Connect with us

Editorial

വാക്‌സീന്‍ നയംമാറ്റം സ്വാഗതാര്‍ഹം

Published

|

Last Updated

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദങ്ങളുടെയും സുപ്രീം കോടതിയുടെ ഇടപെടലിന്റെയും ഫലമാണെങ്കിലും വാക്‌സീന്‍ നയത്തില്‍ കേന്ദ്രം വരുത്തിയ മാറ്റം സ്വാഗതാര്‍ഹമാണ്. തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് ജൂണ്‍ 21ന് ശേഷം 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കുട്ടികളിലുള്ള വാക്‌സീന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. വാക്‌സീന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാറിനു കീഴിലായിരിക്കുമെന്നും മോദി വ്യക്തമാക്കി. വാക്‌സീന്‍ നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സീനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങള്‍ക്കുള്ള 25 ശതമാനം ഉള്‍പ്പെടെയാണിത്. അതിനുള്ള മാര്‍ഗരേഖ രണ്ടാഴ്ചക്കുള്ളില്‍ പുറത്തിറക്കും. 25 ശതമാനം വാക്‌സീന്‍ സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. എന്നാല്‍ ഡോസിന് പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഈടാക്കാവൂ. സൗജന്യ വാക്‌സീന്‍ പദ്ധതിക്ക് 50,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിനാവശ്യമുള്ള പണം കൈവശമുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം ഇന്നലെ വ്യക്തമാക്കി.

പതിനെട്ടിനും നാല്‍പ്പത്തഞ്ചിനും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സീന്‍ സംസ്ഥാനങ്ങള്‍ കമ്പനികള്‍ പറയുന്ന വിലക്ക് നേരിട്ടുവാങ്ങി കുത്തിവെക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ മുന്‍നിലപാട്. കൊവിഡിന്റെ രണ്ടാം വരവ് രാജ്യത്ത് സര്‍വനാശം വിതക്കുമ്പോള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ഭാരവും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കെട്ടിയേല്‍പ്പിക്കുകയായിരുന്നു കേന്ദ്രം. ഇതിനെതിരെ വ്യാപകമായ വിമര്‍ശമുയര്‍ന്നു. യുവസമൂഹത്തിന് സൗജന്യ വാക്‌സീന്‍ നിഷേധിക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ജൂണ്‍ രണ്ടിന് സുപ്രീം കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ബജറ്റില്‍ വാക്‌സീനു വേണ്ടി നീക്കിവെച്ച 35,000 കോടി രൂപ പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനുമിടയില്‍ പ്രായമുള്ളവര്‍ക്കുള്ള കുത്തിവെപ്പിനായി നീക്കിവെച്ചുകൂടേയെന്നും കോടതി ചോദിച്ചു. സര്‍ക്കാറിന്റെ വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്രം വാദിച്ചുനോക്കിയെങ്കിലും പൗരന്മാരുടെ അവകാശത്തിലും സ്വാതന്ത്ര്യത്തിലും കടന്നുകയറിയാല്‍ കോടതിക്കു മൂകസാക്ഷിയായിരിക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെ പ്രതികരണം.

കൊവിഡ് വിഷയത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു കോടതിയുടെ ഈ അസാധാരണവും ധീരവുമായ ഇടപെടല്‍. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും മാധ്യമങ്ങളും ഈ വിഷയത്തില്‍ മോദി സര്‍ക്കാറിനെ ചോദ്യം ചെയ്തിരുന്നു. 18 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സീന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പല തവണ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ യോജിച്ച നീക്കത്തിനായി ബിജെ പി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രായവ്യത്യാസമില്ലാതെ വാക്‌സീന്‍ സൗജന്യമായി നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ നയംമാറ്റത്തില്‍ ഇതെല്ലാം സ്വാധീനം ചെലുത്തിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ആരോഗ്യമുള്ള ജനത രാജ്യത്തിന്റെ കരുത്താണ്. വാക്‌സീനേഷന്‍ ആരോഗ്യ പരിപാലനത്തിന്റെ ഒരു മുഖ്യഘടകവും. മാരക രോഗങ്ങളെ ചെറുക്കാന്‍ മനുഷ്യ ശരീരങ്ങളെ പ്രാപ്തമാക്കുന്നതാണ് വാക്‌സീനേഷന്‍. ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവന്നതിലും ആയുര്‍ദൈര്‍ഘ്യം ഗണ്യമായി വര്‍ധിച്ചതിലും വാക്‌സീനേഷനു വലിയ പങ്കുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങളെ പിടിച്ചു കെട്ടിയതിലും വാക്‌സീനേഷന്റെ പങ്ക് നിര്‍ണായകമാണ്. ഏറെക്കുറെ രാഷ്ട്രങ്ങളും കുട്ടികള്‍ക്കുള്ള വാക്‌സീനേഷന്‍ മുതല്‍ എല്ലാ തരം രോഗപ്രതിരോധ സംവിധാനങ്ങളും സൗജന്യമായാണ് നല്‍കി വരുന്നത്. ഇക്കാര്യത്തില്‍ പ്രായ വ്യത്യാസമില്ല.

സിംഗപ്പൂര്‍ പോലുള്ള ചില രാജ്യങ്ങള്‍ 12 വയസ്സ് മുതല്‍ കൊവിഡ് വാക്‌സീന്‍ സൗജന്യമായി നല്‍കിവരുന്നു. ഇന്ത്യയും സൗജന്യ വാക്‌സീന്‍ നയം തന്നെയായിരുന്നു തുടര്‍ന്നു വന്നിരുന്നത്. ഒന്നര മാസം മുമ്പ് കൊവിഡ് വാക്‌സീനേഷന്റെ കാര്യത്തിലാണ് ഈ നയം അട്ടിമറിക്കപ്പെട്ടത്. രാജ്യം ഒരു കടുത്ത ആരോഗ്യ പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ അത് സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ച് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയല്ല ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രഭരണകൂടം ചെയ്യേണ്ടത്. മറിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിലയുറപ്പിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം. ഒപ്പം സാമ്പത്തിക സഹായവും നല്‍കണം.
18 വയസ്സ് മുതല്‍ കൊവിഡ് വാക്‌സീനേഷന്റെ ഉത്തരവാദിത്വം കേന്ദ്രം ഏറ്റെടുക്കുന്നതോടൊപ്പം അതെത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. പ്രതിദിന രോഗബാധ ഒരു ലക്ഷത്തിനു താഴേക്ക് ഇറങ്ങിയിട്ടുണ്ടെങ്കിലം കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായി തുടരുകയാണ്. മൂന്നാം തരംഗവും നാലാം തരംഗവുമെല്ലാം കരുതിയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വാക്‌സീനേഷന്‍ വിതരണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭ്യമാകില്ല.

രാജ്യത്ത് നിലവില്‍ വാക്‌സീന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ശേഷി നോക്കുമ്പോള്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കും. വാക്‌സീന്‍ ഉത്പാദനത്തിന് രാജ്യത്തിനകത്തു തന്നെ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുകയോ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയോ ചെയ്‌തെങ്കില്‍ മാത്രമേ വേഗത്തില്‍ ലക്ഷ്യം നേടാനാകുകയുള്ളൂ. ഇതോടൊപ്പം പ്രധാനമന്ത്രി ഉണര്‍ത്തിയതു പ്രകാരം, കൊറോണ പോലെ അദൃശ്യനായ ഒരു ഭീകര ശത്രുവിനെ പ്രതിരോധിക്കുന്നതില്‍ വാക്‌സീനുകളേക്കാളും മരുന്നുകളേക്കാളും മികച്ച ആയുധം കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുകയാണെന്ന കാര്യം ജനങ്ങള്‍ സദാ ഓര്‍ത്തിരിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും ഓരോ വ്യക്തിയും കുറേകാലത്തേക്കെങ്കിലും ഒരു നിര്‍ബന്ധിത ജീവിത ചര്യയായി സ്വീകരിക്കേണ്ടതുണ്ട്.

Latest