Connect with us

Editorial

ആരോഗ്യ മേഖലക്ക് ഊന്നല്‍

Published

|

Last Updated

കൊവിഡ് പ്രതിരോധമുള്‍പ്പെടെ ആരോഗ്യ രംഗത്തിന് ഊന്നല്‍ നല്‍കുന്നതാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. ജനുവരിയില്‍ തോമസ് ഐസക്ക് അവതരിപ്പിച്ചതിന്റെ തുടര്‍ച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു ഇന്നലത്തെ ബജറ്റ്. കൊവിഡ് വെല്ലുവിളി നേരിടുന്നതിന് 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിക്കുന്ന ബജറ്റ് ആരോഗ്യ അടിയന്തരാവസ്ഥയുടെ അതിജീവനത്തിന് 2,800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ടു പണം കൈയിലെത്തിക്കുന്നതിന് 8,900 കോടി രൂപയും വകയിരുത്തുന്നു. സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സീനേഷന്‍, 150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ്, വാക്‌സീന്‍ ഗവേഷണ കേന്ദ്രം, എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് തുടങ്ങിയവയാണ് ആരോഗ്യ മേഖലയിലെ മറ്റു വാഗ്ദാനങ്ങള്‍.
കൊവിഡ് മഹാമാരി സമൂഹത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സംവിധാനം സാര്‍വത്രികമാക്കിയിരിക്കെ, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും പ്രാമുഖ്യം നല്‍കുന്നു ബജറ്റ്. പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം, കുട്ടികള്‍ക്ക് രണ്ട് ലക്ഷം ലാപ്ടോപ്പുകള്‍ നല്‍കാനുള്ള കെ എസ് എഫ് ഇയുടെ പ്രത്യേക പദ്ധതി സമയബന്ധിതമായി നടപ്പാക്കല്‍, വിദ്യാര്‍ഥികളുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കാനും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംവിധാനം, വിര്‍ച്വല്‍ റിയാലിറ്റി, കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് തുടങ്ങിയവയാണ് ഈ രംഗത്തെ പദ്ധതികള്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മീഷനെയും വിദ്യാഭ്യാസ മേഖലയുടെ പുനഃസംഘടനക്കാവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഉന്നതാധികാര സമിതിയെയും നിയമിക്കും.

സംസ്ഥാനം നേരിടുന്ന അസാധാരണ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ ബജറ്റില്‍ നികുതി നിര്‍ദേശങ്ങളോ സര്‍ചാര്‍ജോ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പുതിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നില്ല കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ നികുതി വര്‍ധനവ് അനിവാര്യമാണെങ്കിലും കൊവിഡ് ലോക്ക്ഡൗണില്‍ എല്ലാ മേഖലയും അടഞ്ഞുകിടക്കുമ്പോള്‍ ജനങ്ങള്‍ക്ക് നികുതി നല്‍കാന്‍ കഴിയില്ലെന്നു കണ്ടറിഞ്ഞാണ് നികുതിഭാരം ഒഴിവാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. 1.33 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്രയും സമാഹരിക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. ജി എസ് ടി കുടിശ്ശിക 4,077 കോടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെങ്കിലും ജി എസ് ടി വിഹിതമോ മറ്റു നിയമപരമായി ലഭിക്കേണ്ട പണമോ കേന്ദ്രത്തില്‍ നിന്ന് ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയുമില്ല. കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണം കണ്ടെത്താന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാര്‍ഷിക മേഖലയെ ആധുനികവത്കരിക്കുന്നത് ഉള്‍പ്പെടെ കാര്‍ഷിക മേഖലക്ക് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും, കൊവിഡാനന്തര കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ കാര്‍ഷിക മേഖലക്കുള്ള പങ്ക് കണക്കിലെടുത്ത് കൂടുതല്‍ കാര്‍ഷികോത്തേജന പദ്ധതികള്‍ ആവശ്യമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. മഹാമാരി തകര്‍ത്ത മേഖലകളില്‍ ഏറ്റവും വേഗം പുനര്‍ജീവനം നേടാനാവുക കൃഷിക്കാണ്. ടൂറിസവും ട്രാവലും റിയല്‍ എസ്റ്റേറ്റുമെല്ലാം പഴയ നിലയിലേക്ക് തിരിച്ചു വരണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. അതേസമയം കാര്‍ഷിക മേഖലയിലെ മുതല്‍ മുടക്കിന്റെ ഫലം അധികം താമസിയാതെ അനുഭവിക്കാനാകും. ഈ മേഖലയില്‍ കൂടുതല്‍ സാമ്പത്തിക സഹായങ്ങളും, കൊവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ടവരെയും തിരിച്ചെത്തിയ പ്രവാസികളെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ മികച്ച പദ്ധതികളും ആവശ്യമാണ്. 14.32 ലക്ഷം പ്രവാസികള്‍ കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങള്‍ കാണുന്നില്ല.

മഹാ പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് സംസ്ഥാനത്ത് മഹാമാരി കടന്നു വരുന്നത്. ഇത് സംസ്ഥാനത്തെ സാമ്പത്തിക, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടവും വ്യാവസായിക- വ്യാപാര, ടൂറിസ മേഖലകളുടെ സ്തംഭനവും നമ്മുടെ വികസന സ്വപ്‌നങ്ങളെ തകിടം മറിച്ചു. ടൂറിസം, സമുദ്രോത്പന്ന കയറ്റുമതി, സ്ഥല-വാഹന രജിസ്‌ട്രേഷന്‍, വില്‍പ്പന, വിനോദ നികുതികള്‍ എന്നിവയാണ് സംസ്ഥാനത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സുകള്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 3.82 ശതമാനവും പൊതു വരുമാനത്തില്‍ 18.77 ശതമാനവും ഇടിവ് സംഭവിച്ചതായി ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കുകയുണ്ടായി. പ്രവാസ വരുമാനമാണ് സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തെ പിടിച്ചു നില്‍ക്കാന്‍ സഹായിച്ച മറ്റൊരു ഘടകം. അതും ഏറെക്കുറെ നിലച്ചു. അത്യന്തം ശ്രമകരമായിരിക്കും ഈ സാഹചര്യത്തില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ ഇനിയുള്ള അഞ്ച് വര്‍ഷത്തെ മുന്നോട്ടുള്ള ഗമനം. ഭരണപരമായ ചെലവ് ഗണ്യമായി കുറക്കുകയാണ് ഇതിനൊരു പരിഹരം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ പദ്ധതി വിഹിതം വെട്ടിച്ചുരുക്കുകയല്ലാതെ ഭരണച്ചെലവ് നിയന്ത്രിക്കാനുള്ള ആര്‍ജവം ഒരു സര്‍ക്കാറും പ്രകടിപ്പിക്കാറില്ല. സംസ്ഥാനത്തെ വരുമാന വളര്‍ച്ചാ നിരക്കുകള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് മാറിയിട്ടും സര്‍ക്കാറിന്റെ ചെലവുകള്‍ക്ക് ഒരു കുറവും ഉണ്ടായില്ലെന്ന് ധനമന്ത്രി തന്നെ കുറ്റസമ്മതം നടത്തുന്നു. വികസനം നിലച്ചാലും ഭരണ രംഗത്തെ ധൂര്‍ത്ത് അവസാനിപ്പിക്കില്ലെന്ന നിലപാട് എക്‌സിക്യൂട്ടീവും ബ്യൂറോക്രസിയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

Latest