Connect with us

Kerala

തീര സംരക്ഷണത്തിന് മുന്തിയ പരിഗണന; തീരദേശവാസികള്‍ക്ക് ആശ്വാസമേകി ബജറ്റ്

Published

|

Last Updated

തൃശൂര്‍ | സംസ്ഥാന സര്‍ക്കാരിന്റെ 2021-22 ബജറ്റില്‍തീരസംരക്ഷണത്തിനും വാക്‌സിനേഷനും പ്രഥമ പരിഗണന നല്‍കിയതോടെ തീരദേശ മണ്ഡലങ്ങള്‍ക്ക് ആശ്വാസം. കടല്‍ഭിത്തി തകര്‍ന്ന് പോയ സ്ഥലങ്ങളിലും കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലും നൂതന മാര്‍ഗമായ ടെട്രോപോഡുകളും ഡയഫ്രം മതിലുകളും ഉപയോഗിച്ച് തീരസംരക്ഷണം സാധ്യമാക്കുന്ന പദ്ധതിക്ക് 5300 കോടി രൂപയാണ് ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന തീരപ്രദേശങ്ങള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ ബജറ്റ്.

കിഫ്ബിയില്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതികളില്‍ തീരദേശ ഹൈവേ ഉള്‍പ്പെടുത്തിയത് തീരദേശ മണ്ഡലമായ കയ്പമംഗലത്തിന് വലിയ പ്രയോജനം ചെയ്യും. ഏഴ് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന അഴീക്കോട് മുതല്‍ ചാമക്കാല വരെയുള്ള റോഡിന്റെ സാക്ഷാത്കാരം മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. അഴീക്കോട് മുനക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച് ശ്രദ്ധേയമായതും വിപുലമായതുമായ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തുക മുഴുവന്‍ മുസിരിസ് പൈതൃക പദ്ധതിയിലൂടെ അനുവദിക്കും.

50 മീറ്റര്‍ കടലിനോട് ചേര്‍ന്ന് ദൂരപരിധിയില്‍ താമസിക്കുന്നതും “പുനര്‍ഗേഹ”ത്തില്‍ ഉള്‍പ്പെടാത്തതുമായ മുഴുവന്‍ ആളുകള്‍ക്കും വീടും സ്ഥലവും വാങ്ങുന്നതിന് പത്ത് ലക്ഷം രൂപയും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കയര്‍ഭൂവസ്ത്രം വിരിച്ച വലിയതോട് പെരുംതോട് സംരക്ഷണത്തിനായിഒന്നര കോടി രൂപയാണ് വകമാറ്റിയിരിക്കുന്നത്.മതിലകം അഗ്രോ സെന്ററിന്റെ സമഗ്ര വികസനത്തിനായി ആവശ്യമായ മുഴുവന്‍ തുകയും അനുവദിച്ചത് കാര്‍ഷികരംഗത്ത് നിയോജകമണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

നാട്ടുകാരനും മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുമായിരുന്ന ബഹദൂറിന്റെ ബഹുമാനാര്‍ത്ഥം ബഹദൂര്‍ സ്മാരക സിനിമ തിയ്യറ്റര്‍ അഴീക്കോട് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ നിര്‍മിക്കുന്നതിന് രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തീരപ്രദേശത്തെ കായിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന കാര മൈതാനം സ്‌റ്റേഡിയമാക്കി മാറ്റുന്നതിന് ഒന്നര കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കെട്ടിടം വിപുലീകരണത്തിനായി രണ്ട് കോടി, തീരദേശ മേഖലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായകയ്പമംഗലംവഞ്ചിപ്പുരയില്‍ മത്സ്യ സംസ്‌കരണ വിപണന കേന്ദ്രം സ്ഥാപിക്കുന്നതിന് 3 കോടി, എടവിലങ്ങ് പഞ്ചായത്തില്‍ ചുറ്റുമതിലോട് കൂടിയ ആധുനിക ക്രിമിറ്റോറിയത്തിന് ഒന്നര കോടി, മൂന്നുപീടിക സുജിത്ത് റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിലാക്കുന്നതിന് രണ്ട് കോടി, തഴപ്പായ വ്യവസായത്തെ കൈ പിടിച്ചുയര്‍ത്തുന്നതിന് വേണ്ടി എടവിലങ്ങ് കൈതോല കൃഷി വ്യാപനത്തിനും ആധുനികവല്‍ക്കരണത്തിനുമായ്50 ലക്ഷം രൂപ, മതിലകം രജിസ്ട്രാര്‍ ഓഫീസ് അറ്റകുറ്റപണികള്‍ക്കായി ഒരു കോടി,മതിലകം ഗ്രാമ പഞ്ചായത്ത് സ്റ്റോഡിയത്തിന് ഒരു കോടി, എടത്തിരുത്തി ഐടിഐയ്ക്ക് പുതിയ കെട്ടിട നിര്‍മാണത്തിനായി ഒന്നര കോടി, അഴീക്കോട് ഹാര്‍ബറില്‍ആധുനിക രീതിയില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് 50 ലക്ഷം, ശ്രീനാരായണപുരം പി വെമ്പല്ലൂര്‍ കമ്പനിക്കടവ് ഫിഷ്‌ലാന്റിംഗ് സെന്റര്‍സ്ഥാപിക്കുന്നതിന് രണ്ട് കോടി, മൂന്നുപീടികയില്‍മത്സ്യ വിപണന മാര്‍ക്കറ്റും ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിട സമുച്ചയത്തിനുമായി ഏഴ് കോടി, കെ എസ് ചാത്തുണ്ണി മെമ്മോറിയല്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയവും എക്‌സിബിഷന്‍ സെന്ററും സ്ഥാപിക്കുന്നതിന് രണ്ട് കോടി, എടത്തിരുത്തി മുരുകന്‍ റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിലാക്കുന്നതിനും കാന നിര്‍മ്മാണത്തിനുമായി രണ്ട് കോടി, ശ്രീനാരായണപുരം പതിയാശ്ശേരി പാലം വാട്ടര്‍ ടാങ്ക് റോഡിന് മൂന്ന് കോടി എന്നിങ്ങനെ തീരദേശവാസികള്‍ക്കും പ്രവാസികള്‍ക്കും ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

---- facebook comment plugin here -----

Latest