Connect with us

Education

സംസ്ഥാനത്ത് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് ഉറപ്പുവരുത്തും: വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡിജിറ്റല്‍ ക്ലാസ് വഴി പരമാവധി കുട്ടികള്‍ക്ക് വിദ്യാഭ്യാസമെത്തിക്കാന്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ സാധിച്ചിട്ടുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമായത്. എം എല്‍ എമാരും പഞ്ചായത്തും മാനേജ്മെന്റുമെല്ലാം ഇതിനു പിന്നില്‍ സജീവമായി പ്രവര്‍ത്തിച്ചു.റോജി എം ജോണ്‍, പി കെ ബഷീര്‍, മോന്‍സ് ജോസഫ്, മാണി സി കാപ്പന്‍, അനൂപ് ജേക്കബ് എന്നിവരുടെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അവധി ദിവസം പോലും പലയിടത്തും ഡിജിറ്റല്‍ ക്ലാസുകള്‍ നടത്തി. 2020 ജൂണ്‍ ഒന്ന് മുതല്‍ രണ്ട് ആഴ്ച ട്രയല്‍ ആയി തന്നെ ഡിജിറ്റല്‍ ക്ലാസ് നടത്തി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് ഉറപ്പാക്കാന്‍ ഇതിലൂടെ സാധിച്ചു. ഇത്തവണ 15 ദിവസം ട്രയല്‍ നടത്തിയ ശേഷമാണ് ക്ലാസ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്നവരെ കണ്ടെത്താന്‍ ഒരു സര്‍വേ നടത്തിയിരുന്നു. ആകെയുള്ള 40 ലക്ഷം വിദ്യാര്‍ഥികളില്‍ 2.6 ലക്ഷം പേര്‍ക്ക് സൗകര്യം കുറവാണെന്ന് ഇതിലൂടെ കണ്ടെത്തി.

ഓരോ കുട്ടിക്കും ഡിജിറ്റല്‍ ക്ലാസ് ഉറപ്പാക്കുന്നതിന് വേണ്ടി വിവിധ സമിതികള്‍ പരിശ്രമിച്ചു. സ്‌കൂള്‍ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ എ ഇ ഒ, ഡി ഇ ഒ, എ ഡി തലത്തിലോ അവിടെ പരിഹരിക്കാനായില്ലെങ്കില്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വഴി പരിഹരിക്കാനും ശ്രമം നടന്നുവരികയാണ്. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നതിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കുമെന്നും ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ കുറവ് കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു

മൊബൈല്‍ ഫോണ്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ഫോണും ടെലിവിഷന്‍ ഇല്ലാത്തവര്‍ക്ക് ടെലിവിഷനും മറ്റും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞു. ഡിജിറ്റല്‍ സൗകര്യം ഇല്ലാത്തവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് സൗകര്യങ്ങളില്ലെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പരിശോധിച്ച കോടതി സംതൃപ്തി പ്രകടിപ്പിക്കുകയും ഡിജിറ്റല്‍ ക്ലാസിന് അനുമതി നല്‍കുകയുമായിരുന്നു.

Latest