ഭരണ ഉദ്യോഗ മേഖലകളില്‍ പ്രവേശനം നേടാനുമുള്ള ആത്മവിശ്വാസം ലഭ്യമാക്കണം. ഇതിനായി പലിശ രഹിത ബാങ്കിംഗ് സംവിധാനം സ്ഥാപിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ന്യൂനപക്ഷ പുരോഗതിക്കായി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം മുസ്ലിം ലീഗു ഉള്‍ക്കൊള്ളുമെന്ന് തുടര്‍ന്ന് പ്രസംഗിച്ച കുറുക്കോളി മൊയ്തീന്‍ എം എല്‍ എ പറഞ്ഞു. പിന്നാക്ക മുസ്ലിംങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതികള്‍ നൂറ് ശതമാനവും അവര്‍ക്ക് തന്നെ ലഭ്യമാക്കാനാവശ്യമായ ഇടപെടല്‍ വേണമെന്ന് കോണ്‍ഗ്രസ് പ്രതിനിധി ഇഫ്ത്തിക്കറുദ്ധീന്‍ പറഞ്ഞു.

ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായ സമുദായത്തിന്റെ വളര്‍ച്ചക്ക് അധികാരത്തിലിരുന്നവരുടെ അശ്രദ്ധ കനത്ത തിരിച്ചടിയായെന്നും ഇത് മറികടക്കാനാവശ്യമായ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണമെന്നും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എ.പി.അബ്ദുല്‍ വഹാബും പറഞ്ഞു.

നരേന്ദ്രന്‍ കമ്മീഷന്‍, സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ വെള്ളം ചേര്‍ക്കാതെ നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ടിയ പാര്‍ട്ടികളും സാമുദായിക സംഘടനകളുടെയും യോജിച്ച മുന്നേറ്റമാണ് വേണ്ടതെന്നും വിഭവ അവസര വിതരണം ജനസംഖ്യാനുപാതികമായി നടപ്പിലാക്കണമെന്നും മോഡറേറ്റായ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

കെ.കെ.എസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പി.എം. മുസ്തഫ കോഡൂര്‍ സ്വാഗതവും കെ.പി. ജമാല്‍ നന്ദിയും പറഞ്ഞു.

Latest