Connect with us

Kerala

കുഴല്‍പണവും തിരഞ്ഞെടുപ്പ് ഫണ്ടും; ബി ജെ പിക്കായി മത്സരിച്ച പ്രമുഖര്‍ ആശങ്കയില്‍

Published

|

Last Updated

കോഴിക്കോട് | കുഴല്‍പ്പണ ഇടപാട് ബി ജെ പിയില്‍ ചേരി തിരിവിനു കാരണമായിരിക്കെ പാര്‍ട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങിയ പ്രമുഖര്‍ ആശങ്കയില്‍. തിരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലങ്ങളില്‍ വിതരണം ചെയ്തതിലെ അസന്തുലിതാവസ്ഥ സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെയാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കു ലഭിച്ച പണത്തെക്കുറിച്ചു പ്രതികരിക്കേണ്ട സ്ഥിതിയുണ്ടായത്.

ബി ജെ പി സ്ഥാനാര്‍ഥികളായ പ്രമുഖര്‍ക്ക് കുഴല്‍പ്പണം ഇടപാടില്‍ എത്ര കിട്ടിയെന്ന് അവര്‍ വ്യക്തമാക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതോടെ പ്രശ്നം പൊതുസമൂഹത്തില്‍ ചര്‍ച്ചയായി. പൊതു സമൂഹം ബഹുമാനിക്കുന്ന മെട്രോമാന്‍ ഇ ശ്രീധരന്‍, മുന്‍ ഡി ജി പി ജേക്കബ് തോമസ്, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം, അല്‍ഫോണ്‍സ് കണ്ണന്താനം, നടന്‍മാരായ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ തുടങ്ങിയവരുടെയെല്ലാം പ്രതിച്ഛായയെ ആരോപണങ്ങള്‍ ബാധിച്ചിരിക്കുകയാണ്.

ഓരോ മണ്ഡലത്തിലും ബി ജെ പി കോടികള്‍ ഒഴുക്കിയെന്ന വിവരമാണ് കുഴല്‍പ്പണ ആരോപണത്തോടൊപ്പം പുറത്തുവന്നത്. എ ക്ലാസ് മണ്ഡലത്തില്‍ അഞ്ചു കോടി, മറ്റിടത്ത് മൂന്നു കോടി എന്നിങ്ങനെ വിതരണം ചെയ്തു എന്നാണു വിവരം. പ്രമുഖര്‍ മത്സരിച്ച മണ്ഡലങ്ങളിലും ഇത്തരത്തില്‍ പണം എത്തിയിട്ടുണ്ടെങ്കില്‍ അത് ആരാണ് കൈപ്പറ്റിയത്, എങ്ങനെ ചെലവഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

പോലീസിന് ഇതിനകം ലഭിച്ച വിവരങ്ങള്‍ പ്രകാരം കേരളത്തില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നര കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കൂടുതല്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ സ്ഥാനാര്‍ഥികള്‍ക്ക് കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ കഴിയാതെ വരും. പണം എങ്ങനെ വന്നു, അതിന്റെ ഉറവിടം ഏത്, കേരളത്തിലെയും കേന്ദ്രത്തിലെയും ഏതൊക്കെ ബി ജെ പി നേതാക്കള്‍ക്ക് ഇതുമായി ബന്ധമുണ്ട് മുതലായ കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.

ജനപ്രാതിനിധ്യനിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാതെയാണ് ബി ജെ പി കേരളത്തില്‍ പണമൊഴുക്കിയതെന്നാണ് ആരോപണം. സി കെ ജാനുവിനും കെ സുരേന്ദ്രക്കും പണം നല്‍കിയതായി ആരോപണം ഉയര്‍ന്നതോടെ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടന്നതായും ആക്ഷേപമുണ്ട്. 35 മണ്ഡലത്തില്‍ വിജയിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചതും ഈ പണമൊഴുക്കിന്റെ കരുത്തില്‍ ആയിരുന്നു എന്നാണു കരുതുന്നത്. പ്രമുഖര്‍ പലരും കൂടുതല്‍ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത് എന്നതിനാല്‍ കള്ളപ്പണത്തോടുള്ള ഇവരുടെ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്.

“അഴിമതിമുക്ത ഭാരതം” എന്ന മുദ്രാവാക്യത്തില്‍ അകൃഷ്ടരായി ബി ജെ പിയില്‍ എത്തിയവരാണ് പ്രമുഖരില്‍ ഏറെയും. രാജ്യത്ത് കള്ളപ്പണത്തിനെതിരെ പോരാടുന്നതായി പ്രതിച്ഛായ സൃഷ്ടിച്ച ബി ജെ പി തിരഞ്ഞെടുപ്പില്‍ ഏതു പണമാണ് വിനിയോഗിച്ചത് എന്നു വ്യക്തമാക്കാനുള്ള ബാധ്യതയും ഇപ്പോള്‍ ഈ പ്രമുഖരില്‍ വന്നു ചേരുകയാണ്.

2019-20 വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച കണക്കു പ്രകാരം കോര്‍പറേറ്റുകള്‍, വ്യക്തികള്‍, ഇലക്ടറല്‍ ബോണ്ടുകള്‍ എന്നീ ഉറവിടങ്ങളില്‍നിന്ന് ബി ജെ പിക്ക് ലഭിച്ച സംഭാവന 785 കോടി രൂപയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്ന വഴിവിട്ട സഹായത്തിനുള്ള പ്രതിഫലം പണമായി സ്വീകരിക്കുന്ന രീതിയാണ് തെരഞ്ഞെടുപ്പ് ബോണ്ട് എന്ന ആരോപണം ശക്തമാണ്. ഇതനുസരിച്ച് കോര്‍പറേറ്റുകള്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന നല്‍കുന്ന പണം എത്രയെന്നു വെളിപ്പെടുത്തേണ്ടതില്ല.

ഇലക്ടറല്‍ ബോണ്ട് വഴി കോര്‍പറേറ്റുകള്‍ നല്‍കുന്ന പണത്തിന്റെ 90 ശതമാനവും ബി ജെ പിക്കാണ്. തെരഞ്ഞെടുപ്പ് കമീഷന്റേയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും എതിര്‍പ്പിനെ മറികടന്നു നടപ്പാക്കിയ തെരഞ്ഞെടുപ്പ് ബോണ്ടിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കാത്ത പ്രമുഖര്‍ സ്ഥാനാര്‍ഥിത്വത്തോടെ അഴിയാക്കുരുക്കിലാണു പെട്ടിരിക്കുന്നത്.

Latest