Connect with us

Kerala

കുഴല്‍പ്പണ വിവാദങ്ങള്‍ക്കിടെ കെ സുരേന്ദ്രനെ ദേശീയ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊടകര കുഴല്‍പ്പണ വിവാദത്തില്‍ പാര്‍ട്ടി രൂക്ഷപ്രതിസന്ധി നേരിടവെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിന് കെ സുന്ദരക്ക് പണം നല്‍കിയെന്നതടക്കമുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫണ്ട് ചിലവഴിച്ചത് സംബന്ധിച്ച ക്രമക്കേടുകളും ചര്‍ച്ചയായിരുന്നു. നാളെ ആഭ്യന്തര മന്ത്രി അമിത്ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരെ സുരേന്ദ്രന്‍ കാണുമെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് ബിജെപി നേരിട്ട തിരഞ്ഞെടുപ്പ് പരാജയവും കുഴല്‍പണ ഇടപാടും സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ സുരേന്ദ്രനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്. അതേ സമയം കേന്ദ്രത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സംസ്ഥാന നേതൃത്വത്തില്‍ തുടരാനാകും സുരേന്ദ്രന്റെ ശ്രമം.

അതേസമയം മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കൈക്കൂലി നല്‍കിയെന്ന കേസില്‍ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

Latest